ഡി.എന്‍.എ പരിശോധന എങ്ങനെ
ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ നൂതനമായ സാങ്കേതികവിദ്യയാണു ഡി.എന്‍.എ പരിശോധന. കുറ്റവാളികളെ കണ്ടെത്താനും പിതൃത്വപരിശോധനയ്ക്കും ലോകമെങ്ങും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവരുന്നു. വ്യാപകമായി പ്രയോഗത്തിലുണ്ടെങ്കിലും ഈ പരിശോധനയുടെ സാങ്കേതികവശമെന്താണെന്നു പലര്‍ക്കുമറിയില്ല.
ഡി.എന്‍.എയെ അറിയാം
ഡി.എന്‍.എ പരിശോധനയെന്താണെന്ന് അറിയുന്നതിനുമുന്‍പു ഡി.എന്‍.എയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ അറിയുന്നതു നല്ലതാണ്. മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും ജീനുകള്‍ അടങ്ങിയ 46 ക്രോമസോമുകളുണ്ടാകും. ഇവയില്‍ 23 എണ്ണം പിതാവില്‍നിന്നും 23 എണ്ണം മാതാവില്‍നിന്നും ലഭിക്കുന്നവയാണ്. ക്രോമസോമുകളുടെ അടിസ്ഥാനം ഡി.എന്‍.എ അഥവാ ഡീഓക്‌സി റൈബോ ന്യൂക്ലിക് ആസിഡാണ്. ഒരു കോശത്തിലെ ഡി.എന്‍.എയിലെ ജീനുകള്‍ പ്രസ്തുതകോശത്തിലെ പ്രവര്‍ത്തനത്തിനാവശ്യമായ തോതില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശംനല്‍കുന്നു.
ഡി.എന്‍.എ തന്മാത്രകള്‍ ദൈര്‍ഘ്യമേറിയ പോളിമര്‍ രൂപത്തിലുള്ളവയാണ്. ഇവയെല്ലാം ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകളുടെ ആവര്‍ത്തിക്കപ്പെടുന്ന ഏകകങ്ങള്‍കൊണ്ടാണു നിര്‍മിക്കപ്പെടുന്നത്. ഓരോ ഏകകവും ഒരു ഷുഗര്‍ അഥവാ 2 ഡീഓക്‌സി റൈബോസ്, ഫോസ്‌ഫേറ്റ്, ഒരു പ്യൂരിന്‍ അഥവാ പിരമിഡിന്‍ ബേസ് എന്നിവയെ ഉള്‍ക്കൊള്ളുന്നവയാണ്.
ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍ ഫോസ്‌ഫേറ്റ് ഗ്രൂപ്പുകള്‍കൊണ്ടു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇടവിട്ടുള്ള ഷുഗര്‍ ഫോസ്‌ഫേറ്റ് അവശേഷങ്ങളാണു പ്രസ്തുത തന്മാത്രയുടെ നട്ടെല്ലായി നിലകൊള്ളുന്നത്. പിരമിഡിന്‍ ബേസുകള്‍ ഈ നട്ടെല്ലിനോടു ബന്ധിപ്പിച്ചിരിക്കുന്നതു ഡീഓക്‌സി റൈബോ ന്യൂക്ലിയോറ്റൈഡുകള്‍കൊണ്ടാണ്. പിരമിഡിന്‍ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി.എന്‍.എയ്ക്കും ഓരോ വ്യക്തിത്വം സമ്മാനിക്കുന്നതെന്നു പറയാം.
ഡി.എന്‍.എയ്ക്കുള്ളിലെ
രഹസ്യഭാഷ
ഡി.എന്‍.എയിലെ വിവരങ്ങള്‍ ന്യൂക്ലിയോറ്റൈഡ് ക്രമാവര്‍ത്തിരൂപത്തിലാണു പകര്‍ത്തിവച്ചിട്ടുള്ളത്. നിരവധി ന്യൂക്ലിയോറ്റൈഡ് തന്മാത്രകള്‍കൊണ്ടാണു ഡി.എന്‍.എ നിര്‍മിച്ചിട്ടുള്ളത്. ഓരോ ന്യൂക്ലിയോറ്റൈഡിലും മൂന്നുതരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കും. അവ ഡീഓക്‌സി റൈബോയെന്ന പേരിലാണറിയപ്പെടുന്നത്. ഫോസ്‌ഫേറ്റ്, പഞ്ചസാര തന്മാത്രകള്‍, നൈട്രജന്‍ ബേസുകള്‍ തുടങ്ങിയവയാണവ.
നൈട്രജന്‍ ബേസുകള്‍ നാലുതരത്തിലുണ്ട്. അഡിനിന്‍, തെമി, ഗുവാനിന്‍, സൈറ്റോസിന്‍ തുടങ്ങിയവയാണവ. സാധാരണ രീതിയില്‍ ഒരു ന്യൂക്ലിയോറ്റൈഡില്‍ ഏതെങ്കിലുമൊരു നൈട്രജന്‍ ബേസ് മാത്രമേ കാണുകയുള്ളൂ. ഇവയുടെ ക്രമീകരണരീതിയും വ്യത്യസ്ഥമായിരിക്കും. നീളമുള്ള രണ്ടു തന്തുക്കള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പിരിയന്‍ഗോവണി രൂപത്തില്‍ ഡി.എന്‍.എ നിലകൊള്ളുന്നു. ഇവ നിര്‍മിച്ചിരിക്കുന്നതാകട്ടെ ഡീഓക്‌സി റൈബോസ് എന്ന പഞ്ചസാര തന്മാത്ര, ഫോസ്‌ഫേറ്റ് തന്മാത്ര എന്നിവ കൊണ്ടാണ് . ഈ ഗോവണിയുടെ പടികള്‍ നൈട്രജന്‍ ബേസുകള്‍ കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതു ഹൈഡ്രജന്‍ ബോണ്ടുകള്‍ കൊണ്ടാണ്.
നൈട്രജന്‍ ബേസുകളെക്കുറിച്ചുപറഞ്ഞല്ലോ, അഡിനിനും ഗുവാനിനും പ്യൂരിന്‍ ബേസുകളെന്നും തൈമിനും സൈറ്റോസിനും പിരമിഡ് ബേസുകളെന്നുമാണ് അറിയപ്പെടുന്നത്. അഡിനിന്‍ തൈമിനുമായും രണ്ടും സൈറ്റോസിന്‍ ഗുവാനിനുമായും മൂന്നും ഹൈഡ്രജന്‍ ബോണ്ടുകള്‍ വഴിയുമാണു സംയോജിക്കുന്നത്.
അതിനാല്‍ത്തന്നെ ഡി.എന്‍.എയുടെ രഹസ്യങ്ങള്‍ നിര്‍വചിക്കണമെങ്കില്‍ ന്യൂക്ലിയോറ്റൈഡ് ആവര്‍ത്തനത്തെ നിര്‍ധാരണം ചെയ്യാനാകണം. രഹസ്യമായ ജനിതകഭാഷയെ സാമാന്യഭാഷയിലേയ്ക്കു നിര്‍വചിക്കണമെന്നു സാരം. ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസം അനുദിനം സാധ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവ എളുപ്പമാണെന്നു പറയേണ്ടതില്ലല്ലോ.
ഡി.എന്‍.എ വേര്‍തിരിക്കാം
നമ്മുടെ ശരീരത്തിലെ ഏതു കോശത്തില്‍നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാം. രക്തം, വായിലെ ശ്ലേഷ്മസ്തരം, ശുക്ലം, തലമുടി, അസ്ഥി എന്നിവയില്‍നിന്നാണു സാധാരണയായി വേര്‍തിരിച്ചെടുക്കുന്നത്. കോശത്തിലെ കേന്ദ്രബിന്ദുവില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ഡി.എന്‍.എ സാമ്പിളുകള്‍ നിരവധി മാര്‍ഗങ്ങളുപയോഗിച്ച് അപഗ്രഥനം ചെയ്യാം.
അപഗ്രഥന രീതികള്‍
വേര്‍തിരിച്ചെടുത്ത ഡി.എന്‍.എയെ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍, വേര്യബിള്‍ നമ്പര്‍ ടാന്‍ഡം റിപീറ്റ്‌സ് അനാലിസിസ്, ആംപ്ലിഫൈഡ് ഫ്രാഗ്മെന്റ് ലെങ്ത് പോളിമോര്‍ഫിസം, റിവേഴ്‌സ് ഡോട്ട് ബ്ലോട്ട് അനാലിസിസ് തുടങ്ങിയ മാര്‍ഗങ്ങളുപയോഗിച്ചാണ് അപഗ്രഥനംനടത്തുന്നത്.
സാമ്പിളുകളുടെ ശേഖരണം
കുറ്റമറ്റരീതിയില്‍ സാമ്പിളുകള്‍ ശേഖരിച്ചാല്‍ മാത്രമേ ഡി.എന്‍.എ അപഗ്രഥനരീതി പൂര്‍ണമായും വിജയിക്കുകയുള്ളൂ. രക്തമാണു ശേഖരിക്കുന്നതെങ്കില്‍ ഹെപ്പാരിനോ ഇ.ഡി.റ്റി.എയോ ചേര്‍ത്തു രക്തം നന്നായി സംരക്ഷിക്കണം. രക്ത, ഉമിനീര്‍ക്കറകള്‍ വസ്ത്രങ്ങളിലോ മറ്റോ ആണെങ്കില്‍ അവ നന്നായി ഉണക്കിയശേഷം ശേഖരിക്കണം.
പരിശോധനാ രീതി
കൊല്ലപ്പെട്ടയാളിന്റേത്, സംഭവസ്ഥലത്തുനിന്നു ലഭിച്ചവ, കുറ്റവാളിയെന്നു സംശയിക്കുന്നയാളുടേത് എന്നിങ്ങനെയുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ഒരേസമയം വിശകലനത്തിനു വിധേയമാക്കി സാമ്യമുള്ളവ തിരിച്ചറിഞ്ഞാണു കുറ്റവാളിയെ കണ്ടെത്തുന്നത്. ഓരോ മനുഷ്യന്റെയും ഡി.എന്‍.എ ഘടന വ്യത്യസ്ഥമാണെന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനമെന്നു പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."