HOME
DETAILS
MAL
കൊവിഡ്-19: സഊദിയിൽ 24 പുതിയ കേസുകൾ കൂടി, രോഗ ബാധിതരുടെ എണ്ണം 86 ആയി ഉയർന്നു
backup
March 14 2020 | 05:03 AM
റിയാദ്: സഊദിയിൽ പുതുതായി 24 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യാത്താകെ കണ്ടെത്തിയ വൈറസ് ബാധിതരുടെ എണ്ണം 86 ആയി ഉയർന്നു. ഇന്നലെ രാത്രിയോടെയാണ് കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്തിയതായി സഊദി അധികൃതർ വ്യക്തമാക്കിയത്. ഫ്രാൻസിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഒരു സ്വദേശി വനിതയും ഇറ്റലിയിൽ നിന്ന് വന്ന മറ്റൊരു സ്വദേശിയും ഉൾപ്പെടെയാണ് 24 കേസുകൾ കണ്ടെത്തിയത്. ഫ്രാൻസിൽ നിന്നെത്തിയ വനിതയെ റിയാദിലും ഇറ്റലിയിൽ നിന്നെത്തിയ സ്വദേശിയെ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലും ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
കിഴക്കൻ മേഖലയിൽ ഏഴ് സ്വദേശി പൗരന്മാർ നിരീക്ഷണത്തിലുണ്ട്. നേരത്തെ കണ്ടെത്തിയ വൈറസ് ബാധിതരുമായി അടുത്തിടപഴകിയവരാണിവർ. വെള്ളിയാഴ്ച സ്ഥിരീകരിച്ച 24 വൈറസ് ബാധിതരിൽ14 പേർ ഈജിപ്ഷ്യൻ പൗരന്മാരാണ്. ഇവരടക്കം മറ്റൊരു ബംഗ്ലാദേശ് പൗരൻ ഉൾപ്പെടെയുള്ളവർ മക്കയിലാണ്. ഏറ്റവും ഉയർന്ന തലങ്ങളിലുള്ള പ്രതിരോധ നടപടികൾ തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
വിവിധ പ്രവേശന കവാടങ്ങളിൽ എത്തിയ 600,000 യാത്രക്കാരെ പരിശോധിക്കുകയും തരംതിരിക്കുകയും ചെയ്തുവെന്നും സംശയാസ്പദമായ 4,800 ലധികം സാമ്പിളുകൾ ശേഖരിച്ചു ലബോറട്ടറി പരിശോധനകൾ നടത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു പരിപാടികൾ നിർത്തിയതുൾപ്പെടെ രാജ്യത്ത് കർശന നിരീക്ഷണവും പ്രതിരോധ നടപടികളും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."