സാമൂഹ്യ പ്രവത്തകർ കൈകോർത്തു; ഹൈദരബാദ് സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു
റിയാദ്: സാമൂഹ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപ്പെടലിലൂടെ ഹൈദരബാദ് സ്വദേശിയായ രോഗിയെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. സ്ടോക്ക് വന്നതിനെ തുടർന്ന് ശയ്യാവലംബിയായി മാറിയ ഹൈദരാബാദ് സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് മലയാളി സാമൂഹ്യ പ്രവർത്തകരുടെയും എംബസിയുടെയും കാരുണ്യത്താൽ തിങ്കളാഴ്ച ഫ്ളൈ നാസ് വിമാനത്തിൽ നാട്ടിലെത്തിക്കാനായത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫിന് നിയമപരമായ രേഖകളൊന്നുമുണ്ടായിരുന്നില്ല. റിയാദ് ടാക്കീസ് പ്രവർത്തകരാണ് ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെയും ഇന്ത്യൻ എംബസിയുടെയും ശ്രദ്ധയിൽ കൊണ്ട് വന്നത്. എമർജൻസി പാസ്പോർട്ട് ശരിയാക്കി നാട്ടിലേക്ക് വിടാനുള്ള ശ്രമത്തിനി ടെയാണ് ഇദ്ദേഹത്തിന്റെ പേരിൽ വാഹനാപകടവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളത് അറിയുന്നത്. വലിയൊരു തുക നഷ്ടപരിഹാരം നൽകേണ്ട കേസിൽ പണമടക്കാതെ നാട്ടിൽ പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ സാമൂഹ്യ പ്രാവർത്തകർ അബ്ദുലത്തീഫിനെതിരെ കേസ് ഫയൽ ചെയ്ത സ്വദേശി പൗരനെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ ബോധ്യപ്പെടുത്തി. നിരവധി തവണ അദ്ദേഹവുമായി സാമൂഹ്യ പ്രവർത്തകർ ചർച്ച നടത്തിയതിനെ
തുടർന്ന് തുക 5000 റിയാലായി കുറച്ചു തന്നു. ഈ തുക റിയാദിലെ ഉദാരമതികളിൽ നിന്നും റിയാദ് ടാക്കിസ് കണ്ടെത്തുകയും പണം നൽകുകയും ചെയ്തു. വീണ്ടും ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്നെങ്കിലും തുടർചികിത്സ അനിവാര്യമായിരുന്ന അബ്ദുലത്തീഫിനെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാനായി. ശിഹാബ് കൊട്ടുകാടിനൊപ്പം എംബസി ഉദ്യോഗസ്ഥർ, റിയാദ് ടാക്കീസ് പ്രവർത്തകർ, ഉദാരമനസ്ക്കർ എന്നിവർക്കെല്ലാം നന്ദി പറഞ്ഞാണ് ആ വയോധികൻ റിയാദിനോട് യാത്ര പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."