സര്‍ക്കാര്‍ ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് ജീവനക്കാരനും മുന്നോക്ക സമുദായ കോര്പറേഷന് ജനറല്‍ മാനേജരുമായ ആര്.പി രഞ്ജന്‍ രാജ്, സെക്രട്ടേറിയറ്റിലെ സീനിയര്‍ അസിസ്റ്റന്റ് ഷിബു കെ നായര്‍, വെഞ്ഞാറമൂട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസിലെ ഡ്രൈവര്‍ ജി.കെ സുമേഷ്, നിയമസഭ ഹോസ്റ്റല്‍ എസ്റ്റാബ്ലിഷ്മെന്റ് അമിനിറ്റി അസിസ്റ്റന്റ് രാജേന്ദ്ര പ്രസാദ്, കെ.എസ്.എഫ്.ഇ ബാലരാമപുരം ബ്രാഞ്ചിലെ ജൂനിയര്‍ അസിസ്റ്റന്റ് ജഗദീഷ് കുമാര്‍, അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് സുധി, തിരുവനന്തപുരം എം.എ.സി.ടിയിലെ എല്‍.ഡി ക്ലര്‍ക്ക് ജെ.എസ് വന്ദന എന്നിവരെ വിജിലന്‍സ് ചോദ്യം ചെയ്തു.
തിരുവനന്തപുരം നഗരത്തിലെ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഷിബു കെ നായര്‍ നല്കിയ അപേക്ഷ പ്രകാരം ശൂന്യവേതനാവധി അനുവദിച്ചിരുന്നു.
എന്നാല്‍ ഇയാള്‍ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ പി.എസ്.സി പരിശീലന ക്ലാസെടുക്കുന്നതായി കണ്ടെത്തിയതിനാല്‍ ഈ ഉത്തരവുകള്‍ റദ്ദാക്കുന്നത് പരിശോധിക്കും. അതേസമയം മുന്നോക്ക സമുദായ കോര്പറേഷന് ജനറല്‍ മാനേജരും സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ രഞ്ജന്‍ രാജന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ കണ്ടെത്തിയിട്ടില്ല. എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."