'എജ്യൂമിയ' പുറത്തിറങ്ങി; ഇനി പഠനം കൂടുതല്‍ ഈസി
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠനക്കുറിപ്പുകള്‍, പരീക്ഷാ സഹായികള്‍, മാതൃകാചോദ്യങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ തേടി ഇനി അലയേണ്ടതില്ല. എല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് 'എജ്യൂമിയ' ആപ്. വിദ്യാര്‍ഥികളെ പഠനത്തില്‍ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്താണ് മൊബൈല്‍ ആപുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ രക്ഷാകര്‍ത്താക്കളുടെ പിന്തുണയും ശ്രദ്ധയും ഉറപ്പുവരുത്തുന്ന രീതിയിലാണു മൊബൈല്‍ ആപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അധ്യാപകരുടെ പ്രത്യേക കുറിപ്പുകളും മുന്‍പുവന്ന ചോദ്യങ്ങളും ആപില്‍ ലഭ്യമാകും. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 178 വിദ്യാലയങ്ങളില്‍ ആപ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് app.kozhikodedde.com, appeducareonline.com, എന്നീ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ ഈ സേവനം ലഭ്യമാകും. ഓരോ സ്‌കൂളുകളിലും ഒരു അധ്യാപകന്റെ മേല്‍നോട്ടത്തിലായിരിക്കും ആപ് പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ ഫോണിലേക്ക് കുറിപ്പുകള്‍ ഷെയര്‍ ചെയ്യപ്പെടും. പരീക്ഷാ കാലത്തെ പിരിമുറുക്കം കുറയ്ക്കാനും ആഹാര ആരോഗ്യ ശീലങ്ങള്‍ പരിപാലിക്കുന്നതിനും നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക പരിശീലനം നല്‍കിവരുന്നുണ്ട്. അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ആപിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ പിന്തുണയോടെ ജില്ലയിലെ 140 വിദ്യാലയങ്ങളില്‍ നിന്നുള്ള 30,000 വിദ്യാര്‍ഥികളുടെ അര്‍ധവാര്‍ഷിക പരീക്ഷാ വിശകലനം നടത്തിയാണു പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷാഫലം ഓണ്‍ലൈനായി ശേഖരിച്ച് അപഗ്രഥനത്തിനു വിധേയമാക്കുകയായിരുന്നു.
നിപാ, പ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ മൂലം അധ്യയന വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടത് പഠനമികവിനെ ബാധിക്കരുതെന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് പദ്ധതിയുമായി രംഗത്തെത്തിയതെന്നും ബാബു പറശ്ശേരി അറിയിച്ചു. ആപിന്റെ ഔപചാരിക ലോഞ്ചിങ്ങും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട്, സുജാത മനയ്ക്കല്‍, പി.കെ സജിത, മുക്കം മുഹമ്മദ്, പി.ഡി ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."