കര്‍ഷകര്‍ക്ക് 6000 രൂപ ലഭിക്കുക മൂന്നു ഘട്ടമായി
ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍ ഭൂമിവരെ കൈവശമുള്ള, ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുക 2000 രൂപയുടെ മൂന്ന് തവണകളായി. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം കൈമാറും.
ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. ഇതിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് 75,000 കോടി രൂപയും 2018-19ലെ പുതുക്കിയ പ്രതീക്ഷിത ചെലവു പ്രകാരം 20,000 കോടി രൂപയും ചെലവു പ്രതീക്ഷിക്കുതായി മന്ത്രി പറഞ്ഞു. രാജ്യത്തെ 12 കോടിയോളം വരുന്ന ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ഡിസംബര്‍ ഒന്നു മുതല്‍ ഈ പദ്ധതിക്ക് പ്രാബല്യമുണ്ടാകും. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ആദ്യ ഗഡു ഈ വര്‍ഷം തന്നെ നല്‍കും.
പശുക്കളുടെ സുസ്ഥിര ജനറ്റിക് അപ്ഗ്രഡേഷനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായാണ് രാഷ്ട്രീയ കാംധേനു ആയോഗ് നടപ്പിലാക്കുക. പശുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ക്ഷേമപദ്ധതികളുടെയും ഫലപ്രദമായ നടപ്പിലാക്കല്‍ കാംധേനു ആയോഗ് ഉറപ്പുവരുത്തും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ എടുക്കുന്ന മൃഗസംരക്ഷണ, ഫിഷറീസ് മേഖലയിലെ കര്‍ഷകര്‍ക്ക് 2 ശതമാനം പലിശ ഇളവ് നല്‍കും. ഇതിനു പുറമെ കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് അധികമായി 3 ശതമാനംവായ്പാ ഇളവ് നല്‍കും. പ്രകൃതിദുരന്തങ്ങള്‍ ഗുരുതരമായി ബാധിച്ച കര്‍ഷകര്‍ക്ക് ദേശീയ ദുരന്ത നിവാരണ നിധിയില്‍നിന്ന് സഹായം നല്‍കുന്ന അവസരങ്ങളില്‍ 2 ശതമാനം പലിശ ഇളവ് നല്‍കും. കൃത്യമായ വായ്പാ തിരിച്ചടവിന് പുനസംഘടിപ്പിക്കപ്പെട്ട വായ്പാ കാലാവധി മുഴുവന്‍ 3 ശതമാനം വായ്പ ഇളവ് ലഭ്യമാക്കും.
2019 മാര്‍ച്ചിനകം എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ എത്തിക്കും. ഇതുവരെ 143 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു. രാജ്യത്തെ 50 കോടിയോളം പേര്‍ക്കു ചികില്‍സ ലഭ്യമാക്കുതിനുള്ളതും ലോകത്തിലെ ഏറ്റവും ബൃഹത്തായ ചികില്‍സാ പദ്ധതിയുമായ ആയുഷ്മാന്‍ ഭാരത് വഴി ഇതുവരെ പത്തു ലക്ഷത്തോളം രോഗികള്‍ സൗജന്യചികില്‍സ നേടി.
സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി ഇടക്കാല ബജറ്റില്‍ 1330 കോടി രൂപ വകയിരുത്തി. ദൗത്യത്തിന്റെ പുതുക്കിയ പദ്ധതികള്‍ക്കായി 174 കോടി രൂപയുടെ വര്‍ധനവാണ് 2018-19 കാലഘട്ടത്തിനു വകയിരുത്തുന്നത്. ഉജ്ജ്വല യോജന പ്രകാരം 8 കോടി സൗജന്യ പാചക വാതക കണക്ഷനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 6 കോടി കണക്ഷനുകള്‍ ഇതിനകം നല്‍കി. ശേഷിക്കുന്ന സൗജന്യ കണക്ഷനുകള്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന്
അവഗണന
മധ്യവര്‍ത്തി സമൂഹത്തിനും കര്‍ഷകര്‍ക്കും വലിയ നേട്ടങ്ങളെന്ന് പ്രഖ്യാപിച്ച് അവതരിപ്പിച്ച ബജറ്റില്‍ വിദ്യാഭ്യാസ രംഗത്തിന് പൂര്‍ണതോതിലുള്ള സഹായം ലഭ്യമാകില്ല.
വിദ്യാഭ്യാസം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലാത്തതുകൊണ്ട് ഇതിനെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി 2018-19 വര്‍ഷത്തില്‍ 32,334 കോടി വകയിരുത്തിയപ്പോള്‍ ഇത്തവണ 38,572 കോടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു പറയുന്നുണ്ടെങ്കിലും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്.
റെയില്‍വേയ്ക്ക് 1.58 ലക്ഷം കോടി
2019-20 വര്‍ഷത്തേക്ക് റെയില്‍വേയ്ക്ക് 1.58 ലക്ഷം കോടി രൂപയാണ് ആകെ ബജറ്റ് വിഹിതമെന്നു ധനമന്ത്രി പിയൂഷ് ഗോയല്‍.
റെയില്‍വേ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായ വര്‍ഷമാണ് കഴിഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ആളില്ലാത്ത ലെവല്‍ ക്രോസുകളും ഇല്ലാതാക്കി.
ഇന്ത്യ ആദ്യമായി ആഭ്യന്തരമായി വികസിപ്പിച്ച് നിര്‍മിച്ച സെമി ഹൈസ്പീഡ് ട്രെയിന്‍ 'വന്ദേ ഭാരത് എക്‌സ്പ്രസ്' യാത്രക്കാര്‍ക്ക് വേഗതയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും രാജ്യാന്തരതലത്തിലുള്ള അനുഭവമാണ് നല്‍കിയത്. ഈ നിര്‍ണായകമായ നീക്കത്തിനു പിന്നില്‍ പൂര്‍ണമായും നമ്മുടെ എന്‍ജിനിയര്‍മാര്‍ ആണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ വരുമാനം 96.2 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് വീണ്ടും 95 ശതമാനത്തിന് മുകളിലേക്കാണ് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം റെയില്‍വേ യാത്രാ-ചരക്കു കൂലി വര്‍ധിപ്പിക്കില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു. 2014ന് ശേഷം റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ആവശ്യം 148 ശതമാനംകണ്ട് വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."