കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചു; സ്വകാര്യ ആശുപത്രി ഡോക്ടറെ പിരിച്ചുവിട്ടു
തൃശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ച ഡോക്ടറെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ. ഷിനു ശ്യാമളനെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം 102 ഡിഗ്രി പനിയുമായി ഒരു വ്യക്തി ക്ലിനിക്കില്‍ എത്തുകയുണ്ടായി. ഖത്തറില്‍ നിന്നാണ് ഇയാള്‍ വന്നിരിക്കുന്നത്. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ തിയതി ചോദിച്ചപ്പോള്‍ യുവാവും അദ്ദേഹത്തിനൊപ്പം ഇയാളുടെ ഭാര്യയും രണ്ട് തിയതിയാണ് പറഞ്ഞത്. ഇതില്‍ അവ്യക്തത തോന്നിയ ഡോക്ടര്‍ ഇവരുടെ വിവരങ്ങള്‍ ചോദിച്ചുവെങ്കിലും സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ ഒന്നും പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും ഡോക്ടര്‍ പറയുന്നു.
ഇതിന് പിന്നാലെ തന്റെ സംശയം ആരോഗ്യ വകുപ്പിലും പൊലിസിലും അറിയിച്ചു. ഇയാള്‍ തിരിച്ച് ഖത്തറിലേക്ക് പോയി എന്നാണ് വിവരം. ഇക്കാര്യം ഷിനു സമൂഹമാധ്യത്തിലൂടെയും പുറംലോകത്തെ അറിയിച്ചിരുന്നു.
അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി ഉടമ ചോദിച്ചത് കുറേ സ്വാര്‍ത്ഥമായ ചോദ്യങ്ങളാണെന്നും ഷിനു കുറിച്ചു.
ഷിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;
സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?
ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."