അന്ത്യോദയ എക്സ്പ്രസ് തടഞ്ഞ കേസ്: മുസ്ലിം ലീഗ്, യൂത്ത്ലീഗ് നേതാക്കള്‍ക്ക് പിഴശിക്ഷ
കാസര്‍കോട്: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒന്‍പത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെ 3000 രൂപ വീതം പിഴയടക്കാന്‍ തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്, സെക്രട്ടറി മൂസ ബി. ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ ട്രഷറര്‍ മാഹിന്‍ കേളോട്ട്, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.എം അബ്ദുല്‍ റഹ്മാന്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുജീബ് കമ്പാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. 2018 ജൂണ്‍ 22ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ നേരത്തെ 1000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."