ഹൈറേഞ്ചിനെ വിറപ്പിച്ച് ഇടുക്കിയില്‍ വീണ്ടും ഭൂചലനം
തൊടുപുഴ: ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നെടുങ്കണ്ടമാണ്. റിക്ടര്‍ സ്‌കെയില്‍ 2.7, 2.8 രേഖപ്പെടുത്തിയ ചലനങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ അനുഭവപ്പെട്ടത്.
നെടുങ്കണ്ടം, പാമ്പാടുംപാറ, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ മേഖലകളില്‍ ആറ് തവണ ഭൂമി കുലുങ്ങി. ഒന്നിലധികം തവണ ഭൂമി കുലുങ്ങിയതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി. ഉച്ചവരെ വീടിനു പുറത്താണ് പലരും സുരക്ഷിതരായി കഴിച്ചുകൂട്ടിയത്.
അഞ്ച് വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ചോറ്റുപാറയിലെ ഭൂകമ്പ മാപനി കേന്ദ്രത്തിന്റെ ഭിത്തിയിലും വിള്ളല്‍ വീണു. ആദിയാര്‍പുരം വട്ടമലയില്‍ തമ്പിയുടെ വീടിന്റ ഭിത്തി വിണ്ടുകീറി.
മുണ്ടിയെരുമ കണ്ണാക്കുഴിയില്‍ ജയിംസ്, ബ്ലോക്ക് നമ്പര്‍ 180ല്‍ എം.കെ ഹരിലാല്‍, കീഴെകുന്നത്ത് വിനു, ചോറ്റുപാറ ശക്തിവിലാസം ശശിധരന്‍ എന്നിവരുടെ വീടുകളുടെ ഭിത്തിയും ചുറ്റുമതിലും വിണ്ടുകീറി.
ഇന്നലെ രാവിലെ 7.10, 8.58, 9.46, 10.10, 12.31, 1.58 എന്നീ സമയങ്ങളിലാണ് ഭൂമി കുലുങ്ങിയത്. 7.10 നുണ്ടായ ചലനം നേരിയ പ്രകമ്പനം മാത്രമാണ് സൃഷ്ടിച്ചത്. 9.46 നുണ്ടായ 2.8 രേഖപ്പെടുത്തിയ ഭൂചലനം ഹൈറേഞ്ചിനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു.
തൂക്കുപാലത്തും പാമ്പാടുംപാറയിലും 8.58 നുണ്ടായ ഭൂചലനവും വന്‍ പ്രകമ്പനം സൃഷ്ടിച്ചു. രാവിലെ വെടിവയ്ക്കുന്ന പോലെ ശബ്ദം കേട്ടെങ്കിലും ഭൂമി കുലുക്കമാണെന്ന് ആര്‍ക്കും മനസിലായില്ല.
ആദ്യം പാറമടയില്‍ നിന്ന് വെടിപൊട്ടുന്ന ശബ്ദമെന്നാണ് പലരും കരുതിയത്. പാമ്പാടുംപാറ മേഖലയിലാണ് വന്‍ പ്രകമ്പനം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."