വനിതാദിനത്തില്‍ തീക്ഷ്ണമായ അനുഭവങ്ങള്‍ പങ്ക്‌വച്ച് വിപ്ലവനായികമാര്‍
ആലപ്പുഴ: വനിതാദിനത്തില്‍ സമരകാല അനുഭവങ്ങള്‍ വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മയും വിപ്ലവ ഗായിക പി.കെ മേദിനിയും പങ്കുവെച്ചപ്പോള്‍ പുതുതലമുറയ്ക്ക് ആവേശം. 'അമ്മയ്‌ക്കൊപ്പം അല്‍പ്പനേരം' എന്ന തലക്കെട്ടില്‍ ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി പ്രവര്‍ത്തകര്‍ ഗൗരിയമ്മയോടൊപ്പം വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഒത്തുചേരല്‍.
പാര്‍ട്ടി പരിപാടികള്‍ കഴിഞ്ഞ് ഏറെ രാത്രിയിലും ഒറ്റയ്ക്ക് പാടവരമ്പത്ത് കൂടെ നടന്നുവരുവാന്‍ സാധിക്കുന്ന കാലം ഇന്ന് മാറിയെന്ന് പറയുമ്പോള്‍ ഗൗരിയമ്മയുടെ മുഖത്ത് പ്രതിഷേധം. കൂടെയുള്ള പി കെ മേദിനിയും അതിനെ തലയാട്ടി അംഗീകരിച്ചു. സ്ത്രീ സുരക്ഷിതത്വം രാജ്യത്ത് ഉറപ്പാക്കാണ്ടതിന്റെ ആവശ്യതകളെപ്പറ്റി വാര്‍ദ്ധക്യത്തിന്റെ അവശതകളെ മറന്നും അവര്‍ വാചാലരായി. ഒരോ അമ്മ മാര്‍ക്കും പെണ്‍മക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാണെന്ന് പി.കെ മേദിനിയും പറഞ്ഞു.
മന്ത്രിയായിരിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുമായുള്ള ഒട്ടേറെ അനുഭവങ്ങളും ഗൗരിയമ്മ പങ്കുവെയ്ക്കാന്‍ മറന്നില്ല. സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മിയും സന്ധ്യാരാജും ചേര്‍ന്ന് ഗൗരിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗൗരിയമ്മയുടെ ആവശ്യപ്രകാരം പി.കെ മേദിനി വിപ്ലവഗാനവും ആലപിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ് സന്തോഷ്‌കുമാര്‍, ആര്‍ ബാലനുണ്ണിത്താന്‍, ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ്, ജില്ലാ സെക്രട്ടറി എസ് അജയസിംഹന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മണിവിശ്വനാഥ്, ജസീന്ത, ശാരി, മിനിമോള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."