വൈറസ് ബാധയുടെ സാമൂഹിക പാഠങ്ങള്‍
അതിര്‍ത്തികള്‍ അപ്രസക്തമാകുന്നു. വംശമഹിമയുടെ വിഗ്രഹങ്ങള്‍ വീണുടയുന്നു. വര്‍ണവിവേചനവും മത, ജാതി, സമുദായ, സംഘടനാ വിഭാഗീയതകളും അര്‍ഥശൂന്യമാണെന്ന് തെളിയുന്നു. സംഹാരശേഷിയുള്ള ആയുധങ്ങളും സര്‍വസജ്ജമായ പ്രതിരോധ സംവിധാനങ്ങളും സൂക്ഷ്മ ഗ്രാഹികളായ യന്ത്രസാമഗ്രികളും കൈവശമുണ്ടെന്ന് അഹങ്കരിച്ച് പ്രപഞ്ചത്തിനുമേല്‍ കസേരയിട്ടിരിക്കാന്‍ തുനിഞ്ഞവര്‍ നിസ്സഹായരായി നില്‍ക്കുന്നു. തന്റെ അഭിമാനവും വ്യക്തിത്വത്തിന്റെ അടയാളവുമായ മുഖം തന്നെ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കേണ്ട നിസ്സഹായത! എന്നാല്‍, എല്ലാറ്റിലുമുപരി രോഗപ്രതിരോധത്തിന്റെയും ജീവന്‍ രക്ഷയുടെയും തീവ്രയത്‌നങ്ങളുമായി ഉത്തരവാദപ്പെട്ടവരും നല്ല മനുഷ്യരും ത്യാഗത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിറമുള്ള കാഴ്ച്ചകളുമുണ്ട്. ലോകത്തെ ആകമാനം വിറങ്ങലിപ്പിച്ചു നിര്‍ത്തുന്ന കൊവിഡ് - 19 ന്റെ വ്യാപനം ഇങ്ങനെ എന്തെല്ലാം സാമൂഹിക പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്!
ലോകത്തോളം വികാസം
രോഗാണുവിന്റെ ഉത്ഭവം, വ്യാപനം, പ്രഹരശേഷി, പ്രതിരോധം, ഐസൊലേഷന്‍, ശുചിത്വബോധം, മരുന്ന് ഉല്‍പാദനം, ചികിത്സ തുടങ്ങി ആരോഗ്യ സുരക്ഷാബന്ധിതവും വൈദ്യശാസ്ത്ര സംബന്ധിയുമായ സത്വര നടപടികളും ചിന്തകളും ചര്‍ച്ചകളുമാണ് കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ലോകത്ത് നടക്കുന്നത്. അതു പ്രധാനം തന്നെയാണ്. എന്നാല്‍, ഇത്തരം മഹാമാരികള്‍ക്ക് ആരോഗ്യ ശാസ്ത്രത്തിനപ്പുറം, സാമൂഹികശാസ്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവുമൊക്കെയായ മാനങ്ങളും പാഠങ്ങളുമുണ്ടെന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. രോഗ ശങ്കയില്ലാത്തവര്‍ ഇപ്പോള്‍ തന്നെയും രോഗ ഭീതിയില്‍ കഴിയുന്നവര്‍ പിന്നീടും ഈ വശങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതാണ്. കാരണം, ഏതൊരു ദുരന്തവും മനുഷ്യ സമൂഹത്തിന് ചില തിരിച്ചറിവുകളും ഓര്‍മ്മപ്പെടുത്തലുകളും നല്‍കുന്നുണ്ട്. പുനരാലോചനകള്‍ ആവശ്യപ്പെടുന്നുമുണ്ട്.
വിവര വിനിമയം, ഉല്‍പാദന വിപണനം, സാമ്പത്തിക ഇടപാടുകള്‍, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയവയില്‍ മാത്രമല്ല ലോകം ഒരു ആഗോള ഗ്രാമമായി (ഗ്ലോബല്‍ വില്ലേജ്) ചുരുങ്ങിയിട്ടുള്ളത്. രോഗാണു വ്യാപനത്തിലും മരണഭീതിയിലും അതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക ദുരന്തങ്ങളിലും പ്രതിരോധ ചികിത്സാ സംവിധാനങ്ങളിലും ഒരു ആഗോള ഗ്രാമമാണ്. എങ്കില്‍, സ്‌നേഹം, കാരുണ്യം, സഹാനുഭൂതി, സാന്ത്വനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തിക സാമൂഹിക വളര്‍ച്ച, രാഷ്ട്രീയ സുരക്ഷിതത്വം, സമാധാനപൂര്‍ണമായ ജീവിതം എന്നിവയിലെല്ലാം ലോകം ഒരു ആഗോള ഗ്രാമമായി ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാന സാമൂഹിക പാഠവും രോഗണുബാധയുടെ ദുരന്തം നമുക്ക് പകരുന്നുണ്ട്. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടതില്ലാത്ത ലോകമല്ല, എല്ലാവര്‍ക്കും എല്ലാവരെയും ഏതെങ്കിലുമൊരു വിധത്തില്‍ ആശ്രയിക്കേണ്ടി വരുന്ന ലോകവും നമ്മുടെ ശാസ്ത്ര വളര്‍ച്ചയുടെ സംഭാവനയാണ്. ചൈനയിലെ ഒരു കമ്പനി ജീവനക്കാരനെ ആശ്രയിച്ചാണ് വയനാട്ടിലെ ഒരു ഗ്രാമീണ ബാലന്റെ വിനോദവും വിദ്യാഭ്യാസവും നടക്കുന്നുണ്ടാവുക! ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി ചുരുക്കുമ്പോള്‍, അതിന്റെ ഗുണപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യന്‍ മാനസിക വിശാലത കൈവരിച്ച് ലോകത്തോളം വികസിക്കുകയും ചെയ്യേണ്ടതുണ്ട്. ലോകത്തോളം വികസിക്കാതെ, അവനവനിലേക്ക് ചുരുങ്ങുന്ന സ്വാര്‍ഥതയെ നാം എന്തു പേരിട്ടാണ് വിളിക്കേണ്ടത് ?
എന്താണെങ്കിലും, നാം നിസ്സംഗരായി നോക്കി നിന്ന അന്യരുടെ വേദനകള്‍, അതിന്റെ ചില അംശങ്ങളെങ്കിലും നമ്മളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയും ദൈവം നമുക്ക് ഒരുക്കിത്തരുന്നത്, അവനവന്‍വാദത്തില്‍ (ലെഹളശവെില)ൈ നിന്ന് തന്മയീഭാവത്തിലേക്ക് (ലാുമവ്യേ) മനുഷ്യന്‍ മാറുന്നതിനുള്ള അവസരമായിട്ടാണ്. നാലുനാള്‍ വീട്ടില്‍ തന്നെ നിയന്ത്രണങ്ങളോടെ കഴിയണമെന്ന് (കീെഹമശേീി) നിര്‍ദേശിക്കുമ്പോള്‍, സ്വന്തം ജീവന്‍ രക്ഷയുടെ ഭാഗമായിട്ടുപോലും, അത് അസഹ്യമായി അനുഭവപ്പെടുന്നവര്‍, മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മാസങ്ങള്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന മനുഷ്യരെക്കുറിച്ചും ഓര്‍ക്കേണ്ടതല്ലേ! കൊവിഡ് - 19 ബാധ പല രാജ്യങ്ങളെയും തടവറക്ക് സമാനമാക്കുമ്പോള്‍, ഫലസ്തീനികളും ഉയ്ഗൂര്‍ വംശജരും കിടക്കുന്ന തടവറകളും അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളും ബംഗളൂരുവില്‍ പൗരത്വം സംശയിച്ച് പൊളിച്ചു കളഞ്ഞ വീടുകളും നാം ഓര്‍ക്കണം. ലോകമാകെ രോഗഭീതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍, ചില ജനവിഭാഗങ്ങള്‍ക്കും അവരുടെ ആദര്‍ശ വിശ്വാസങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും എതിരേ ആസൂത്രിതമായി പടര്‍ത്തിയ ഭീതിയിലാണ് നവലോകക്രമം തന്നെ സാമ്രാജ്യത്വ ദുശ്ശക്തികള്‍ പടുത്തുയര്‍ത്തിയതെന്നും തിരിച്ചറിയേണ്ടതാണ്. യുദ്ധാസക്തിയും നശീകരണ ത്വരയും, ഈ വൈറസിന്റെ ഉല്‍പാദനത്തിലും വ്യാപനത്തിലും എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ട് എന്ന ചോദ്യവും ബയോ വെപ്പണുകളുടെയും ബയോ വാറുകളുടെയും കാലത്ത് നാം ഉന്നയിക്കേണ്ടതുണ്ട്.
വിശ്വ പൗരത്വം
ദേശ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കകത്ത് കര്‍ശന വ്യവസ്ഥകളില്‍ നിയന്ത്രിക്കപ്പെടുന്നതും പുനര്‍നിര്‍ണയിക്കപ്പെടുന്നതുമാണ് ഇന്ന് പൗരത്വം. സമകാലിക ലോകം, പൗരത്വ നിഷേധത്തിന്റെ ഭീകര ദുരന്തങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കുന്നുണ്ട്. വര്‍ണ്ണ, വംശ, മത വിവേചനങ്ങളുടെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തുന്ന ദേശ രാഷ്ട്രങ്ങളും അധികാരസിംഹാസനങ്ങളും ലോകമെങ്ങും ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിക്കുകയാണ്. അമേരിക്കയുടെ മെക്‌സിക്കന്‍ അതിര്‍ത്തി മുതല്‍, വംശഹത്യയില്‍ എല്ലാം നഷ്ടപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിക്കാര്‍ വരെ ഇതിന്റെ കണ്ണീര്‍ കാഴ്ച്ചകളാണ്. അതിര്‍ത്തികളിലെ നോ മാന്‍സ് ലാന്റുകളിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരുടെ വേദനകള്‍ പകര്‍ത്തിയ ജോണ്‍ മൂറിന്റെ ഫോട്ടോകള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ പ്രദര്‍ശനത്തില്‍ കണ്ടത് ഓര്‍ക്കുന്നു. രാജ്യവും പൗരത്വവും വീടും കുടുംബവും ജീവിതമാര്‍ഗ്ഗവും സുരക്ഷിതത്വവും സമാധാനവും നഷ്ടപ്പെട്ടവരുടെ ആര്‍ത്തനാദങ്ങള്‍ ഈ ലോകത്തെ ചുട്ടുപൊള്ളിക്കാന്‍ മതിയായതാണ്.
ഇവരുടെയെല്ലാം നെഞ്ചുരുകുന്ന നെടുവീര്‍പ്പുകളുയരുന്ന അതേ ലോകത്തേക്കാണ്, കൊറോണ വൈറസിന്റെ മഹാമാരി അശനിപാതം കണക്കെ വന്നു പതിച്ചിരിക്കുന്നത്. ഈ രോഗ വിഷാണുവിന് പൗരത്വമോ, പാസ്‌പോര്‍ടോ, വിസയോ ഇല്ല. ദൈവത്തിന്റെ വിശാലമായ ഭൂമിയില്‍ മനുഷ്യര്‍ പണിത ഇടുങ്ങിയ ദേശ രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകള്‍ക്കും അതീതമായാണ് ഈ മാരക രോഗവിഷാണു പടര്‍ന്നു കയറിയത്. തന്റെ അധികാരമുഷ്ടിയില്‍ അധീനപ്പെട്ട ഭൂമിയിലേക്ക് അഭയം തേടിവന്ന നിരാലംബര്‍ക്കു മുമ്പില്‍ എത്ര ധാര്‍ഷ്ട്യത്തോടെ സൃഷ്ടിച്ച മതിലുകളെയാണ് ഈ വൈറസ് മറികടന്നത്!
ജീവിതം വഴിമുട്ടിപ്പോയ അഭയാര്‍ഥികളോട് ഇത്തിരി പോലും മനുഷ്യ പറ്റില്ലാത്ത നിലപാടെടുത്ത ഇറ്റലിയാണ്, കൊവിഡ് - 19 ബാധയുടെ ഭീകരത അനുഭവിക്കുന്ന രാജ്യങ്ങളിലൊന്ന്. മുന്‍ ഇറ്റാലിയന്‍ മന്ത്രി മറ്റിയാഒ സാല്‍വിനി ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷം ക്രൂരമായ നിലപാടുകളാണ് അഭയാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ചത്. അഭയാര്‍ഥികളെ 'സാമൂഹിക അപകടകാരികള്‍' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സാല്‍വിനി അവതരിപ്പിച്ച ഒരു ബില്ല് പാസാക്കി നിയമമാക്കിയത് പ്രധാനമന്ത്രി ഗ്വുസപ്പേ കോണ്ടിന്റെ മന്ത്രിസഭയായിരുന്നു. അഭയാര്‍ഥി ക്യാംപുകള്‍ അടച്ചു പൂട്ടി പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ച മനുഷ്യരെ നരകയാതനകളിലേക്ക് തള്ളിവിട്ട ഇറ്റലി, ഇപ്പോള്‍ വന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യമൊന്നാകെ തന്നെ അടച്ചു പൂട്ടേണ്ട ദുരന്തത്തിലെത്തിയിരിക്കുന്നു. മെക്‌സിക്കന്‍ അഭയാര്‍ഥികള്‍ക്കു മുമ്പില്‍ എത്ര അഹങ്കാരത്തോടെയാണ് അമേരിക്ക മതിലുകള്‍ പണിതുയര്‍ത്തിയത്! മരിച്ചുവീണ മനുഷ്യരുടെ രോദനങ്ങള്‍ക്കുനേരെ എന്തൊരു ധിക്കാരത്തോടെയാണ് കണ്ണും കാതും പൊത്തിയത്. ആ രാജ്യരക്ഷാ മതിലുകളൊന്നും പക്ഷേ, മഹാമാരിയില്‍ നിന്ന് അമേരിക്കയെയും കാത്തുരക്ഷിക്കുന്നില്ലല്ലോ! മറ്റുള്ളവരെ മാറ്റിനിര്‍ത്തിയും സ്വന്തക്കാരെ ചേര്‍ത്തു നിര്‍ത്തിയും വിഭാഗീയതയുടെ പ്രയോക്താക്കളായി നിഗളിച്ചവരും അത് നിശബ്ദം നോക്കി നിന്നവരും മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്തുന്നതിന്റെ വേദനയും ദുരിതവും ഇപ്പോള്‍ അനുഭവിച്ചറിയുന്നു, ഒപ്പം നിരപരാധികളും നന്മയുള്ളവരും ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നുവെന്നതും വേദനാജനകമാണ്.
ഇതിലൊന്നും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും കണിക പോലും ഉള്ളില്‍ വെച്ചുകൊണ്ടല്ല ഈ വരികള്‍ കുറിക്കുന്നത്. ലോകത്തെ ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യനോടും ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ടുതന്നെ ചിലത് പറയാതിരിക്കാനാവില്ല. ദൈവത്തിന്റെ വിശാലമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയ എല്ലാ കൃത്രിമ അതിര്‍വരമ്പുകളെയും സ്വാര്‍ഥമായ വേര്‍തിരിവുകളേയും അതിലംഘിച്ചുകൊണ്ടാണ് കൊവിഡ് പടരുന്നത്; ലോകമൊന്നാകെ, പണത്തിന്റെ വലുപ്പച്ചെറുപ്പമില്ലാതെ, വര്‍ണ്ണ, വംശ, മത, സമുദായ വേര്‍തിരിവുകള്‍ ഒന്നുമില്ലാതെ. ഇതൊരു സൂചനയും മുന്നറിയിപ്പുമാണെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ വിഭാഗീയതകളുടെയും വിവേചനങ്ങളുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ്, മനുഷ്യനെ ഒന്നായി കാണുന്ന വിശാലതയുടെയും സമഭാവനയുടെയും ഏകലോകമാണ് നാം നിര്‍മിക്കേണ്ടത്. 'മതിലുകള്‍ അല്ല, പാലങ്ങളാണ് നാം പണിയേണ്ടത് ' എന്ന് പറഞ്ഞ പോപ് ഫ്രാന്‍സിസ് രണ്ടാമന്‍ മുതല്‍ ദ്ഷാനെ സ്റ്റോക്‌സ് (ഉമടവമിില ടീേസല)െ വരെയുള്ളവരെ നാമോര്‍ക്കണം. 'എങ്ങനെയാണ് പാലങ്ങള്‍ പണിയേണ്ടത് എന്ന് നന്നായി അറിയാവുന്നവരെ തെരഞ്ഞെടുക്കേണ്ട കാലത്ത്, എങ്ങനെയാണ് മതിലുകള്‍ പണിയേണ്ടത് എന്ന് അറിയുന്നവരെയാണ് നാം തെരഞ്ഞെടുത്തത്' എന്നും എഴുത്തുകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ ദ്ഷാനെ സ്റ്റോക്‌സ് പ്രസ്താവിക്കുകയുണ്ടായി.
ദേശീയ പൗരത്വത്തില്‍ നിന്ന്, ലോക പൗരത്വത്തിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയെ ഉള്‍ക്കൊള്ളുകയും അതിനനുസരിച്ച് നിയമങ്ങളെ വിശാലതയിലേക്ക് ഭേദഗതി വരുത്തുകയുമാണ് രാഷ്ട്രങ്ങള്‍ ചെയ്യേണ്ടതെന്ന് കൊവിഡ് - 19 ബാധ പഠിപ്പിക്കുന്നു. ഇക്കാലത്ത്, സങ്കുചിത വംശീയ ദേശീയതയുടെ പേരിലുള്ള പൗരത്വ നിഷേധ നിയമങ്ങള്‍ പിന്തിരിപ്പനും പൈശാചികവുമാണെന്നാണ് ഇത് അടയാളപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ ഒരു കുടുംബത്തിന്റെ ജീവിതവും ജീവനവും ഇറ്റലിയിലാകുന്ന കാലത്ത്, ആഫ്രിക്കയിലേയും അറേബ്യയിലേയും മനുഷ്യരുടെ വിപണിയും വ്യാപാരവും ചൈനയുടെ ഉല്‍പ്പന്നങ്ങളിലാകുന്ന ലോകത്ത് ദേശ രാഷ്ട്രങ്ങളുടെ അതീവ കര്‍ശനമായ പൗരത്വ ശാഠ്യങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? ബഹുരാഷ്ട്ര പൗരത്വത്തിലേക്ക് ലോകം വളരേണ്ടതുണ്ട്. പൗരത്വം സംബന്ധിച്ച് പുതിയ ആഗോള സംവാദം ഉയര്‍ത്തിക്കൊണ്ടുവരണം.
വംശഹത്യയുടെ രക്തമുറയുന്ന ഡല്‍ഹിയില്‍ നിന്ന്, പരുക്കേറ്റവരെ ചികിത്സിക്കുന്നതില്‍ ഇരകളോട് വിവേചനം കാണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, കൊവിഡ് - 19 പടര്‍ന്നു പിടിച്ചപ്പോഴോ! വംശം, കുലം, ജാതി, സമുദായം, രാജ്യം, മതം തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാതെ സുരക്ഷയൊരുക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ലോകമെങ്ങും കാണുന്നത്. കേരളം ഇക്കാര്യത്തില്‍ ലോകോത്തര നിലവാരം തന്നെ കാഴ്ച്ചവെക്കുന്നു. അത് പഠിക്കാന്‍ പലരും ഇവിടെ എത്തുന്നു. മനുഷ്യനെന്ന അര്‍ഥത്തില്‍ മറ്റുള്ളവരുടെ ജീവന്‍ കാത്തുരക്ഷിക്കാന്‍ എന്തു ജാഗ്രതയാണ് നാം കൈക്കൊള്ളുന്നത്!
നാം മനുഷ്യര്‍ നാം ഒന്ന് എന്ന മുദ്രാവാക്യം തത്വത്തിലല്ല, പ്രയോഗത്തില്‍ തന്നെ നാം ഉറക്കെപ്പറയുകയാണ്. വേദസുക്തങ്ങളിലെ 'മനുഷ്യരേ, ലോകരേ' തുടങ്ങിയ അഭിസംബോധനകള്‍ മണ്ണില്‍ പടരുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ അനുഭവത്തെ ലോകക്രമത്തിന്റെ അടിയാധാരമാക്കാനും കാലങ്ങളിലേക്ക് കാത്തുവയ്ക്കാനും സാധിച്ചാല്‍ മനുഷ്യകത്തിന് വിജയമുണ്ട്, രക്ഷയും സമാധാനവുമുണ്ട്. അതിനാവട്ടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."