ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പിയാക്കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിന് സ്റ്റേ
കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരേ നവാസ് പായിച്ചിറ നല്‍കിയ പരാതിയിലാണു വിജിലന്‍സ് കേസെടുത്തിരുന്നത്. ഈ കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഇന്നലെ ഹരജി പരിഗണിക്കവെ ഈ കേസില്‍ പരാതി നല്‍കിയ പായിച്ചിറ നവാസ് 40 പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന് ധാരാളം വ്യാജപരാതികള്‍ ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കള്ളപ്പരാതി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് വിജിലെന്‍സെന്ന് ഈ സമയം ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. വിജിലന്‍സ് കേരള പൊലിസിന്റെ ഭാഗമാണ്. വിജിലന്‍സിന് പ്രത്യേക സ്വാതന്ത്ര്യമോ അവകാശമോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. കേസിലെ പരാതിക്കാരനായ നവാസ് കേരളത്തിലെ വിവിധ കോടതികളിലായി വിവിധ വ്യക്തികള്‍ക്കെതിരേ നല്‍കിയിട്ടുള്ള പരാതികളുടെ വിവരങ്ങള്‍ വിജിലന്‍സ് നല്‍കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
എന്നാല്‍ ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നല്‍കിയത് സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ലെന്നും വ്യക്തമാക്കി വിജിലന്‍സ് മാര്‍ച്ച് ഏഴിന് ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. ഇതു കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് സ്റ്റേ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."