നിലമ്പൂര്‍ ഗവ. കോളജ്; സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്ന് ഹൈക്കോടതി
നിലമ്പൂര്‍: നിലമ്പൂര്‍ ഗവ. കോളജ് സംബന്ധിച്ചു മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നു ഹൈക്കോടതി. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിലമ്പൂരിന് അനുവദിച്ച സര്‍ക്കാര്‍ കോളജ് അട്ടിമറിച്ചെന്നാരോപിച്ചു സി.പി.ഐ നേതാക്കള്‍ നല്‍കിയ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്.
മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. നിലമ്പൂരിനു സമീപം സര്‍ക്കാര്‍ കോളജില്ലാത്തതും വിദ്യാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസത്തിന് ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നതായും കോടതി നിരീക്ഷിച്ചു. ഈ അധ്യയനവര്‍ഷംതന്നെ കോളജ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു സി.പി.ഐ നേതാക്കളായ ജോസ് കെ. അഗസ്റ്റിനും എം. മുജീബ് റഹ്മാനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ 2016 ഫെബ്രുവരി ഒന്‍പതിനാണ് നിലമ്പൂരില്‍ സര്‍ക്കാര്‍ കോളജ് അനുവദിച്ച് ഉത്തരവിറക്കിയത്.
18 ഏക്കര്‍ ഭൂമിയുള്ള നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍നിന്ന് അഞ്ച് ഏക്കര്‍ കോളജിനു വിട്ടുനല്‍കാനും തീരുമാനമായി. കോളജിന്റെ പ്രവര്‍ത്തനത്തിനു കൊണ്ടോട്ടി സര്‍ക്കാര്‍ കോളജിലെ അറബിക് അസി. പ്രൊഫസര്‍ എം.പി സമീറയെ സ്‌പെഷല്‍ ഓഫിസറായും നിയമിച്ചു. മാനവേദന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കോളജ് ഓഫിസും പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍, ഭരണമാറ്റമുണ്ടായതോടെ മുന്‍ സര്‍ക്കാരിന്റെ അവസാനകാല ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയ്ക്കു വിട്ടു. നിലമ്പൂരിലെ സര്‍ക്കാര്‍ കോളജിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതോടെ നഗരസഭയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയുംകണ്ട് നിവേദനം നല്‍കിയിരുന്നു. നിവേദന സംഘത്തില്‍നിന്നു സി.പി.എം വിട്ടുനിന്നപ്പോള്‍ സി.പി.ഐ പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."