എന്‍.പി.ആര്‍: സെന്‍സസുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിന്റെ പശ്ചാതലത്തില്‍ എന്‍.ആര്‍.സിക്ക് മുന്നോടിയായുള്ള എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയുള്ള സെന്‍സസ് സ്വീകാര്യമല്ലെന്ന് മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം വ്യക്തമാക്കി. സെന്‍സസ് എന്‍.പി.ആറിന് ഉപയോഗിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പു ലഭിക്കാതെ സെന്‍സസുമായി മുന്നോട്ടു പോകരുതെന്ന് സംസ്ഥാന സര്‍ക്കാറിനോട് യോഗം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 16ന് വിളിച്ച സര്‍വ്വ കക്ഷിയോഗത്തിന് മുന്നോടിയായി വിവിധ രാഷ്ട്രീയ സംഘടനകളുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തി വിഷയം ധരിപ്പിക്കും. സമാന മനസ്‌കരുമായി യോജിച്ച് പ്രതിരോധം തീര്‍ക്കും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങളിലും പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡല്‍ഹിയില്‍ പൊലിസിനെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി മുസ്‌ലിം വംശഹത്യക്ക് ശ്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇരകള്‍ നീതി ലഭ്യമാക്കണം. നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കണം. ഇത്തരം കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കണം. മേഖലയില്‍ വിവിധ സംഘടനകളുടെ പുനരധിവാസ സഹായ പദ്ധതികള്‍ യോജിച്ചു നടപ്പാക്കും.
ഇക്കാര്യത്തില്‍ യോജിച്ച കര്‍മ പദ്ധതി രൂപീകരിക്കാനും ഭാവി കാര്യങ്ങള്‍ ആലോചിക്കാനും 12ന് ഡല്‍ഹിയില്‍ മുസ്്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം ചേരും. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ വ്യക്തികളും സംഘടനകളും പാലിക്കണം. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണത്തിന് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, കെ മോയിന്‍കുട്ടി മാസ്റ്റര്‍(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ),പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, എം.സി മായിന്‍ഹാജി (മുസ്‌ലിം ലീഗ്), എന്‍. അലി അബ്ദുല്ല, സൈതലവി മാസ്റ്റര്‍ ചെങ്ങര(കാന്തപുരം വിഭാഗം), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈന്‍ മടവൂര്‍, എ മുഹമ്മദ്കുട്ടി മദനി (കെ.എന്‍.എം), ടി.കെ അഷ്‌റഫ്, കെ. സജ്ജാദ് (വിസ്ഡം), സി.പി ഉമര്‍ സുല്ലമി, അബ്ദുസ്സലാം പുല്ലൂര്‍, അബ്ദുല്‍ ലതീഫ് കരിമ്പുലാക്കല്‍ (കെ.എന്‍.എം മര്‍ഖസുദ്ദഅ്‌വ), എം.എ അബ്ദുല്‍അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്്‌ലാമി), പ്രൊഫ. പി.ഒ.ജെ ലബ്ബ, സി.ടി സക്കീര്‍ ഹുസൈന്‍, പ്രൊഫ. കടവനാട് മുഹമ്മദ് (എം.ഇ.എസ്), എന്‍ജിനീയര്‍ പി. മമ്മദ്‌കോയ (എം.എസ്.എസ്), അലിഅക്ബര്‍ മൗലവി, കെ സദഖത്തുല്ല മൗലവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ), ടി.എച്ച്.എം ഹസന്‍, എസ് നൗഷാദ് സുല്‍ത്താന (ജമാഅത്ത് കൗണ്‍സില്‍), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍, ശംസുദ്ദീന്‍ ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്) എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."