പൊന്നാനിയില്‍ തുറമുഖ മണല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതി
പൊന്നാനി: വര്‍ഷങ്ങളായി അനിശ്ചിതത്വത്തില്‍ കിടന്നിരുന്ന തുറമുഖ മണല്‍ഖനത്തിന് അനുമതിയായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ചേംബറില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്. പൊന്നാനി തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചളിയും മണലുമെടുക്കുക. ഇങ്ങനെ എടുക്കുന്ന ഉപ്പുമണല്‍ ശുദ്ധീകരിച്ച് വില്‍ക്കുകയാണ് ചെയ്യുക. രണ്ടായിരം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിയില്‍ തുറമുഖ വകുപ്പ് പറയുന്ന കുറഞ്ഞ വിലക്ക് മണല്‍ ലഭിക്കുകയും ചെയ്യും.
തൊഴിലാളികള്‍ ഖനം ചെയ്‌തെടുക്കുന്ന വസ്തുക്കള്‍ സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സര്‍ക്കാര്‍ പങ്കാളിത്തമുള്ള രാജധാനി മിനറല്‍സ് എന്ന കമ്പനിക്ക് കൈമാറുകയാണ് ചെയ്യുക. കമ്പനിയില്‍ ശുദ്ധീകരിച്ച മണല്‍ തുറമുഖ വകുപ്പ് വഴി ഓണ്‍ലൈന്‍ രീതിയില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയാണ് ചെയ്യുക. ഇതുവഴി തൊഴില്‍ ലഭിക്കുന്ന തൊഴിലാളികളെ പൊന്നാനി നഗരസഭയിലും പുറത്തുര്‍ പഞ്ചായത്തിലും രജിസ്റ്റര്‍ ചെയ്യും.
അടച്ചുപൂട്ടിയ തുറമുഖ വകുപ്പിന്റെ പത്തോളം കടവുകളില്‍ നേരത്തേ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഇതില്‍ തൊഴില്‍ ഉറപ്പ് വരുത്തും. മണലെടുക്കുന്നതിനുള്ള കൂലി പൊന്നാനി തുറമുഖ വകുപ്പ് ഓഫീസ് നേരിട്ടാണ് നല്‍കുക. സെപ്റ്റംബര്‍ മാസം അവസാനത്തോടെയാണ് പദ്ധതി പൂര്‍ണരൂപത്തില്‍ പ്രാബല്യമാവുക. മൂന്നുവര്‍ഷം മുന്‍പ് ആരംഭിക്കാനിരുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ എം സാന്റ് മാഫിയകളുടെ സമര്‍ദത്തെ തുടര്‍ന്ന് പദ്ധതി അട്ടിമറിക്കുകയായിരുന്നു. നിലവില്‍ ജില്ലയിലെ പുഴയില്‍ നിന്ന് കലക്ടര്‍ മണലെടുക്കുന്നത് നിരോധിച്ചിട്ട് വര്‍ഷങ്ങളായി. വര്‍ധിച്ച് വരുന്ന മണല്‍ ക്ഷാമം പരിഹരിക്കാന്‍ തുറമുഖമണലെടുപ്പ് കൊണ്ടാവും.
തുറമുഖത്തെ കടവുകളില്‍ നിന്നു ശുദ്ധജല മണല്‍ എടുക്കുന്നത് ഹരിത ട്രബ്യൂണല്‍ വിധിയെത്തുടര്‍ന്ന് വര്‍ഷങ്ങളായി നിരോധിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മണലെടുക്കാന്‍ വീണ്ടും അനുമതി നല്‍കിയെങ്കിലും ഒരാഴ്ചക്ക് ശേഷം മറ്റൊരു പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി വീണ്ടുമത് തടയുകയായിരുന്നു. അന്ന് ജോലി നഷ്ടപ്പെട്ട അംഗീകൃത മണല്‍ തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."