വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മഫ്ത അഴിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം
കോഴിക്കോട്: ഗുജറാത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മഫ്ത അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുന്നു. ഗുജറാത്തില്‍ കേന്ദ്ര ശുചിത്വ ഭാരത മിഷന്റെ ഭാഗമായി ഒ. ഡി. എസ് വനിതാ ജന പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച കണ്‍വന്‍ഷന് എത്തിയ മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിന്റെ മഫ്ത അഴിപ്പിച്ചത് സ്ത്രീത്വത്തോടുള്ള അവഹേളനവും ധാര്‍ഷ്ട്യവുമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞു. വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
ഏതു മതവിശ്വാസം അനുസരിച്ച് ജീവിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനുമുള്ള അവകാശം ധ്വംസിച്ച് മഫ്ത അഴിപ്പിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര-ഗുജറാത്ത് സംസ്ഥാന ഭരണകൂടങ്ങള്‍ വ്യക്തമാക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ മുസ്്‌ലിം ലീഗ് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതേതരസങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുന്നത്:
ചെന്നിത്തല
തിരുവനന്തപുരം: ഗുജറാത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കെത്തിയ വയനാട് മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിന്റെ മഫ്ത മാറ്റാനാവശ്യപ്പെട്ട സംഭവം മതേതര ഭാരതത്തിന്റെ മൂല്യങ്ങള്‍ക്കെതിരും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരസങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കുന്നതാണ് ഈ ഹീനപ്രവൃത്തി. ഇത് മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
അനുഭവം
ഞെട്ടിക്കുന്നത്:
വനിതാ ലീഗ്
കോഴിക്കോട്: മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിന്റെ മഫ്ത അഴിപ്പിച്ച് തലമറക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. ലോക വനിതാ ദിനത്തില്‍ സ്ത്രീകളോട് മാന്യമായി പെരുമാറേണ്ടതിന്റെ ആവശ്യകതകള്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റിനുണ്ടായ ദാരുണ അനുഭവം ഞെട്ടിക്കുന്നതാണ്. ഉത്തരവാദപ്പെട്ടവര്‍ ക്ഷണിച്ചതിനാല്‍ കണ്‍വന്‍ഷന് എത്തിയ ജനപ്രതിനിധിയോട് പോലും സംശയാസ്പദ സമീപനം സ്വീകരിക്കുന്നത് ദുരൂഹവും ഗൗരവതരവുമാണെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."