കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികള്‍ ഇനി ഹരിതകര്‍മ സേനാംഗങ്ങള്‍
കോഴിക്കോട്: കോര്‍പറേഷനില്‍ കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികളായി നിയമിക്കപ്പെട്ട മുഴുവന്‍ തൊഴിലാളികളും ഹരിതകര്‍മ്മ സേനാംഗങ്ങളാകുന്നു. ഏപ്രില്‍ മുതല്‍ ഇവര്‍ ഹരിതകര്‍മ്മ സേനാംഗങ്ങളായി മാറും. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തു.
നിലവില്‍ 318 പേരാണ് കുടുംബശ്രീ ഖരമാലിന്യ തൊഴിലാളികളായുള്ളത്. ഇതില്‍ 110 പേര്‍ ഹരിതകര്‍മ്മ സേനയാകുന്നതിന്റെ ഭാഗമായുള്ള പരീശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബാക്കിവരുന്ന തൊഴിലാളികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 680 പേരെയാണ് ഹരിതകര്‍മ്മ സേനയിലേക്ക് ആവശ്യമുള്ളത്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി പരസ്യം നല്‍കാനും യോഗം അനുമതി നല്‍കി. മാലിന്യശേഖരണം എന്നതിനൊപ്പം അടുക്കളത്തോട്ട നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദേശവും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നല്‍കും. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനായി 61,63 വാര്‍ഡുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അജൈവ മാലിന്യങ്ങളാണു നിലവില്‍ ഇവര്‍ വീടുകളില്‍നിന്ന് ശേഖരിക്കുക. എന്നാല്‍ ആവശ്യപ്പെടുന്ന പക്ഷം ജൈവമാലിന്യങ്ങളും ശേഖരിക്കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ആവശ്യമായ റസീറ്റ് ബുക്ക്, രജിസ്റ്റര്‍, നോട്ടിസ് എന്നിവ പ്രിന്റ് ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ മൂല്യമുള്ളവ ലേലം ചെയ്ത് വില്‍പന നടത്താനും ഹരിതകര്‍മ്മ സേനയെ ചുമതലപ്പെടുത്തി. മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അനുശോചിച്ചു.
കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്‍പ് ഒരു മിനുട്ട് മൗനം ആചരിക്കുകയും ചെയ്തു.
കോര്‍പറേഷന് പുതിയ സെക്രട്ടറി
കോഴിക്കോട്: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കോഴിക്കോട് കോര്‍പറേഷനില്‍ പുതിയ സെക്രട്ടറി ചുമതലയേറ്റു.
ബിനു ഫ്രാന്‍സിസാണ് പുതിയ സെക്രട്ടറിയായി ചുമതലയേറ്റത്. നേരത്തെ കുടുംബശ്രീയില്‍ പി.എം.എ.വൈ പദ്ധതിയുടെ സ്റ്റേറ്റ് കോഡിനേറ്ററായിരുന്നു. ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ, കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ (അര്‍ബന്‍), ഹൗസിങ് മിഷന്‍ ഡയരക്ടര്‍ എന്നീ തസ്തികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."