ലോഡ് രേഖപ്പെടുത്താനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും
മങ്കട: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ യഥാര്‍ഥ ലോഡ് (ഉപകരണങ്ങളുടെ വാട്‌സ്) കെ.എസ്.ഇ.ബി ഓഫിസുകളില്‍ സൗജന്യമായി രേഖപ്പെടുത്താനുള്ള സമയ പരിധി മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി. മാര്‍ച്ച് 31ന് ശേഷം കെ.എസ്.ഇ.ബിയുടെ സ്‌ക്വാഡുകള്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധനക്കെത്തും. സെക്ഷന്‍ ഓഫിസില്‍ രേഖപ്പെടുത്തിയ ലോഡില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത പിഴ നല്‍കേണ്ടി വരും. 1-10-2019 ലാണ് കെ.എസ്.ഇ.ബി ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലോഡ് വെളിപ്പെടുത്തുന്നതിന് സൗകര്യമൊരുക്കി ഉത്തരവിട്ടത്. 2019 ഒക്ടോബര്‍ 31 വരെയാണ് ആദ്യ ഘട്ടത്തില്‍ സമയം അനുവദിച്ചിരുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മതിയായ സമയം ലഭിച്ചില്ലെന്ന പരാതി വ്യാപകമായതോടെ 2020 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു. ഭൂരിഭാഗം ഗാര്‍ഹിക ഉപയോക്താക്കളും സൗജന്യ സേവനം ഉപയോഗപ്പെടുത്തി യഥാര്‍ഥ ലോഡ് സെക്ഷന്‍ ഓഫിസുകളില്‍ രേഖപ്പെടുത്തിയെങ്കിലും, ഗാര്‍ഹികേതര ഉപയോക്തക്കള്‍ (വാണിജ്യ സ്ഥാപനങ്ങള്‍ ) ഭൂരിഭാഗവും ഈ സേവനം വേണ്ട രീതിയില്‍ പ്രയോജന പ്പെടുത്താന്‍ തയാറായിട്ടില്ല.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങള്‍ കെ.എസ്.ഇ.ബിയില്‍ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ല. പുതിയ വീട്, വ്യാപാര സ്ഥാപനങ്ങള്‍, പഴയ വീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഉപയോക്താവിന് അനുവദിച്ചിട്ടുള്ള കണ്‍സ്യൂമര്‍ നമ്പറില്‍ സെക്ഷന്‍ ഓഫിസുകളില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താനും പിഴയില്‍ നിന്ന് ഒഴിവാക്കാനുമാണ് സൗജന്യമായി സമയം അനുവദിച്ചത്.
സെക്ഷന്‍ ഓഫിസുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേക അപേക്ഷ ഫോറാം തയാറാക്കിയിട്ടുണ്ട്.
ഇതില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തി നല്‍കിയാല്‍ മതി. ഇത് തികച്ചും സൗജന്യവുമാണ്. മാര്‍ച്ച് 31ന് ശേഷം ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ വലിയ തുക ഉപയോക്താവ് ചെലവഴിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."