സാമ്പത്തിക ശേഷിയുള്ളവര്‍ ഒരു ഓഹരി പാവങ്ങള്‍ക്കായി നീക്കിവയ്ക്കണം: മന്ത്രി
കോവളം: വരും തലമുറയ്ക്കായി പണം സമ്പാദിച്ചുവയ്ക്കുന്നതിനെക്കാള്‍ വലിയ നിക്ഷേപമാണ് പാവപ്പെട്ടവന് നല്‍കുന്ന സഹായങ്ങളെന്നും മന്ത്രി കെ.ടി ജലീല്‍. എം. അലിയാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികാഘോഷവും സ്‌നേഹ സാന്ത്വന പരിപാടികളും വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമ്പത്തിക ശേഷിയുള്ളവര്‍ സമ്പത്തിന്റെ ഒരു ഓഹരിയും, അല്ലാത്തവര്‍ തങ്ങളുടെ കഴിവിന്റെയും സമയത്തിന്റെയും ഒരു ഓഹരിയെങ്കിലും പാവപ്പെട്ടവര്‍ക്കായി നീക്കിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
നൂറിലധികം കിടപ്പുരോഗികള്‍ക്ക് സാന്ത്വന പരിചരണം, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, വിഴിഞ്ഞവും പൂവാറും കേന്ദ്രമാക്കി രണ്ട് ആംബുലന്‍സ് സര്‍വിസുകള്‍, വിഴിഞ്ഞം, പുല്ലുവിള, പൂവാര്‍ എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം തുടങ്ങി നിരവധിപ്രവര്‍ത്തനങ്ങളാണ് അലിയാര്‍ ചാരിറ്റബില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ചടങ്ങില്‍ രോഗികള്‍ക്കുള്ള വീല്‍ചെയറും നിര്‍ധനര്‍ക്ക് ധാന്യക്കിറ്റും വസ്ത്രവും വിതരണം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.എസ് ഹരികുമാര്‍ അധ്യക്ഷനായി. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാന്‍ലി, പി. രാജേന്ദ്ര കുമാര്‍, സൊസൈറ്റി ഭാരവാഹികളായ അഡ്വ. എസ്. അജിത്, വണ്ടിത്തടം മധു, കെ.കെ വിജയന്‍, വി. അനൂപ്, കൗണ്‍സിലര്‍ എന്‍.എ റഷീദ്, കെ.ജി സനല്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."