സഊദി പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാൻ 72 മണിക്കൂർ സമയം അനുവദിച്ചു
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ജി. സി .സി രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും സഊദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ സഊദിയിലേക്ക് ഇപ്പോൾ മടങ്ങാൻ ഉദ്ദേശിക്കുന്ന വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്ക് സഊദി അധികൃതർ 72 മണിക്കൂർ സമയം അനുവദിച്ചു. ബഹ്റൈനിലുള്ള സഊദി പൗരന്മാർക്ക് ദമാം കോസ് വേ വഴിയോ ഗൾഫ് എയറിൻ്റെ പ്രത്യേക വിമാനം വഴിയോ സഊദിയിലേക്ക് മടങ്ങാമെന്നാണു ബഹ്റൈനിലെ സഊദി എംബസി അറിയിച്ചിട്ടുള്ളത്.
72 മണിക്കൂർ ആയിരിക്കും മടങ്ങുന്നതിനുള്ള സമയമെന്നും സഊദി പൗരന്മാരുടെ സുരക്ഷ മുൻ നിർത്തിയുള്ള ബഹ്റൈനിലെ സഊദി അംബാസഡറുടെ പ്രത്യേക താതപര്യമാണു ഈ നടപടിക്ക് പിറകിലെന്നും സഊദി എംബസി സ്റ്റേറ്റ്മെൻ്റിൽ അറിയിച്ചു.അതേ സമയം ഈജിപ്തിലുള്ള സഊദി പൗരന്മാർക്ക് സഊദിയിലേക്ക് മടങ്ങാനും അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്. 48 മണിക്കൂർ സമയമാണു നൽകിയിട്ടുള്ളത്.സഊദി എയർലൈൻസ്, ഫ്ളൈ നാസ്, ഈജിപ്ത് എയർ തുടങ്ങിയ വിമാനക്കംബനികൾ ഇതിനായി ചൊവ്വാഴ്ചയും ബുധനഴ്ചയും മാത്രം പ്രത്യേക സർവീസ് നടത്തും.യു എ ഇയിലുള്ള സഊദി പൗരന്മാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള അവസരം യു എ ഇയിലെ സഊദി എംബസിയും ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ അറിയിച്ചു.
കര മാർഗമോ ദുബൈ എയർപോർട്ടിൽ നിന്ന് സഊദി എയർവേസിൻ്റെ പ്രത്യേക സർവീസ് വഴിയോ പൗരന്മാർക്ക് സഊദിയിലേക്ക് മടങ്ങാം. 72 മണിക്കൂർ സമയമാണു അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."