ഗാന്ധി മാര്‍ഗം നാടിന്റെ നന്മയുടെ മാര്‍ഗം: മതനേതാക്കള്‍
തിരുവനന്തപുരം: രാജ്യത്തും ലോകത്തും സമാധാനം ഉണ്ടാകാനും മതങ്ങളും വ്യത്യസ്ത വിശ്വാസങ്ങളും തമ്മില്‍ തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാനും ഏറ്റവും ഉചിതമായ വഴിയാണ് ഗാന്ധി മാര്‍ഗമെന്നു വിവിധ മതനേതാക്കള്‍ വ്യക്തമാക്കി. വിശ്വശാന്തി ദിനാചരണത്തോടനുബന്ധിച്ച് കേരളാ ഗാന്ധി സ്മാരക നിധിയുടെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തൈക്കാട് ഗാന്ധി ഭവനില്‍ സംഘടിപ്പിച്ച മാനവ മൈത്രീ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു നേതാക്കള്‍. നാടിന്റെ നന്മയിലേക്കുള്ള മാര്‍ഗമാണ് ഗാന്ധിയന്‍ ചിന്തകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ മതനേതാക്കളായ പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, റൈറ്റ് റവ. ഫാ. യൂജിന്‍ പെരേര, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി എന്നിവര്‍ പങ്കെടുത്തു. ഗാന്ധി ഭവനില്‍ നടന്ന മാനവമൈത്രീ സമ്മേളനം കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. കേരളാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി മുരുക്കുംപുഴ സി. രാജേന്ദ്രന്‍, ഗാന്ധി സ്മാരക നിധി സെക്രട്ടറി പി. മനോഹരന്‍, ശാന്തി സമിതി സെക്രട്ടറി ജെ.എം റഹിം, എം. ശോഭ സംസാരിച്ചു. സ്വന്തം കുടുംബ പങ്കാളിത്തത്തില്‍നിന്ന് ഒരേക്കര്‍ സ്ഥലം ഇരുപതു പാവങ്ങള്‍ക്കു സൗജന്യമായി നല്‍കിയ നിയാസ് ഭാരതി, തിരുവനന്തപുരം ജില്ലയില്‍ നൂറു ലഹരി വിരുദ്ധ പ്രഭാഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മദ്യവര്‍ജന സമിതി പ്രസിഡന്റ് റസീഫ് മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."