ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വീണ്ടും നീക്കം: അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: എ.എന്‍ ഷംസീറിന്റെ ഭാര്യയെ വീണ്ടും സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണെന്നു മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി. ഷംസീറിന്റെ ഭാര്യയെ നിയമിച്ചതിനെതിരെ നിയമപോരാട്ടത്തിനൊടുവില്‍ ജോലി നേടിയ ബിന്ദു സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നു ഒഴിയുകയാണ്. ഈ ഒഴിവിലേക്ക് ഷംസീറിന്റെ ഭാര്യയെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്നു അബ്ദുല്ലകുട്ടി ആരോപിച്ചു.
രാഷ്ട്രീയ നിറം നോക്കി ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയുന്ന സര്‍വകലാശാല അധികൃതരുടെ നടപടി അവസാനിപ്പിക്കുക, ചട്ടം ലംഘിച്ച സ്ഥലംമാറ്റം റദ്ദ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചു കണ്ണൂര്‍ സര്‍വകലാശാല സ്റ്റാഫ് ഓര്ഗനൈസേഷന് സര്‍വകലാശാലക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സര്‍വകലാശാലയെ മാനം കെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നു വൈസ് ചാന്‍സിലര്‍ പിന്തിരിയണം. രാഷ്ട്രീയ പാര്ട്ടിക്കാരന് പറയുന്നത് കേള്‍ക്കുന്ന ഒരു വൈസ് ചാന്‍സിലറാണ് ഇവിടെയുള്ളത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നു ലഭിക്കുന്ന തിട്ടൂരത്തിന് അനുസരിച്ച് ഭരിക്കാന്‍ ഇവിടെ ഒരു വൈസ് ചാന്‍സിലറുടെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. യൂനിവേഴ്സിറ്റി സ്റ്റാഫ് ഓര്ഗനൈസേഷന് പ്രസിഡന്റ് ജയന് ചാലില്‍ അധ്യക്ഷനായി. ഹരിദാസന്, പി. പ്രേമന്, ഷാജി കരിപ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."