ജാഗ്രത വേണം; നിയന്ത്രണങ്ങളും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരായി 19 പേര്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ സംസ്ഥാനത്താകെ ജാഗ്രത വേണമെന്നും പൊതുജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിച്ച് ആരോഗ്യവകുപ്പിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും വേണ്ട മുന്‍കരുതലുകളും സംബന്ധിച്ച് എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം നടത്തി.
വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബ്ലോക്ക്, പഞ്ചായത്ത്തല യോഗങ്ങള്‍ കൂടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ ബോധവത്കരിക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യും. സംസ്ഥാന പൊലിസ് സേനയുടെയും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെയും സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പലരും നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യമുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കും ഈ സംഘത്തെ ഉപയോഗിക്കും.
സംസ്ഥാനത്ത് കൂട്ടം ചേരലുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ചില ഇടങ്ങളില്‍ ഇത് പാലിക്കുന്നില്ലെന്ന് കണ്ടിട്ടുണ്ട്.
ഇത് നിയന്ത്രിക്കാന്‍ പൊലിസ് ഇടപെടും അത്യാവശ്യമില്ലാത്ത യോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി അവ നടത്താന്‍ പൊലിസ് അനുവാദം നല്‍കില്ല.
ഇതുസംബന്ധിച്ച് വിവിധ ഡി.എം.ഒമാരും ഡിവൈ.എസ്.പി, എസ്.പി ഉദ്യോഗസ്ഥരും വിഡിയോ കോണ്‍ഫറന്‍സ് നടത്തി കാര്യങ്ങള്‍ തീരുമാനിച്ചു.
ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ബീച്ച്, പാര്‍ക്ക് തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ സഹകരിക്കുന്നുണ്ടെന്നും അവരുടെ നിര്‍ദേശങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളെല്ലാം ശുചീകരിക്കാന്‍ ഗതാഗതവകുപ്പിന് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."