പണിഞ്ഞിട്ടും പണിതീരാതെ കുടിവെള്ള പദ്ധതി
കൊട്ടിയം: പുതുതായി പണിത കുടിവെള്ള പദ്ധതി നോക്കുകുത്തിയായത് നാട്ടുകാരുടെ ശുദ്ധജലത്തിനായുള്ള കാത്തിരിപ്പിന് അറുതിവരുത്തുന്നില്ല. നാലരവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഉദ്ഘാടനം ചെയ്യാനാകാതെ ഇഴഞ്ഞുനിങ്ങുകയാണ്. മന്ത്രിമേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലത്തില്‍ കുടിവെള്ള പദ്ധതി നോക്കുകുത്തിയായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്. തൃക്കോവില്‍വട്ടത്തെ ചേരീക്കോണം, വടക്കേമുക്ക്, ചാണിക്കല്‍, പാങ്കോണം,കള്ളിക്കാട്, കണ്ണനല്ലൂര്‍, ഇ.എസ്.ഐ ജങ്ഷന്‍, കുറുമണ്ണ, മുഖത്തല, തഴുത്തല, പി.കെ ജങ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ജലക്ഷാമം കഴിഞ്ഞ അഞ്ചുവര്‍ഷമായി വേനല്‍ക്കാലമാസങ്ങളില്‍ അതിരൂക്ഷമാണ്.
തൃക്കോവില്‍വട്ടം പഞ്ചായത്തിലെ 23 വാര്‍ഡുകള്‍ക്കും അതിര്‍ത്തി പ്രദേശമായ നെടുമ്പന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ക്കും വെള്ളമെത്തിക്കാന്‍ കണ്ണനല്ലൂര്‍ മൈതാനത്ത് നിര്‍മിച്ച കുടിവെളള പദ്ധതിയാണ് അവതാളത്തിലായത്. ഒരുലക്ഷത്തി പതിനായിരം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാനുള്ള അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റോറേജുള്ള ഈ പദ്ധതി ശുദ്ധജലത്തിനായി കാത്തിരിക്കുന്ന ജനങ്ങളുടെ ചിരകാലാഭിലാഷമാണ്. 2013 അവസാനം, 20 കോടിയുടെ പദ്ധതി പണി ആരംഭിക്കുകയും ഒന്നാം ഘട്ടത്തില്‍ പത്തുകോടിയും രണ്ടാം ഘട്ടത്തില്‍ അഞ്ചുകോടിയും മൂന്നാം ഘട്ടത്തില്‍ അഞ്ചു കോടിയും വിനിയോഗിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു.
പള്ളിമണ്‍ ആറ്റില്‍ നിന്നാണ് പൈപ് വഴി ടാങ്കില്‍ എത്തുന്നത്. അവിടെ നിന്നും നാലുകിലോമീറ്ററോളം ദൂരമുണ്ട് ടാങ്ക് വരെ.കണ്ണനല്ലൂരിന്റെ അതിര്‍ത്തി പ്രദേശമായ നെടുമ്പന പഞ്ചായത്തിന്റെ രണ്ടു വാര്‍ഡുകളായ മലമുക്ക് മുതല്‍ മുട്ട്യക്കാവ് വരെയുള്ള സ്ഥലങ്ങളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വെള്ളം കൊടുക്കാമെന്നും പദ്ധതിയില്‍ നിര്‍ദേശം വച്ചു. ടാങ്ക് സ്ഥിതി ചെയ്യുന്ന തൃക്കോവില്‍വട്ടം പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 14000 ത്തില്‍ പരം വീടുകളുണ്ട്.
ടാങ്ക് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ തന്നെ വെള്ളത്തിന് കാത്തിരിക്കുന്ന 800 വീടുകളുണ്ട്. വാണിജ്യ മേഖലയും മാര്‍ക്കറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഇവിടെ ഈ പദ്ധതി സ്വപ്‌നം കണ്ടു കഴിയുന്നവരെ വാട്ടര്‍ അതോറിറ്റിയോ ഗവണ്‍മെന്റോ കാണുന്നില്ല.
പള്ളിമണ്‍ ആറ്റില്‍നിന്ന് ടാങ്കിലെത്തിയ വെള്ളത്തെ കടത്തികൊണ്ടു പോകാന്‍ പഴകിയ ആസ്ബറ്റോസ് പൈപ്പുകള്‍ക്ക് കഴിയുന്നില്ല. ശക്തിയായി വെള്ളം കടന്ന് പോകുമ്പോള്‍ ഈ പൈപ്പുകള്‍ പൊട്ടി പോകുന്നു. ഇതിലൂടെ ശുദ്ധജലം പാഴാകുന്നു. പഴയ പൈപ്പുകള്‍ മാറ്റി പി.വി.സി പൈപ്പുകള്‍ ഇടാന്‍ ഇനിയും കോടികള്‍ തന്നെ വേണം. നാമമാത്രമായി വെറും രണ്ടു വാര്‍ഡുകളില്‍ മാത്രം പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു.
ബാക്കിയുള്ള വാര്‍ഡുകളില്‍ ഇനി എന്നാണ് പുതിയ പി.വി.സി. പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അധികാരികള്‍ ഫണ്ട് അനുവദിക്കുകയെന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.ഇപ്പോള്‍ തന്നെ വെള്ളം പണം കൊടുത്തു വാങ്ങുകയാണ്. കണ്ണനല്ലൂര്‍ ജങ്ഷനില്‍ ടാങ്ക്സ്ഥിതി ചെയ്യുന്നുവെങ്കിലും മൂവായിരം കുട്ടികള്‍ പഠിക്കുന്ന എം.കെ.എല്‍.എം.എച്ച്.എച്ച്എം.ജി.യു.പി.സ്‌കൂള്‍, സെന്റ് സാലീസ് പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ കുട്ടികളും കുടിവെള്ളമില്ലാതെ വിഷമിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നിര്‍മിക്കുന്ന പല റോഡുകളിലും പൈപ്പ്‌ലൈന്‍ ഇടണം. കൊല്ലം റോഡ്, കുണ്ടറ റോഡ്, മുട്ടയ്ക്കാവ് ആയൂര്‍റോഡ ,കൊട്ടിയം റോഡ്, എന്നിവിടങ്ങളിലും പൈപ്പുലൈന്‍ സ്ഥാപിച്ചിട്ടില്ല. പുതിയ റോഡ് നിര്‍മിച്ചുകഴിഞ്ഞാല്‍ ആ റോഡുകള്‍ വെട്ടിമുറിക്കാന്‍ പിന്നെ പറ്റില്ലെന്ന് പി.ഡബ്ലിയു.ഡി യും തര്‍ക്കം ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."