കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് മെഷീന്‍ ഇടപാടില്‍ മന്ത്രിക്ക് എന്തുകാര്യമെന്ന് ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനു ഹൈക്കോടതിയുടെ വിമര്‍ശനം. കെ.എസ്.ആര്‍.ടി.സിയുടെ പര്‍ച്ചേസ് ഇടപാടില്‍ മന്ത്രിക്ക് എന്താണ് കാര്യമെന്നു കോടതി ആരാഞ്ഞു. പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട് മൈക്രോ ഇഫക്ട് എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശനം.
ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മന്ത്രിയുടെ ശുപാര്‍ശ കത്തിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്.
കരാറില്‍ ഇടപെടേണ്ട കാര്യമെന്താണെന്നും ഇതിനുള്ള സാഹചര്യമെന്തെന്നും കോടതി ആരാഞ്ഞു. കത്ത് വെറുതെ നല്‍കിയതാണെന്നും മറ്റു ദുരുദ്ദേശങ്ങളില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കേസ് ഫെബ്രുവരി 12ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഹരജി കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ആര്‍.ടി.സി എം.ഡി, ചെയര്‍മാന്‍, ക്വാണ്ടം പവര്‍ സിസ്റ്റം, ക്വാണ്ടം എ.ഇ.ഒ.എന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സ്പീഡ് പോസ്റ്റ് വഴി എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ എതിര്‍വാദം ഫെബ്രുവരി എട്ടിനു സമര്‍പ്പിക്കുമെന്നു കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ കക്ഷികളായ ക്വാണ്ടം പവര്‍ സിസ്റ്റം, ക്വാണ്ടം എ.ഇ.ഒ.എന്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എന്നിവര്‍ക്ക് ഇന്നലെ തന്നെ ഇ മെയിന്‍ വഴി നോട്ടിസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. അഡ്വക്കറ്റ് സന്തോഷ് മാത്യു മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."