ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം
1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിനെതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാര്‍ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാര്‍ തുടങ്ങുകയും മുഗള്‍ രാജാവ് ബഹദൂര്‍ഷായെ നേതൃത്വത്തില്‍ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം.
ശിപായി ലഹള എന്നാണ് ബ്രിട്ടീഷുകാര്‍ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യന്‍ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. 1857 മെയ് 10ന് മീററ്റില്‍ തുടങ്ങി, വടക്കന്‍ ഗംഗാ സമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം, 1858 ജൂണ്‍ 20ന് ഗ്വാളിയാര്‍ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്‌പ്പെടുത്തിയതോടെ അവസാനിച്ചു.
ചരിത്രത്തില്‍ വളരെയേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങള്‍, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സൈനിക കലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങള്‍ക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.
യൂറോപ്യന്മാരുടെ വരവും പ്ലാസി യുദ്ധവും
യൂറോപ്യന്‍ കമ്പനികള്‍ 16, 17 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ എത്തിയത് കച്ചവടത്തിനായിട്ടാണ്. ആദ്യകാലത്ത്, ഇന്ത്യയില്‍ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാര്‍ (പ്രധാനമായി പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവില്‍ മേല്‍ക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്.
അക്കാലത്ത് ഇന്ത്യയില്‍ പ്രബലമായിരുന്ന മുഗള്‍ സാമ്രാജ്യം തകര്‍ച്ചയിലായിരുന്നു. നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും അന്നു നിലവില്‍ ഉണ്ടായിരുന്നു. എങ്കിലും അവര്‍ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷുകാര്‍ ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ചേരിചേരുകയും ഭരണകാര്യങ്ങളില്‍ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.
1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്‌കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താന്‍ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമം തകര്‍ക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു.
കര്‍ഷകര്‍ക്കും കൈത്തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങള്‍ ദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമര്‍ഷം ഉയര്‍ന്നുവന്നു.
ഗോത്രവര്‍ഗക്കാരും കമ്പനിക്കെതിരേ
ആദ്യകാലം മുതല്‍ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരാണ് പ്രക്ഷോഭങ്ങള്‍ നയിച്ചത്. എന്നാല്‍ കര്‍ഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ആന്ധ്രയില്‍ വൈശ്യനഗരന്‍ രാജാക്കന്മാര്‍ (1794), മൈസൂരില്‍ ധോണ്ട്ജിവാഗ് എന്ന ഭരണാധികാരി (1800), മലബാറില്‍ പഴശ്ശിരാജ (1800-05), തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ (1809) തമിഴ്‌നാട്ടില്‍ പൊളിഗറുകള്‍ (1801-15), കച്ചില്‍ നാടുവാഴികള്‍ (1818-32), അലിഗഡില്‍ തലൂക്ദാര്‍മാര്‍ (1814-17), ഹരിയാനയില്‍ ജാട്ടുമുഖ്യന്മാര്‍ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളില്‍ ചിലതാണ്.
കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കര്‍ഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവര്‍ഗക്കാരെ നികുതിപിരിച്ചും കച്ചവടമാര്‍ഗങ്ങള്‍ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലാപങ്ങള്‍ക്കു കാരണം.
ബംഗാളില്‍ ചുവാറുകള്‍, ബീഹാറില്‍ സന്താളുകള്‍, പശ്ചിമ ഇന്ത്യയിലെ ഭില്ലകള്‍, ഗുജറാത്തില്‍ കോലികള്‍, അസമിലെ ഖാസികള്‍, ഛോട്ടാനാഗ്പൂരിലെ കോളുകള്‍, ഒറീസയിലെ ഗോണ്ടുകള്‍ തുടങ്ങിയ ഗോത്രങ്ങള്‍ കലാപം നടത്തിയിട്ടുണ്ട്. കമ്പനി ചൂഷണത്തിനെതിരെ നടന്ന കര്‍ഷക കലാപങ്ങള്‍ പലതും കവര്‍ച്ചകളായോ ക്രമസമാധാനക്കുഴപ്പങ്ങളായോ ആണ് കമ്പനി ഔദ്യോഗിക രേഖകളില്‍ ഉള്ളത്. ആ കലാപങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ചില കലാപങ്ങള്‍ മതപരവും കൂടിയായിരുന്നു. വഹാബി പ്രസ്ഥാനം, ബംഗാളിലെ പഗല്പാത്തിഫറൈസി പ്രസ്ഥാനങ്ങള്‍, പഞ്ചാബിലെ കൂക കലാപം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.
ദില്ലിയും ബഹദൂര്‍ഷാ സഫര്‍ രണ്ടാമനും
1857 മേയ് പത്തിന് മീറത്തില്‍ വന്‍തോതിലുള്ള കലാപം നടന്നു. ശിപായികള്‍ കന്റോണ്‍മെന്റ് തകര്‍ക്കുകയും കുറഞ്ഞത് 50 യൂറോപ്യന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുന്നൂറോളം പേരടങ്ങുന്ന ഇവര്‍ ഡല്‍ഹിയിലേക്ക് നീങ്ങി. അന്നത്തെ മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള സേനാത്താവളങ്ങളില്‍ നിന്നെത്തിയ വിമതഭടന്മാരുടെ കേന്ദ്രമായി ഡല്‍ഹി മാറി.
മുഗളരെ അധികാരത്തില്‍ പുനഃസ്ഥാപിക്കാനും അധിനിവേശകരെ തുരത്തുന്നതിനുമുള്ള ശിപായിമാരുടെ ലക്ഷ്യത്തിന്റെ പേരില്‍, ദില്ലിയിലെ കുറേപേരും ശിപായികളുടെ വരവിനെ തുടക്കത്തില്‍ സ്വാഗതം ചെയ്തിരുന്നു. ബിഹാറില്‍ നിന്നും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍നിന്നുമുള്ള അപരിഷ്‌കൃതരും അക്രമാസക്തരുമായ കൃഷിക്കാരുടെ വന്‍സംഘമായ ഈ സേനയെക്കൊണ്ട് ഏറെത്താമസിയാതെതന്നെ ദില്ലിയിലെ ജനങ്ങള്‍ പൊറുതിമുട്ടി. അങ്ങനെ തുടക്കത്തില്‍ ലഹളയെ പിന്തുണച്ചിരുന്നവര്‍ പോലും ശിപായികള്‍ക്കെതിരായ നിലപാടുകളെടുത്തു.
ദില്ലി കലാപകാരികളുടെ കേന്ദ്രസ്ഥാനമായും മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറിനെ കലാപകാരികള്‍ ഇന്ത്യയുടെ യഥാര്‍ഥ ഭരണാധികാരിയായും അംഗീകരിക്കുകയും ലഹളക്ക് സഫറിന്റെ മൗനാനുവാദം ലഭിക്കുകയും ചെയ്തതോടെ വെറും പട്ടാളലഹളയായിത്തുടങ്ങിയ ഈ സംഭവത്തിന് വലിയ രാഷ്ട്രീയമാനം കൈവന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് അധീശത്വത്തിന് ഇതൊരു രാഷ്ട്രീയവെല്ലുവിളിയായി മാറി. അങ്ങനെ, ദില്ലി പിടിച്ചടക്കുക എന്നത് ബ്രിട്ടീഷുകാര്‍ക്ക് ജീവന്‍മരണപ്പോരാട്ടമായി. നാലുമാസത്തെ പോരാട്ടത്തിനു ശേഷം 1857 സെപ്റ്റംബറില്‍ ശിപായിമാരില്‍ നിന്ന് ദില്ലി പിടിച്ചെടുത്തു. പിടിച്ചടക്കിയ ദില്ലിയില്‍ കൊള്ളയടിയും കൂട്ടക്കൊലയും ഭീമമായ തോതില്‍ നടത്തുകയും ചെയ്തു. ബഹാദൂര്‍ഷാ സഫറിനെ മ്യാന്‍മറിലേക്ക് നാടുകടത്തുകയും അദ്ദേഹത്തിന്റെ മക്കളെ വധിക്കുകയും ചെയ്തു.
പ്രധാനപ്പെട്ട നഗരവാസികള്‍ കവികള്‍, രാജകുമാരന്‍മാര്‍, മുല്ലമാര്‍, കച്ചവടക്കാര്‍, സൂഫികള്‍, പണ്ഡിതര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ഇക്കാലത്ത് വേട്ടയാടപ്പെടുകയും തൂക്കിലേറ്റപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അവശേഷിച്ച ദില്ലി നിവാസികള്‍ ദരിദ്രരായി മാറി. ലഹളക്കുശേഷം ദില്ലിയുടെ ഭരണം പഞ്ചാബിലെ ചീഫ് കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരുന്നു നടത്തിയിരുന്നത്.
ശിപായി ലഹളയും മംഗള്‍ പാണ്ഡെയും
ശിപായികള്‍ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യന്‍ സൈനികര്‍ക്ക് അവരുടെ മതമുപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരേണ്ടിവരുമോ എന്ന ഭയമായിരുന്നു പെട്ടെന്ന് ലഹളയിലേക്കു നയിച്ചത്. മതത്തെക്കുറിച്ചുള്ള തീവ്രമായ പരിഭ്രാന്തി ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ നിലനിന്നിരുന്നു. തദ്ദേശീയ സൈനികര്‍ക്ക്, മുമ്പ് വിദേശസേവനം ഐച്ഛികമായിരുന്നത് ഡല്‍ഹൗസി പ്രഭു പുറത്തിറക്കിയ പുതിയ നിയമങ്ങള്‍ പ്രകാരം നിര്‍ബന്ധിതമാക്കി.
ഇതു കടല്‍ കടക്കുന്നത് അശുദ്ധിയായിക്കരുതിയിരുന്ന ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. കാട്രിഡ്ജ് പ്രശ്‌നമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. 1857ന്റെ തുടക്കത്തില്‍ പുതിയ എന്‍ഫീല്‍ഡ് റൈഫിളുകളും അതിന്റെ പവര്‍ കാട്രിഡ്ജുകളും ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയിരുന്നു. ഈ കാട്രിഡ്ജിലെ വെടിമരുന്ന് തോക്കില്‍ നിറക്കുന്നതിന് അതിന്റെ പൊതി സൈനികര്‍ പല്ലുകൊണ്ട് കടിച്ചു കീറേണ്ടിയിരുന്നു. ഈ പൊതിയിലെ ഗ്രീസ് മുസ്‌ലിംകള്‍ അശുദ്ധമായി കരുതുന്ന പന്നിയുടേതും ഹിന്ദുക്കള്‍ പരിശുദ്ധമാണെന്ന് പരിഗണിക്കുന്ന പശുവിന്റെതുമാണെന്ന ധാരണ അവരെ രോഷാകുലരാക്കി. ഇന്ത്യന്‍ പട്ടാളക്കാരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനും ഇത് ബ്രിട്ടീഷുകാര്‍ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി.
ഈ കാര്‍ട്രിഡ്ജ് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധം 1857 മാര്‍ച്ച് അവസാനവും ഏപ്രിലിലുമായി പലയിടങ്ങളിലായി അരങ്ങറി. ഹിന്ദുക്കളെ മതഭ്രഷ്ടരാക്കുന്നതിന് അവര്‍ക്കു നല്‍കുന്ന ധാന്യങ്ങളില്‍ എല്ലുപൊടി കലര്‍ത്തുന്നു എന്ന പ്രചാരണവുമുണ്ടായി.
അശുദ്ധിയെയും ഭ്രഷ്ടിനെയുംകുറിച്ചുള്ള ഈ ഭയത്തെ ഗൂഢാലോചന മൂലമുള്ള കിംവദന്തികള്‍ ശക്തമാക്കി. അതിനുപുറമേ ദത്താപഹാരനയം പോലെയുള്ള വ്യവസ്ഥകളുപയോഗിച്ച് നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കലും, രാജാക്കന്മാരെ പുറത്താക്കലും നാടുകടത്തലും, ഉപദ്രവകരമായ ഭൂമിനികുതി തിട്ടപ്പെടുത്തലും മൂലം ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് അനഭിമതരായി മാറുകയായിരുന്നു. വൈദേശികമതമായ ക്രിസ്തുമതത്തിന്റെ ആഗമനത്തെ പ്രതിരോധിക്കുന്നതിന് ഹിന്ദുക്കളും മുസ്‌ലിംകളുമായ ഇന്ത്യന്‍ സൈനികര്‍ ഒന്നുചേര്‍ന്നു.
ഡല്‍ഹി, കാന്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളായിരുന്നു ലഹള നടന്ന പ്രധാന സ്ഥലങ്ങള്‍. ഈ അനുസരണക്കേടിന് മംഗള്‍ പാണ്ഡെ എന്ന സൈനികനെ 1857 ഏപ്രില്‍ 8ന് തൂക്കിലേറ്റി. ഇദ്ദേഹമാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി.
കാന്‍പൂരും നാനാ സാഹിബും
കാന്‍പൂരിലെ ശിപായികളും മറ്റിടങ്ങളിലെന്നപോലെ കലാപമുയര്‍ത്തിയതിനുശേഷം ദില്ലിയിലേക്ക് നീങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും നാനാസാഹിബിന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളുടെ മേലധികാരികളായ ഇംഗ്ലീഷുകാരെ ആക്രമിക്കുന്നതിലേക്കാണ് തിരിഞ്ഞത്. ഹ്യൂ വീലറുടെ നിയന്ത്രണത്തിലായിരുന്ന കാന്‍പൂരിലെ ബ്രിട്ടീഷ് നേതൃത്വം, നാനാ സാഹിബിന്റെ നേതൃത്വത്തിലുള്ള ലഹളക്കാര്‍ക്കുമുമ്പില്‍ ജൂണ്‍ അവസാനത്തോടെ കീഴങ്ങിയിരുന്നു. തുടര്‍ന്ന് ലഹളക്കാര്‍ ബ്രിട്ടീഷുകാര്‍ക്ക് അലഹബാദിലേക്ക് പിന്‍വാങ്ങാന്‍ അനുമതി നല്‍കി. ഈ പിന്‍മാറ്റത്തിനിടെ ജൂണ്‍ 27ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി യൂറോപ്യന്‍മാര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടു. ഈ സംഭവത്തെത്തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ മനസിലും ഭയവും പ്രതികാരചിന്തയും പ്രബലമായി. കാന്‍പൂര്‍ ഓര്‍ക്കുക എന്ന വാക്യം ബ്രിട്ടീഷുകാരുടെ ഒരു യുദ്ധമുദ്രാവാക്യവും, വകതിരിവില്ലാത്ത കൊലപാതകങ്ങള്‍ക്കും കൊള്ളയടിക്കുമുള്ള ന്യായീകരണവുമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."