അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി. വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പീഡനക്കേസുകളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി പറഞ്ഞു. വാളയാര്‍ അട്ടപ്പള്ളം, കണ്ണൂരിലെ കൊട്ടിയൂര്‍, വയനാട്ടിലെ മുട്ടില്‍ എന്നീ കേസുകളിലെ പ്രതികളെല്ലാം പൊലിസ് വലയിലായിട്ടുണ്ട്. ഏത് ഉന്നതരായാലും ശ്രേഷ്ഠ വ്യക്തികളായാലും കുറ്റം ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്നും പൊലിസിന്റെ വീഴ്ചയാണ് പീഡനക്കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. പാലക്കാട് അട്ടപ്പള്ളം ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെല്ലാം പൊലിസ് നിരീക്ഷണത്തിലാണ്.
രണ്ടു മരണത്തിന്റെയും ചുരുളഴിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. വയനാട് മുട്ടില്‍ മുസ്‌ലിം ഓര്‍ഫനേജിലെ ഏഴ് പെണ്‍കുട്ടികളെ സമീപത്തെ കടയിലുള്ള രണ്ടുപേരും ഇവരുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ മാത്യുവിന് ക്രിമിനല്‍ മനസാണ് ഉള്ളത്.
ദൈവത്തിന്റെ പ്രതിനിധിയായി കാണുന്നയാളാണ് ഇത്തരമൊരു അധമത്വം കാണിച്ചിരിക്കുന്നത്. വടക്കഞ്ചേരി പീഡന കേസ് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ സംഭവത്തില്‍ ആദ്യകുട്ടി മരിച്ചപ്പോള്‍ തന്നെ പൊലിസ് ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് അടിയന്തര പ്രമേയനോട്ടിസ് അവതരിപ്പിച്ച കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വാളയാര്‍ പീഡന കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്ത്രീ പീഡന കേസുകള്‍ ആശങ്കയുളവാക്കുന്നതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."