കാറ്റും കടലുമിളകി; ജനം പരിഭ്രാന്തരായി
വിഴിഞ്ഞം: കാറ്റും കടലുമിളകി തീരദേശം വിറച്ചു. മരങ്ങള്‍ കടപുഴകിയും ഓടിഞ്ഞും നിലം പതിച്ച് വൈദ്യുതി ബന്ധം തകര്‍ന്ന് പ്രദേശം ഇരുട്ടിലായി. ഗതാഗതവും താറുമാറായതോടെ ജനം പരിഭ്രാന്തിയിലായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് മഴയ്‌ക്കൊപ്പം തീരദേശത്തെ മുള്‍മുനയില്‍ നിറുത്തിയ കാറ്റ് വീശി അടിച്ചത്. അര മണിക്കൂറോളം വീശിയ കാറ്റ് വ്യാപക നാശം വിതച്ചു.
വിഴിഞ്ഞത്തെ പൊലിസ് പിക്കറ്റ് പോസ്റ്റുകളില്‍ പലതിന്റെയും മേല്‍ക്കൂര കാറ്റത്ത് പറന്നു പോയി. വള്ളങ്ങള്‍ കൂട്ടിയിടിച്ച് നിരവധി എണ്ണത്തിന് കേടുപാടുകള്‍ ഉണ്ടായതായി പറയുന്നു. കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറിയെങ്കിലും നാശനഷ്ടം ഉണ്ടായില്ല. കോവളം, മൂലൂര്‍, നെല്ലിവിള, പെരിങ്ങമ്മല,പൂവാര്‍, കാഞ്ഞിരംകുളം, കോട്ടുകാല്‍, പൂങ്കുളം ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഗതാഗതം സ്തംഭിച്ചതോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പലതും പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു.
സ്‌കൂള്‍ വിട്ട സമയം വീശി അടിച്ച കാറ്റ് വിദ്യാര്‍ത്ഥികളെ പാതി വഴിയില്‍ കുടുക്കി. വിഴിഞ്ഞം പൂവാര്‍ ഫയര്‍ സ്റ്റേഷന്‍ പരിധിയില്‍ മാത്രം വന്‍ മരങ്ങള്‍ വീണതുമായി ബന്ധപ്പെട്ട് അന്‍പതില്‍ പരം കാളുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരങ്ങള്‍ വെട്ടി മാറ്റി തടസങ്ങള്‍ നീക്കുന്ന ജോലികള്‍ രാത്രി വൈകിയും തുടരുകയാണ്.
വീടുകള്‍ തകര്‍ന്നു
ബീമാപള്ളി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും ബീമാപള്ളി നൂറുല്‍ ഇസ് ലാം അറബിക് കോളജിന് സമീപത്തെ ഖദീജ ബീവിയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. സമീപത്തെ മറ്റു ചില വീടുകള്‍ക്കും ബീച്ച് റോഡിന് സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകളുണ്ടായി.
വെള്ളറട: ശക്തമായ മഴക്ക് ഒപ്പമുണ്ടായ ചുഴലിക്കാറ്റില്‍ വെള്ളറട മേഖലയില്‍ നിരവധി വീടുകള്‍ക്കുമേല്‍ മരങ്ങള്‍ വീണു. ഇലക്ട്രിക് ലൈനിന്റെ പുറത്ത് മരങ്ങള്‍ കൂട്ടമായി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് പ്രദേശത്തെ മുഴുവന്‍ ഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അണമുഖം റോഡരികത്ത് വീട്ടില്‍ വാഷിങ്ടണിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറഞ്ഞു. അണമുഖം എസ്.എ.ഭവനില്‍ ഷാജിയുടെ വീടിന്റെ പുറത്ത് മരം വീണ് വീട് പൂര്‍ണമായും നിലംപൊത്തി. മുട്ടച്ചല്‍ പള്ളിവിള വീട്ടില്‍ ഷൈന്‍കുമാറിന്റെ വീടിന്റെ പുറത്ത് മരം വീണ് വീട് തകര്‍ന്നു. മുട്ടച്ചല്‍ പള്ളിവിള വീട്ടില്‍ സത്യനേശന്റെ വീടിന്റെ പുറത്ത് മരം വീണ് വീട് തകര്‍ന്നു. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."