ജാഗ്രതയില്‍ പിഴവരുത്
കൊവിഡ്- 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഒപ്പം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളെ കുറേക്കൂടി ദുരിതത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടും അമാന്തിച്ചില്ല. പുര കത്തുമ്പോള്‍ വാഴവെട്ടുക എന്ന പ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കിയിരിക്കയാണ് കേന്ദ്രം.
ഒന്നര ലക്ഷത്തിലധികം ജനങ്ങള്‍ കൊവിഡ്- 19 ബാധിച്ചു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ചികിത്സയിലാണ്. 6,000ത്തിലധികം പേര്‍ ലോകത്ത് ഈ വൈറസ് ബാധ മൂലം മരിച്ചു. ഇതുവരെയുണ്ടായ വൈറസ് രോഗങ്ങളെയെല്ലാം കടത്തിവെട്ടുന്നതാണു കൊവിഡിന്റെ വ്യാപനം. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ വരെ 109 ആയി. കേരളത്തില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ക്കശമാക്കിയത് കൊവിഡ് വ്യാപനം തടയാന്‍ വലിയൊരളവോളം സഹായകരമാകും.
ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട ആവശ്യത്തെക്കുറിച്ചു സര്‍ക്കാര്‍ നിരന്തരം ബോധവല്‍കരണം നടത്തുന്നുണ്ടെങ്കിലും തുടക്കത്തില്‍ സര്‍ക്കാരിന് ഈ വിഷയത്തിലുണ്ടായ വീഴ്ചയല്ലേ രോഗം ഇത്രമേല്‍ പടര്‍ന്നുപിടിക്കാന്‍ ഇടയായത്? നേരത്തെ ചൈനയിലെ വുഹാന്‍ മേഖലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ അവിടെ കുടുങ്ങിപ്പോയ മലയാളികളായ വിദ്യാര്‍ഥികളെ പെട്ടെന്നു നാട്ടിലെത്തിക്കാന്‍ നമ്മുടെ സര്‍ക്കാരിനു കഴിഞ്ഞിരുന്നു. പിന്നീട് ഈ വിഷയത്തിലുണ്ടായ ഉദാസീനതയല്ലേ രോഗവ്യാപനത്തിനു കാരണമായത്?
രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു എന്നാശ്വസിക്കുന്നതിനിടയിലാണ് ഇറ്റലിയില്‍ നിന്നു വന്ന കുടുംബം വിമാനത്താവളത്തില്‍ നിന്ന് യാതൊരു പരിശോധനയും കൂടാതെ പുറത്തുകടന്നത്. അവര്‍ എത്തിയ പത്തനംതിട്ടയില്‍ പിന്നീട് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി. അവരില്‍ ചിലരെ നിരീക്ഷണത്തിനും മറ്റു ചിലരെ ചികിത്സയ്ക്കും വിധേയമാക്കേണ്ടിവന്നതും ഇതിനാലാണ്. കുടുംബം ആറു ദിവസത്തിനു ശേഷമാണ് ചികിത്സയ്ക്കു വിധേയമായത്. അതിനകം അവര്‍ പോയ സ്ഥലങ്ങളും പങ്കെടുത്ത ചടങ്ങുകളും ബന്ധപ്പെട്ട ആളുകളെയും കണ്ടെത്തുക എന്നത് വെല്ലുവിളി തന്നെയാണ്.
വിമാനത്താവളത്തില്‍ അവരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കില്‍ കേരളം ഇത്തരമൊരു പരിതാപകരമായ അവസ്ഥയില്‍ എത്തുകയില്ലായിരുന്നു. വിദേശത്തു നിന്നു വരുന്നവര്‍ക്ക് ഫോം പൂരിപ്പിക്കാന്‍ കൊടുക്കുന്നതുകൊണ്ട് രോഗവ്യാപനം തടയാനാവില്ല. പലരും അതു പൂരിപ്പിച്ചു തരണമെന്നുമില്ല. വിമാനത്താവളാധികൃതര്‍ ഉദാസീനത പുലര്‍ത്തിയതിനാലാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയ രോഗിയായ കണ്ണൂര്‍ സ്വദേശിക്കു പുറത്തുകടക്കാനായതും വഴിയിലെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതും. ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത് നല്ല കാര്യം തന്നെ.
അതേപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതും നല്ല കാര്യം. കുട്ടികള്‍ പലപ്പോഴുംകൂട്ടം കൂടി നടക്കുന്നതിനാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ അധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നതെന്തിനാണ്? പൊതുവാഹനങ്ങളില്‍ വരുന്ന അധ്യാപകര്‍ ഇതര യാത്രക്കാരോടൊപ്പം സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു സുരക്ഷിതത്വം പാലിക്കാനാവുമോ? ഉത്സവങ്ങളും കല്യാണാഘോഷങ്ങളും മാറ്റിവച്ചിരിക്കുന്നു. എന്നാല്‍ ബീവറേജസ് കോര്‍പറേഷനു കീഴിലുള്ള മദ്യശാലകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നു. മദ്യഷാപ്പിനു മുന്‍പില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ മുട്ടിയുരുമ്മി തിക്കിത്തിരക്കി നില്‍ക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്നാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ കണ്ടുപിടുത്തം. ഈ കൊറോണക്കാലത്ത് അദ്ദേഹം ഇതു സംബന്ധിച്ച പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുകയായിരുന്നെന്ന് ആരറിഞ്ഞു.
നേതൃപരിശീലനം നേടാന്‍ വിദേശത്തു പോയ കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരൊക്കെയും മടങ്ങിവന്ന് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അവര്‍ക്കൊപ്പം പോയ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിന് ഇതൊന്നും ബാധകമല്ല. അദ്ദേഹം വന്നതിനു പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ യോഗം വിളിച്ചുകൂട്ടി അവരോടൊപ്പം കുറെ സമയം ചെലവഴിക്കുകയുണ്ടായി. പിന്നീടദ്ദേഹം എവിടെയൊക്കെ പോയി, ആരോടൊക്കെ സംസാരിച്ചു എന്നൊക്കെ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. വിദ്യാസമ്പന്നരുടെ കാര്യമാണിത്. ഇതിനൊക്കെ പുറമെയാണ് ചികിത്സയിലും നിരീക്ഷണത്തിലുമുള്ളവര്‍ ചാടിപ്പോകുന്നത്. അവരെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അതിനകം അവര്‍ ആരോടൊക്കെ ഇടപെട്ടു, എവിടെയൊക്കെ പോയി എന്ന് കണ്ടെത്തുക എന്നതും ആരോഗ്യ വകുപ്പിനു മുന്നിലുള്ള വെല്ലുവിളിയാണ്.
ഈ സമയം തന്നെയാണ് സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന തിരുവനന്തപുരത്ത് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു നടത്തിയതും. ഇന്നലെയാണ് തിരുവനന്തപുരത്തെ വാമനപുരത്ത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ജാഗ്രതാ നിര്‍ദേശങ്ങളെയും തള്ളിക്കളഞ്ഞ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു നടന്നത്. 600ലധികം പേരാണ് വോട്ട് ചെയ്യാനെത്തിയത്. രോഗികളെയും വയോധികരെയും താങ്ങിയെടുത്താണു വോട്ട് ചെയ്യിപ്പിക്കാന്‍ കൊണ്ടുവന്നത്. ഈ തെരഞ്ഞെടുപ്പു മാറ്റിവെച്ചിരുന്നുവെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലായിരുന്നു. മാളുകള്‍ അടച്ചിടണമെന്നും ബീച്ചിലേക്കു പോകരുതെന്നും ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും കലക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ച ജില്ലയില്‍ തന്നെയാണ് ഇതു നടന്നത്.
കൊവിഡിനെ പടികടത്തുന്നതില്‍ സര്‍ക്കാരും പൊതുസമൂഹവും പ്രതിജ്ഞാബദ്ധരാണ്. അതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുയും ചെയ്യുന്നു. എല്ലാ പ്രയത്‌നങ്ങളെയും നിഷ്ഫലമാക്കുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യദ്രോഹമാണ്. ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഉദാസീനത ഉണ്ടായിക്കൂടാ. ഇത്തരം പിഴവുകള്‍ ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ രോഗത്തെ തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കഠിനാദ്ധ്വാനം പാഴാവുകയേയുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."