ഉപ്പള റെയില്‍വേ സ്റ്റേഷന്‍: പൈതൃക സ്വത്തായി സംരക്ഷിക്കും; ഡി.ആര്‍.എം
കാസര്‍കോട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പൈതൃക സ്വത്തായി സംരക്ഷിക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിങ് സമരസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനു പുറമെ നേത്രാവതി എക്‌സ്പ്രസിന് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കാനും റിസര്‍വേഷന്‍-സീസണ്‍ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുമെന്നും ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതിനെതിരേ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ട്ഷന്‍ മിഷന്‍ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ദിവസമായി ഉപ്പളയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ഇന്നലെ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍ നടന്ന പ്രാഥമിക ചര്‍ച്ചയിലാണ് തീരുമാനം. റെയില്‍വേ കൊമേഴ്ഷ്യല്‍ വകുപ്പും പുരാവസ്തു വകുപ്പും സംയുക്തമായി സ്റ്റേഷന്‍ സന്ദര്‍ശിക്കും. സ്റ്റേഷന്‍ പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി മേല്‍ക്കൂരയും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കും. സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി 113 വര്‍ഷം പഴക്കമുള്ള ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ 'പ്രൈഡ് ഓഫ് റെയില്‍വേ' എന്ന ബോര്‍ഡ് സ്ഥാപിക്കാനും ഡി.ആര്‍.എം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഈയാഴ്ച സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന റെയില്‍വേ ഉന്നത സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് നേത്രാവതി എക്‌സ്പ്രസിന് പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് സ്റ്റോപ്പ് അനുവദിക്കാനും ധാരണയായി. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍, സമര സമിതി ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള, സംഘടനയുടെ ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികളായ സി.എസ് രാധാമണിയമ്മ, എം.വി.ജി നായര്‍, രാജു കെ. തോമസ്, മോഹന്‍. സി. കണ്ണങ്കര, ഡോ: ജിപ്‌സണ്‍, റീന, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, മെഹമൂദ് കൈകമ്പ, കോസ്‌മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, അബു തമാം ചര്‍ച്ചയില്‍ സംബന്ധിച്ചു. എന്നാല്‍ ആവശ്യങ്ങള്‍ നടപ്പാകുന്നതുവരെ അനിശ്ചിതകാല സത്യഗ്രഹസമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."