ദുരിതം വിതച്ച് ടൗണിന് നടുവിലെ ഓവുചാല്‍
വില്യാപ്പള്ളി: ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദുരിതം വിതച്ച് ടൗണിനു നടുവിലൂടെ കടന്നുപോകുന്ന ഓവുചാല്‍ നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഇല്ലത്തു താഴ അങ്കണവാടി വഴി കടന്നു പോകുന്ന ഓവുചാലിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരാണ് ഏറെ ദുരിതം പേറുന്നത്. 17ാം വാര്‍ഡിലെ വലിയമലയില്‍ നിന്നുള്ള മഴവെള്ളം നാല്, അഞ്ച് വാര്‍ഡുകളില്‍ കൂടി ഒഴുകി വില്യാപ്പള്ളി ടൗണിലൂടെ കടന്ന് ഏറാമല, ആയഞ്ചേരി പഞ്ചായത്തുകളിലൂടെ ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ച് മാഹി കനാലില്‍ ചേരുകയാണ് ചെയ്യുന്നത്.
വില്യാപ്പള്ളി ടൗണിലെത്തുമ്പോഴാണ് ഈ തോടിന്റെ സ്വഭാവം മാറുന്നത്. ടൗണിലെ അറവ് മാലിന്യങ്ങളും മത്സ്യമാര്‍ക്കറ്റിലെയും ഹോട്ടലുകളിലെയും മലിനജലവും മറ്റ് മാലിന്യങ്ങളും ഇതിലേക്ക് ഒഴുക്കുന്നു. ഇത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവിടുത്തുകാരെ വേട്ടയാടുന്നത്. അതിനു പുറമേ രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുകയും കൊതുകുകള്‍ പെരുകുകയും ചെയ്യുന്നു. നിരവധി അപൂര്‍വരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പരിസര വാസികള്‍ പറയുന്നു. മാത്രവുമല്ല പ്രദേശത്തെ കിണറുകളിലെ ജലം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നും ജലം ഉപയോഗയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഓംബുഡ്‌സ്മാന്‍, പഞ്ചായത്ത് അധികൃതര്‍, ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് എന്നിവര്‍ക്കെല്ലാം പരാതി നല്കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. തോടിന്റെ ഇരുവശവും സൈഡ് കെട്ടി സ്ലാബ് ഇടുന്നതിന് ശ്രമിക്കാമെന്നും ല്ലങ്കില്‍ എം.എല്‍ എ, എം.പി ഫണ്ടുകള്‍ ലഭിക്കട്ടെയെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് പഞ്ചായത്ത് അധികാരികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. നിരവധി ആളുകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്തിനു നടുവിലൂടെ കടന്നുപോകുന്ന ഈ ഓവുചാല്‍ പ്രശ്‌നം പെട്ടെന്ന് പരിഹരിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശത്തുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."