പഞ്ചായത്ത് ജീവനക്കാരും വയലിലിറങ്ങി; വിളഞ്ഞത് നൂറുമേനി
മുക്കം: തരിശ് നിലങ്ങളും വയലുകളും കൃഷിയോഗ്യമാക്കുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും വയലിലേക്കിറങ്ങിയപ്പോള്‍ വിളഞ്ഞത് നൂറു മേനി.
ചെറുവാടി കട്ടപ്പാടത്തെ പുഞ്ചപ്പാടം വയലിലാണ് പഞ്ചായത്ത് ഓഫിസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് അജ്നാസ്, എന്‍.ആര്.ഇ.ജി അസിസ്റ്റന്റ് എന്‍ജിനിയര്‍ റാസിക്, ഓവര്‍സിയര്‍ മുഹമ്മദ് അര്‍ഷാദ്, ഓഫിസ് അസിസ്റ്റന്റ് ബഷീര്‍ നെച്ചിക്കാട്ട് എന്നിവര്‍ നെല്‍കൃഷിയിറക്കിയത്. രാവിലെയും വൈകുന്നേരങ്ങളിലും കൃഷിയിടത്തിലെത്തിയാണ് ഇവര്‍ നെല്‍കൃഷി പരിചരിച്ചത്. തങ്ങളുടെ ഡ്യൂട്ടി സമയങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളേയും ജോലിക്ക് വെച്ചു. ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റെയും പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെ നെല്‍കൃഷി വലിയ ലാഭമാവുകയും ചെയ്തു. ഇവരുടെ കൃഷിയിലെ വിളവ് കണ്ടറിഞ്ഞ് സമീപവയലുകളിലും നിരവധി കര്‍ഷകര്‍ നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.
പൂര്‍ണമായും ജൈവ രീതിയില്‍ ഉമ ഇനത്തില്‍ പെട്ട അത്യുല്‍പ്പാദനശേഷിയുള്ള നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നെല്‍കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ എം.എം സബീന, അസിസ്റ്റന്റ് എ.പി ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."