ചെറിയ രാജ്യത്തെ വലിയ എഴുത്തുകാരി
സ്വീഡനിലെ നൂറിലധികം ലൈബ്രറികളിലെ ലൈബ്രേറിയന്‍മാര്‍ തെരഞ്ഞെടുത്ത നാല്‍പ്പത്തിയേഴ് എഴുത്തുകാരില്‍നിന്നു മുപ്പതിനായിരത്തിലധികം വരുന്ന ലൈബ്രറി അംഗങ്ങള്‍ വോട്ടിങ്ങിലൂടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മൂന്നു പേരില്‍ മറൈസ് കോണ്‍ഡേയുടെ കൈകളില്‍ പുരസ്‌കാരമെത്തിയപ്പോള്‍ അവരോടൊപ്പം അംഗീകരിക്കപ്പെട്ടത് ഗ്വാഡലൂപ് എന്ന, കരീബിയന്‍ ദ്വീപ് സമൂഹത്തിലെ തീരെച്ചെറിയ, അതുവരെ സഹൃദയലോകം ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത അവരുടെ മാതൃരാജ്യം കൂടിയായിരുന്നു.
ഗ്വാഡലൂപിലെ ഏറ്റവും വലിയ പട്ടണമായ പെന്റാ പിട്രേയില്‍ 1937 ല്‍ ജനിച്ച മറൈസ് കോണ്‍ഡേ എട്ടാമത്തെ വയസില്‍ ഒരു ഏകാംഗ നാടകമെഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. എമിലി ബ്രോണ്ടിയുടെ വൂതെറിങ് ഹൈറ്റ്‌സ് ചെറുപ്പത്തിലേ അവരില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. പാരീസിലെ ഉപരിപഠനത്തിനുശേഷം കുറേക്കാലം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിവിധ സ്‌കൂളുകളില്‍ അവര്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പിന്നീട് താരതമ്യസാഹിത്യത്തില്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദം നേടി സര്‍വകലാശാലാ അധ്യാപികയായി. 2004 ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച കോണ്‍ഡേ ഇപ്പോള്‍ എഴുത്തിന്റേയും വായനയുടേയും ലോകത്ത് സജീവമാണ്.
നോവലാണ് മറൈസ് കോണ്‍ഡേയുടെ പ്രധാന തട്ടകം. ഇരുപതോളം നോവലുകളെഴുതിയിട്ടുള്ള ഈ എഴുത്തുകാരിയുടെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ സെഗു 1987 ല്‍ പ്രസിദ്ധീകരിച്ചു. രണ്ടു ഭാഗങ്ങളുള്ള ഈ നോവല്‍ അടിമ വ്യാപാരത്തിനും സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കുമെതിരെ ആഫ്രിക്കന്‍ രാജ്യമായ സെഗുവിലെ ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഒരു അടിമസ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഐ, ടിറ്റൂബ, ബ്ലാക്ക് വിച്ച് ഓഫ് ശാലേം, കരീബിയന്‍ സംസ്‌കാരത്തിന്റെ സൂക്ഷ്മാംശങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രോസിങ്ങ് ദി മംഗ്രോവ്‌സ്, ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ വിവരിക്കുന്ന സ്റ്റോറി ഓഫ് ദി കാന്നിബാള്‍ വുമണ്‍ എന്നിവയാണ് ഇവരുടെ മറ്റു പ്രമുഖ നോവലുകള്‍. കോണ്‍ഡേയുടെ പില്‍ക്കാല രചനകള്‍ മിക്കതും ആത്മകഥാപരമാണ്. മെമ്മറീസ് ഓഫ് മൈ ചൈല്‍ഡ് ഹുഡ്, വിക്തോയര്‍, ഹൂ സ്ലാഷ്ഡ് സെലാനിര്‍സ് ത്രോട്ട് എന്നിവ ബാല്യകാലസ്മരണകളുടേയും ഓര്‍മക്കുറിപ്പുകളുടേയും സമാഹാരങ്ങളാണ്. ഇവയ്ക്കു പുറമെ കരീബിയന്‍ സാഹിത്യത്തേയും സംസ്‌കാരത്തേയും സംബന്ധിച്ച നിരവധി ലേഖനങ്ങള്‍, സാഹിത്യപഠനങ്ങള്‍, ബാലസാഹിത്യകൃതികള്‍, നാടകങ്ങള്‍ എന്നിവയും കോണ്‍ഡേയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്. ഫ്രഞ്ച് ഭാഷയില്‍ രചിക്കപ്പെട്ട കൃതികളില്‍ മിക്കവയും അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
ചരിത്രത്തേയും സംസ്‌കാരത്തേയും ഇഴചേര്‍ത്തു നിര്‍മിക്കപ്പെട്ടവയാണ് മറൈസ് കോണ്‍ഡേയുടെ നോവലുകള്‍. കോളനിവത്കരണത്തിന്റെ മുറിവുകള്‍, ലിംഗനീതി, സങ്കര സംസ്‌കാരങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയെ ചരിത്രപരമായ പശ്ചാത്തലത്തില്‍ അവ പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഇവ ചരിത്ര നോവലുകളുമാണ്. ശക്തമായ സ്ത്രീപക്ഷ വീക്ഷണത്തോടൊപ്പം വ്യക്തമായ രാഷ്ട്രീയ വീക്ഷണവും പുലര്‍ത്തുന്ന ഈ രചനകള്‍ വര്‍ണം, വര്‍ഗം, സംസ്‌കാരം എന്നിവയാല്‍ വിഭജിക്കപ്പെടുന്ന സമൂഹത്തിലെ അടിത്തട്ടിലുള്ള ജനതയുടെ ദൈനംദിന ജീവിതത്തിലെ വൈയക്തികവും സാമൂഹ്യവുമായ വിവിധ പ്രശ്‌നങ്ങളെയാണ് നിര്‍ദ്ധാരണം ചെയ്യുന്നത്.
ബദല്‍ നൊബേല്‍ ലഭിച്ചപ്പോള്‍ മറൈസ് കോണ്‍ഡെ പറഞ്ഞു: ഈ പുരസ്‌കാരം തികച്ചും ജനകീയമാണ്. അതുകൊണ്ടു തന്നെ ഞാനിതിനെ അങ്ങേയറ്റം വിലമതിക്കുന്നു. തീരെച്ചെറിയ ഒരു രാജ്യമാണ് എന്റേത്. ഭൂകമ്പവും കൊടുങ്കാറ്റും പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് അത് മാധ്യമശ്രദ്ധയാകര്‍ഷിക്കാറുള്ളത്. ഈയൊരു പുരസ്‌കാരം എന്റെ രാജ്യത്തെ വീണ്ടും ലോകശ്രദ്ധയിലേക്കെത്തിക്കുന്നു. അതിന് നിമിത്തമായതില്‍ ഞാന്‍ വളരെ വളരെ സന്തോഷിക്കുന്നു.
ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ജീവിത സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന എഴുത്തുകാരിയാണ് മറൈസ് കോണ്‍ഡേ. അതിനുവേണ്ടി എഴുത്തിനെത്തന്നെ അവര്‍ ആയുധമാക്കുന്നു. എഴുത്തിലും ജീവിതത്തിലും ഒരുപോലെ പരിഷ്‌കരണവാദിയായ ഇവര്‍ രാഷ്ട്രീയവും സാമൂഹ്യവുമായി പ്രാധാന്യമില്ലാത്ത ഒന്നിനെയും കുറിച്ച് തനിക്കെഴുതാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നു. കോണ്‍ഡേയുടെ രചനകള്‍ വിളബരം ചെയ്യുന്നതും ഈ വസ്തുതതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."