തിരുവനന്തപുരം പിടിക്കാന്‍ കുമ്മനത്തിനായി ബി.ജെ.പിക്കുള്ളില്‍ കരുനീക്കം
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരിച്ചു കൊണ്ടുവന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബി.ജെ.പിക്കുള്ളില്‍ കൊണ്ടുപിടിച്ച നീക്കം. ഈ നീക്കത്തിന് ആര്‍.എസ്.എസിന്റെ പിന്തുണയുമുണ്ട്. തിരുവനന്തപുരത്ത് കുമ്മനത്തെ വിജയിപ്പിക്കാമെന്ന ഉറപ്പാണ് ആര്‍.എസ്.എസ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നീക്കങ്ങള്‍.
ഈമാസം ആറ്, ഏഴ് തിയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന ബി.ജെ.പി കോര്‍കമ്മിറ്റി, സംസ്ഥാന സമിതി യോഗങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ തീരുമാനമാകും.
ബി.ഡി.ജെ.എസിന് നല്‍കുന്ന സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഈ യോഗങ്ങളിലാകും അന്തിമ തീരുമാനമുണ്ടാകുക. എട്ട് സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട ബി.ഡി.ജെ.എസിനെ ആറ് സീറ്റിലേക്ക് ഒതുക്കിയിട്ടുണ്ട്. നേരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നേതൃത്വം ഈ സീറ്റ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് സംഘടനാ സംവിധാനമില്ലാത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്നും പകരം മറ്റെവിടെയെങ്കിലും സീറ്റ് മതിയെന്നുമാണ് ബി.ഡി.ജെ.എസിന്റെ ഇപ്പോഴത്തെ ആവശ്യം.
അങ്ങനെയെങ്കില്‍ സാമുദായിക പരിഗണനകൂടി നല്‍കി ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഒരു മണ്ഡലത്തില്‍ മൂന്നുവരെ പേരുകളാണ് ബി.ജെ.പി പരിഗണിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബുത്ത് തലം മുതലുള്ള കമ്മിറ്റികളും ബി.ജെ.പി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."