ഗോത്ര വര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ഗോത്ര വര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജിനായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി.
ഇയാള്‍ക്കെതിരേ പരാതി ഉണ്ടായ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ പോയത്. ചൊവ്വ ഉച്ചക്ക് 12ഓടെ ഇയാളുടെ സെല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനിടെ ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ ഇയാളുടെ പാസ്പോര്‍ട്ട് പൊലിസ് പിടിച്ചെടുത്തു. എയര്‍ പോര്‍ട്ടുകളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതായും പൊലിസ് അറിയിച്ചു.കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ക്രൈം മെമോ അയച്ചതായും കേസ് അന്വേഷണം നടത്തുന്ന എസ്.എം.എസ് ഡി.വൈ.എസ്.പി പറഞ്ഞു. ഇതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേ സമയം അടുത്ത ദിവസം ഒ.എം ജോര്‍ജ് കീഴടങ്ങുമെന്നും സൂചനയുണ്ട്.
'പ്രതിയെ ഉടന്‍ പിടികൂടണം'
സുല്‍ത്താന്‍ ബത്തേരി: ഗോത്ര വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും എസ്.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിക്ക് നേതാക്കളായ ഋതുശോഭ്, വിനീഷ് ഇജാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."