സി.പി.എം പുതുതലമുറയ്ക്കായി പാര്‍ട്ടിയുടെ ചരിത്രം ചികയുന്നു
തിരുവനന്തപുരം: പുതുതലമുറയ്ക്കായി സി.പി.എം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെഴുതുന്നു. ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം മുതല്‍ ഇന്നത്തെ പ്രവണതകള്‍ വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമഗ്രമായ ചരിത്രരചനയാണ് അഞ്ചു വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്നത്.
ബഹുജനങ്ങളെ അണിനിരത്തികൊണ്ടുള്ള ജനകീയ ചരിത്ര രചനയാണ് സി.പി.എം ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെയുള്ള വിവിധ കമ്മിറ്റികളാണ് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി രേഖകള്‍, പാര്‍ട്ടി നേതാക്കളേയും സംഭവങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്നും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളുടെ ആര്‍ക്കൈവ്‌സില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് ചരിത്രപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളില്‍നിന്നും രേഖകള്‍ ശേഖരിക്കും.
പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ ഓര്‍മകളും വിവരങ്ങളും വാമൊഴിയും വരമൊഴിയും പ്രാദേശിക രേഖകളും വിവര സമാഹരണത്തിനായി ഉപയോഗിക്കും. കേരളത്തില്‍നിന്നു മാത്രമല്ല പുറത്തുനിന്നുള്ള ചിത്രകാരന്മാരും ഗവേഷകരുമടക്കം വിപുലമായ സംഘം ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
അഞ്ചു വാള്യങ്ങളിലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം, വളര്‍ച്ച, പുന്നപ്ര വയലാര്‍ സമരം, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയവ അടക്കമുള്ള സമരങ്ങള്‍, കര്‍ഷകത്തൊഴിലാളി സമരങ്ങള്‍, വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍, കലാസാഹിത്യ പ്രസ്ഥാനം തുടങ്ങി കമ്മ്യൂണിസ്റ്റുകാര്‍ ഇടപെട്ട എല്ലാ മേഖലകളും ഇതില്‍ പ്രതിപാദിക്കും.
ഐക്യകേരള പ്രസ്ഥാനം, 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, തുടര്‍ന്നു വന്ന മന്ത്രിസഭകള്‍, ഭൂപരിഷ്‌കരണം, മിച്ചഭൂമി സമരം, കേരള വികസനത്തിനുള്ള ശ്രമങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയ സംഭവങ്ങളെല്ലാം വിഷയമാകും. വി.എസ് അച്ചുതാനന്ദന്‍ പ്രസിഡന്റും കോടിയേരി ബാലകൃഷ്ണന്‍ കണ്‍വീനറുമായി സംഘാടക സമിതി ചരിത്രമെഴുതാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
കൂടാതെ എല്ലാ ജില്ലകളിലും വിവരശേഖരണത്തിനുള്ള സംഘാടന സമിതികളും രൂപീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിനുള്ള ജില്ലാതല ശില്‍പശാലകള്‍ ഈ മാസം പൂര്‍ത്തിയാകും. അടുത്ത മാസം വിവര ശേഖരണത്തിനുള്ള തയാറെടുപ്പും അതിന്റെ പ്രചാരണ പ്രവര്‍ത്തനവും നടക്കും.
മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രാദേശിക പഠനസംഘങ്ങള്‍ വിവര ശേഖരണം പൂര്‍ത്തിയാക്കി ചരിത്രരചന സമിതിക്കു കൈമാറും. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നവംബര്‍ 11ന് ആദ്യ വോള്യം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."