നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം
മാവുങ്കാല്‍: മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍നിന്ന് എട്ട് നഴ്സുമാരെ പുറത്താക്കിയതായി ആരോപിച്ച് ഐ.എന്‍.എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. നിലവില്‍ സ്വകാര്യ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇപ്പോള്‍ ഒരു ലിമിറ്റഡ് കമ്പനിക്കു കൈമാറിയതായി ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരെ പുറത്താക്കിയത്. അതെ സമയം, ട്രസ്റ്റ് നടത്തുന്നവര്‍ തന്നെയാണ് ലിമിറ്റഡ് കമ്പനിയിലുള്ളതെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. 2017ല്‍ ശമ്പള വര്‍ധനവും മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയും ആവശ്യപ്പെട്ട് ഐ.എന്‍.എ നടത്തിയ സമരത്തില്‍ ഇവര്‍ സംബന്ധിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി അവസരം കിട്ടിയപ്പോള്‍ ഇവരെ പുറത്താക്കുകയായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് പകരമായി ആശുപത്രിയില്‍ ജോലി ചെയ്യുന്നത് നഴ്സിങ് പഠിക്കുക പോലും ചെയ്യാത്തവരാണെന്നും രോഗികളുടെ ജീവന്‍വച്ച് മാനേജ്മെന്റ് പന്താടുകയാണെന്നും നഴ്സുമാര്‍ ആരോപിച്ചു. പിരിച്ചുവിട്ടവരെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഐ.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരമാണ് ഇവര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."