റോഡ് നിര്‍മാണ പ്രവൃത്തി മന്ദഗതിയില്‍; പൊടിശല്യത്താല്‍ പൊറുതിമുട്ടി ജനം
താമരശ്ശേരി: റോഡ് നിര്‍മാണ പ്രവൃത്തി മന്ദഗതിയിലായത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. താമരശ്ശേരി-മാനിപുരം-വരിട്ട്യാക്കില്‍ റോഡിന്റെ പ്രവൃത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്. ആറു മാസം മുന്‍പ് ആരംഭിച്ച പ്രവൃത്തിയാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്. നാഥ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈനേജിന്റെയും കയറ്റം കുറക്കുന്നതിന്റെയും പ്രവൃത്തി മാത്രമേ ഭാഗികമായി നടന്നിട്ടുള്ളൂ. നിലവിലെ ടാറിംഗ് പൊളിച്ചു നീക്കിയതിനാല്‍ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ അസഹനീയമായ പൊടിശല്യം നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. ഇതുമൂലം സമീപത്തെ കടകളിലെ സാധനങ്ങള്‍ നശിക്കുകയും വീടുകളില്‍ പൊടിശല്യം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ വന്നവരും പ്രദേശത്തുണ്ട്.
റോഡിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് അണ്ടോണ ടൗണ്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ബഹുജനപങ്കാളിത്തത്തോടെ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.കെ. ഷബീര്‍ അധ്യക്ഷനായി. പി.കെ ഹസന്‍ ഫാസില്‍ ഉദ്ഘാടനം ചെയ്തു. വാഹിദ് അണ്ടോണ, സി.കെ നൗഷാദ്, ഒ.ടി മുഹ്‌സിന്‍, റിയാസ്, ഷഫീക്ക് കുട്ടാവ, ഷമ്മാസ് അണ്ടോണ, ജാബിര്‍, ഷിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."