സി.പി.എം പ്രാദേശികനേതാവിന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് സി.പി.എം: ആരോപണവിധേയന്‍ സക്കീര്‍ ഹുസൈന്‍ സ്ഥാനമൊഴിയണമെന്ന് എം.എം ലോറന്‍സ്
കാക്കനാട്: അയ്യനാട് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.എ സിയാദിന്റെ ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍.സിയാദുമായി തനിക്കു വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. സിയാദിന്റെ ആത്മഹത്യാക്കുറിപ്പ് ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം. സിയാദും സഹോദരനും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ദുരൂഹതയുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
സക്കീര്‍ ഹുസൈനു പുറമെ ബാങ്ക് പ്രസിഡന്റ് കെ.ആര്‍ ജയചന്ദ്രന്‍, സി.പി.എം വാഴക്കാല കുന്നേപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളാണ് സിയാദിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിയാദിനെ കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേ സമയം അയ്യനാട് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സിയാദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമായും സത്യസന്ധമായും പാര്‍ട്ടി അന്വേഷിക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് ആവശ്യപ്പെട്ടു.
കളമശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയുകയാണ് വേണ്ടത്. പാര്‍ട്ടിയിലെ ഒരു വ്യക്തിക്കെതിരേ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കും. പാര്‍ട്ടി പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച് ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതു കൃത്യമായി പാര്‍ട്ടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."