കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍: അനുവദിക്കുന്ന തുകയുടെ പകുതിപോലും കേരളത്തിനു ലഭിക്കുന്നില്ല
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കേരളത്തിന് അനുവദിക്കുന്ന തുകയുടെ പകുതി പോലും ലഭ്യമാകുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി പദ്ധതി വിഹിതത്തിന് ബജറ്റില്‍ അനുവദിക്കുന്ന തുകയുടെ കണക്കു പരിശോധിച്ചാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അവഗണനയാണ് തുടരുന്നതെന്ന് വ്യക്തം.
പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഘടനയില്‍ മാറ്റം വരുത്തുകയും ചില പദ്ധതികള്‍ മറ്റു പദ്ധതികളുമായി ലയിപ്പിക്കുകയും ചില പ്രധാന പദ്ധതികളെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടുകൂടി പല പദ്ധതികളുടെയും കേന്ദ്രവിഹിതത്തില്‍ വലിയ കുറവുണ്ടായി. കേന്ദ്രവിഹിതമായി ബജറ്റില്‍ അനുവദിക്കുന്ന തുക വെട്ടിക്കുറയ്ക്കുന്നതോടെ സംസ്ഥാനത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ താളം തെറ്റുകയാണെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിലും പദ്ധതികള്‍ അനുവദിക്കുന്നതിലുമുള്ള അവഗണന മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചിരിക്കുകയാണെന്നും മന്ത്രി പറയുന്നു. വിവിധ പദ്ധതികള്‍ക്കായി 2019-20 സാമ്പത്തിക വര്‍ഷം 9172.17 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം കേന്ദ്രപദ്ധതികള്‍ക്കായി കേരളത്തിനു ലഭിച്ചത് 3017.76 കോടി രൂപയാണ്. 2018-19 സാമ്പത്തിക വര്‍ഷം 8097.99 കോടി ബജറ്റില്‍ വിലയിരുത്തിയെങ്കിലും ലഭിച്ചത് 3770.11 കോടി മാത്രമാണ്. 2017-18 ല്‍ 8038.95 കോടി വിലയിരുത്തിയെങ്കിലും ലഭ്യമായത് 3268.36 കോടി മാത്രം. 2016-17 സാമ്പത്തിക വര്‍ഷം 6,534 കോടി ബജറ്റില്‍ നീക്കിവയ്ക്കുകയും 3,101 കോടി മാത്രം അനുവദിക്കുകയും ചെയ്തതു.
2009-10 കാലയളവില്‍ കേരളത്തിന് 882 കോടി ബജറ്റില്‍ അനുവദിച്ച കേന്ദ്രം 612 കോടി നല്‍കിയിരുന്നു. പിന്നീടുള്ള കാലയളവിലെല്ലാം തന്നെ ഫണ്ട് ലഭ്യതയില്‍ വലിയ കുറവാണുണ്ടായത്. ഘടനാമാറ്റം വന്നതോടെ 60 ശതമാനത്തിനു മുകളില്‍ കേന്ദ്രവിഹിതം ലഭ്യമായിരുന്ന പല പദ്ധതികളുടെയും വിഹിതം കുറച്ച് 60: 40 അനുപാതത്തിലാക്കിയതോടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തിയിരിക്കുക കൂടിയാണ്. ബി.ജെ.പി സര്‍ക്കാര്‍ പ്ലാനിങ് കമ്മീഷന്‍ ഇല്ലാതാക്കി നീതി ആയോഗ് നടപ്പിലാക്കിയതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 28 എണ്ണമായി കുറയ്ക്കുകയും ഇതില്‍ ആറെണ്ണം മാത്രം കോര്‍ ഓഫ് ദ കോര്‍ എന്ന ഗണത്തില്‍പ്പെടുത്തുകയും ചെയ്തു. 20 പദ്ധതികള്‍ കോര്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്.
പദ്ധതിയുടെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും പത്തു ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കുന്ന പദ്ധതികളാണ് കോര്‍ ഓഫ് ദ കോര്‍ ഗണത്തില്‍ ഉള്‍പ്പെടുന്നത്. കേന്ദ്രവിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവും വരുന്നതാണ് കോര്‍ ഗണം. മുമ്പ് ഈ ഗണത്തില്‍ വരുന്ന പദ്ധതികള്‍ക്കു കേന്ദ്രവിഹിതമായി 75 മുതല്‍ 80 ശതമാനം വരെ വിഹിതം ലഭിച്ചിരുന്നു. ഇവ കൂടാതെ 50 ശതമാനം വീതം തുല്യപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ഓപ്ഷണല്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ടു പദ്ധതികള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."