ക്രൂഡ്ഓയില്‍ ഉല്പാദനം 12.3 ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന് സഊദി
റിയാദ്: ക്രൂഡ്ഓയില്‍ ഉല്പാദനം പ്രതിദിനം 12.3 ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന് ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതലാണ് ഉല്പാദനം ഉയര്‍ത്തുക. നിലവില്‍ 12 ദശലക്ഷം ബാരലാണ് ഉല്പാദനം. ഇതിനു പുറമെയാണ് പ്രതിദിന ഉല്പാദനം 3,00,000 ബാരല്‍ കൂടി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അധികമായി ഉല്പാദിപ്പിക്കുന്നതടക്കമുള്ള എണ്ണ വാങ്ങാന്‍ വിവിധ ഉപഭോക്താക്കളുമായി ധാരണയിലെത്തിയായി സഊദി അരാംകോ സി.ഇ.ഒ അമീന് നാസര്‍ വെളിപ്പെടുത്തി.
എണ്ണയുല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും കൂട്ടായ്മക്ക് പുറത്തെ ഏറ്റവും വലിയ ഉല്പാദക രാജ്യമായ റഷ്യയുടെ നേതൃത്വത്തിലുള്ള മറ്റ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്രൂഡോയില്‍ ഉല്പാദനത്തില് വര്‍ധനവ് വരുത്താന്‍ സഊദി അറേബ്യ തീരുമാനിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് വില പിടിച്ചു നിര്‍ത്തുന്നതിനായി ഉല്പാദനം വെട്ടിക്കുറക്കാന്‍ നടത്തിയ നീക്കം റഷ്യ ഇടഞ്ഞതിനെ തുടര്‍ന്ന് നടന്നില്ല. ഇതോടെ ഉല്പാദനത്തിലെ നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുകളഞ്ഞാണ് റഷ്യന്‍ നിലപാടിനെതിരേ സഊദി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."