HOME
DETAILS

ഈ നൂറ്റാ@ിലും വായനക്കാര്‍ വരേണ്യ എഴുത്ത് വലുതായിക്കാണുന്നു

  
backup
February 02 2019 | 21:02 PM

%e0%b4%88-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

 

ദിവ്യ ജോണ്‍ ജോസ്: തമിഴിനും സംസ്‌കൃതത്തിനും കന്നടയ്ക്കും തെലുങ്കിനും ശേഷം മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി ലഭിക്കുകയുണ്ടായി. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് 'ഭരണ മലയാളം' എന്ന പേരില്‍ ഒരു നിഘണ്ടുവും മൊബൈല്‍ ആപ്പും പുറത്തിറക്കി. ഇങ്ങനെ കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളിലുണ്ടായിട്ടുള്ള സാഹിത്യ, സാഹിത്യേതര മാറ്റങ്ങള്‍ ഭാഷയില്‍ സംഭവിക്കുന്നത് അധ്യാപകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഏറ്റവും അടുത്തുനിന്നു നിരീക്ഷിച്ചയാളാകും വിനോയ് എന്ന നിഗമനത്തില്‍ ചോദിക്കട്ടെ, വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭാഷയോട് കൂടുതല്‍ ഐക്യപ്പെടാവുന്ന രീതിയില്‍ അക്കാദമിക താല്‍പര്യത്തിനല്ലാതെ എന്തെല്ലാം സാധ്യതകളാണ് ഇപ്പോള്‍ നിലവിലുള്ളത്? അധ്യാപകരില്‍ തന്നെയും സിലബസിനു പുറത്തുള്ള വായനകള്‍ കുറവാണെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ടല്ലോ?


വിനോയ് തോമസ്: മനുഷ്യന്‍ ആശയവിനിമയം നടത്തുന്ന എല്ലാ ഭാഷയും ശ്രേഷ്ഠം തന്നെയാണ്. ഇന്ന ഭാഷ ശ്രേഷ്ഠം ഇന്നത് അധമം എന്ന നമ്മുടെ വിചാരത്തിന് ആദ്യം മാറ്റംവരണം. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുകൊണ്ട് ഏതെങ്കിലും ചില സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുമായിരിക്കും. അല്ലാതെ നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന മലയാളഭാഷയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ? ബോധപൂര്‍വം വളര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെയല്ല, കാലത്തിനുസരിച്ചു സ്വയം മാറുന്നതിലൂടെയാണ് ഓരോ ഭാഷയും വളരുന്നത്. ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മലയാളത്തിലുള്ള പറച്ചിലും എഴുത്തും കൂടുതല്‍ ആളുകളിലേക്കെത്തുംവിധം സാങ്കേതികവിദ്യകളില്‍ പരിഷ്‌കരണമുണ്ടാക്കുകയാണു വേണ്ടത്. നമ്മുടെ ചെറുപ്പക്കാര്‍ അതു ഭംഗിയായി ചെയ്യുന്നുണ്ട്. ഒരു പ്രയോജനവുമില്ലാത്ത കാര്യത്തെപ്പറ്റി സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന അക്കാദമിക്കുകളെക്കാള്‍ ഭാഷയ്ക്കു കരുത്തുപകരുന്നത് ഭാഷയിലെ പുതുസാങ്കേതിക വിദ്യകളെ ഉപയോഗസൗഹൃദപരമാക്കുന്ന ചെറുപ്പക്കാരാണ്.


നമ്മുടെ സാഹിത്യപഠനത്തിനു ചില പ്രശ്‌നങ്ങളുണ്ട്. ആദ്യകാലത്ത് നമുക്ക് പാഠപുസ്തകങ്ങളായി എടുക്കാന്‍ വേണ്ടത്ര കൃതികളില്ലാതിരുന്നതുകൊണ്ട് കേരളവര്‍മ വലിയ കോയിത്തമ്പുരാനെപ്പോലെയുള്ളവര്‍ തയാറാക്കിയ പുസ്തകങ്ങളായിരുന്നല്ലോ ഉണ്ടായിരുന്നത്. അതു രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയുമൊക്കെ സവര്‍ണചിന്തകളുടെ ബാധ്യതകള്‍ പേറുന്നവയായിരുന്നു. ഈ പാഠപുസ്തകങ്ങള്‍ പഠിച്ചുവന്നവരാണു സ്വാതന്ത്ര്യത്തിനുശേഷമുള്ള പാഠപുസ്തകങ്ങളും ഉണ്ടാക്കിയത്. തങ്ങള്‍ പഠിച്ച പാഠപുസ്തകങ്ങള്‍ പോലെത്തന്നെയായിരിക്കണം തങ്ങളുണ്ടാക്കുന്നവയും എന്ന ധാരണ അവര്‍ വച്ചുപുലര്‍ത്തിയത് മലയാള സാഹിത്യത്തിന് വളരെ അപകടം ചെയ്തു എന്നുവേണം കരുതാന്‍.


ഒരു ഉദാഹരണം പറഞ്ഞാല്‍ മലയാളത്തിലെ ആദ്യകാല ചെറുകഥകളിലൊക്കെത്തന്നെ കേരളത്തിലെ അന്നത്തെ യഥാര്‍ഥ ജീവിതത്തിന്റെ വൈവിധ്യമുള്ള പരിസരങ്ങള്‍ കാണാം. അതിനകത്തു കള്ളനുണ്ട്, ജാതീയമായി ഉന്നതശ്രേണിയില്‍പെടാത്തവരുടെ ജീവിതമുണ്ട്, സാമ്പത്തികമായി താഴ്ന്നവരെക്കുറിച്ചു പറയുന്നുണ്ട്. പക്ഷെ അത്തരം സംസ്‌കാരങ്ങളൊന്നും സ്വതന്ത്രകേരളത്തിലുണ്ടായ പാഠപുസ്തകങ്ങളില്‍ കടന്നുകൂടിയില്ല. അക്കാലത്തെ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ആശാരി, കൊല്ലന്‍, തട്ടാന്‍, തെങ്ങുകയറ്റക്കാരന്‍, കച്ചവടക്കാരായ മാപ്പിളമാര്‍, കൃഷിക്കാരായ ക്രിസ്ത്യാനികള്‍, മലബാറിലേക്കു കുടിയേറിയ തിരുവിതാംകൂറുകാര്‍, വയനാട്, ഇടുക്കി തുടങ്ങിയ മലയോരപ്രദേശത്തെ ആളുകള്‍ ഇവരെയൊന്നും കാണാന്‍ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ തൊണ്ണൂറുശതമാനം വരുന്ന ആളുകളുടെ ജീവിതം മലയാള സാഹിത്യം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിലുണ്ടായിരുന്നില്ല.


ഈ പാഠപുസ്തകങ്ങള്‍ പഠിച്ചുവന്നവര്‍ സാഹിത്യമെഴുത്ത് തുടങ്ങിയപ്പോള്‍ അവരും എഴുതിയത് വരേണ്യജീവിതത്തെക്കുറിച്ചു മാത്രമായിരുന്നു. അല്ലാത്തവരുടെ ജീവിതം പറയുമ്പോള്‍ അതു പാവപ്പെട്ടവന്‍ എന്ന പൊതു കാറ്റഗറിയില്‍പെടുത്തി സഹതാപമുണ്ടാക്കാനാണു ശ്രമിച്ചത്. ഈ പാവപ്പെട്ടവര്‍ക്കെന്നാ ഒരു ആഹ്ലാദാനുഭവങ്ങളും ഉണ്ടായിരുന്നില്ലേ? വിഷു പോലെ തന്നെ അനുഭവങ്ങളുള്ളതല്ലേ ഈസ്റ്ററും പെസഹായും? നെല്‍കൃഷി പോലെത്തന്നെ കൃഷിയല്ലേ ചേമ്പും ചേനയും കപ്പയും കശുമാവുമൊക്കെ? ഇരുപത്തൊന്നാം നൂറ്റാണ്ടിലും അത്തരം വരേണ്യമായ എഴുത്തുതന്നെയാണു വമ്പന്‍ എന്നു വിശ്വസിക്കുന്നവരാണു നമ്മുടെ വായനക്കാരില്‍ ഭൂരിഭാഗവും.

 

'കരിക്കോട്ടക്കരി' എന്ന നോവല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സ്വത്വപ്രതിസന്ധി ശക്തമായി വിവരിക്കുന്ന കൃതിയാണ്. എഴുത്തുകാരന്റെ ജനാധിപത്യബോധം എത്രത്തോളമുണ്ടെന്ന് അടിവരയിടുന്ന രചനയാണിത്. അപരവത്ക്കരണം, പ്രാന്തവത്ക്കരണം തുടങ്ങിയവയ്‌ക്കെതിരേയുള്ള നിരന്തരമായ ഇടപെടലുകള്‍ കേരള ചരിത്രത്തില്‍ കാണാം. സ്ത്രീ ശാക്തീകരണം, ദലിത് മുന്നേറ്റം, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങള്‍, ഫാസിസത്തിനെതിരായ പ്രതിരോധങ്ങള്‍ തുടങ്ങിയ തലങ്ങളിലൂടെയുള്ള ഒരു നവോഥാന പ്രക്രിയയിലൂടെയാണു നാട് ഇന്നു കടന്നുപോകുന്നത്. ഇത്തരമൊരു പ്രക്രിയയില്‍ എഴുത്തുകാരന്റെ പങ്കിനെക്കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്?
ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക നേതാക്കന്മാര്‍ക്കാണു കൂടുതല്‍ ചെയ്യാനുള്ളത്. പുതിയ കാലത്തെ സാമൂഹികജീവിതത്തില്‍നിന്നു സാഹിത്യസൃഷ്ടികളുണ്ടാക്കാനുള്ള വിഷയങ്ങള്‍ കണ്ടെത്താം എന്നൊരു ആനുകൂല്യം എഴുത്തുകാരനു ലഭിക്കുമെന്നല്ലാതെ എഴുത്തുകൊണ്ടുള്ള ഇടപെടല്‍ വലിയതോതില്‍ നടക്കുമെന്ന് എനിക്കു തോന്നുന്നില്ല. ബോധപൂര്‍വം നവോഥാനത്തിനുവേണ്ടി എഴുതേണ്ടതില്ല. ഏതെങ്കിലുമൊരു ആശയപ്രചാരണത്തിനുവേണ്ടി എഴുതുന്നതിനപ്പുറമുള്ള സ്വാതന്ത്ര്യമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സാമൂഹികമാറ്റത്തിനുള്ള പോംവഴികള്‍ നിര്‍ദേശിക്കേണ്ടത് ഫിക്ഷനെഴുത്തിലൂടെയല്ലല്ലോ. 'കരിക്കോട്ടക്കരി'യുടെ ചില ഭാഗങ്ങളില്‍ അത്തരത്തിലുള്ള ഒരു പിഴവ് എനിക്കു വന്നിട്ടുണ്ട്.

 

സോഷ്യല്‍ മീഡിയയില്‍ അത്രകണ്ടു സജീവമല്ലാത്തയാളാണ് വിനോയ്. സ്വന്തം കൃതികളുടെ പ്രമോഷന്‍ ഉള്‍പ്പെടെ വായനക്കാരുടെ പ്രതികരണങ്ങള്‍ മനസിലാക്കാനും ആനുകാലിക വിഷയങ്ങളില്‍ പ്രതികരിക്കാനും നല്ലൊരു പ്ലാറ്റ്‌ഫോം ആയിട്ടാണ് ഇന്ന് ഇത്തരം മീഡിയ ഉപയോഗിക്കപ്പെടുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി പെയ്ഡ് പ്രമോഷന്‍ നടത്താന്‍ താല്‍പര്യമുണ്ടോ എന്ന രീതിയില്‍ പലരും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ താല്‍പര്യമില്ല എന്നു പറഞ്ഞുമാറി. രണ്ടായിരത്തിപ്പത്തുതൊട്ടുള്ള കുറച്ചു വര്‍ഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി നിന്ന ഒരാളാണ് ഞാന്‍. അന്നു പുതിയ സാങ്കേതികവിദ്യയോടുള്ള ഒരു കൗതുകംകൊണ്ടായിരുന്നു അത്. പിന്നീട് ആ കൗതുകം നഷ്ടപ്പെട്ടു.


വായനക്കാരുടെ പ്രതികരണം മനസിലാക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ടെന്നതു വസ്തുതയാണ്. പക്ഷെ വായിക്കാതെ പ്രതികരിക്കുന്ന കുറേയാളുകളെങ്കിലുമുണ്ട്. അവര്‍ ഗംഭീരം, ഉഗ്രന്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്.

കഥകളും നോവലുകളും സിനിമയും സീരിയലും നാടകങ്ങളുമൊക്കെയാക്കുന്ന രീതി പണ്ടുമുതലേയുണ്ട്. എഴുത്തുകാരന്റെ അറിവോടെ ദൃശ്യവല്‍ക്കരിക്കപ്പെടുന്ന ചില കൃതികള്‍ ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചിലപ്പോള്‍ അമ്പരപ്പിക്കുകയും ചെയ്യാറുണ്ട്. അഡാപ്‌റ്റേഷന്‍ എന്ന പേരിലറിയപ്പെട്ടിരുന്നത് ഇപ്പോള്‍ versioning എന്ന ഓമനപ്പേരിലും അറിയപ്പെടുന്നുണ്ട് എന്ന് ബ്രിട്ടീഷ് അക്കാദമീഷ്യനായ ജോണ്‍ സതര്‍ലന്‍ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തമായ 'ഒലിവര്‍ ട്വിസ്റ്റ് ' പല രീതിയില്‍, തന്റെ അറിവോ സമ്മതമോ ഇല്ലാതെ വേദിയില്‍ അവതരിപ്പിക്കുന്നതുകണ്ടു രോഷാകുലനായ അദ്ദേഹത്തോട് സംഘാടകര്‍ ഒരുപക്ഷേ We are merely adapting you Mr. Dickens എന്നു പറഞ്ഞിട്ടുണ്ടാകാമെന്നും ജോണ്‍ പറഞ്ഞുവയ്ക്കുന്നു.


സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇത്തരം പ്രവണതകളെ, അറിഞ്ഞും അറിയാതെയും കൃതികള്‍ മാറ്റപ്പെടുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു?
എന്റെ ഒന്നുരണ്ടു കഥകള്‍ നാടകങ്ങളാക്കപ്പെട്ടിട്ടുണ്ട്. ചിലര് ചോദിച്ചും ചിലര്‍ ചോദിക്കാതെയുമാണത് ചെയ്തത്. നമ്മളെഴുതിയ ഒരു സാധനം വേറെ ആരുടെയോ പേരില്‍ അവതരിപ്പിക്കപ്പെടുന്നത് ശരിയായ രീതിയല്ലല്ലോ. ഒന്നു ചോദിക്കുക, പേരു പറയുക എന്നതൊക്കെ ഒരു മാന്യതയല്ലേ.
ഉണ്ണി ആറിന്റെ 'വാങ്ക് ' കഥയും കിത്താബ് നാടകവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിവാദത്തിനു മറ്റൊരു തലമാണുള്ളത്. അതു കുട്ടികളുടെ നാടകവുമായി ബന്ധപ്പെട്ടതാണ്. ശരിക്കും നമ്മുടെ കുട്ടികളെ ഭാഗ്യംകെട്ടവരെന്ന് ഞാന്‍ വിളിക്കും. അവര്‍ക്കു വായിക്കാന്‍ നല്ല മലയാള സാഹിത്യമില്ല, കളിക്കാന്‍ നല്ല നാടകങ്ങളില്ല, കാണാന്‍ നല്ല സിനിമകളില്ല. ഈ വിഭാഗങ്ങളിലൊക്കെ മലയാളം ദരിദ്രമാണ്. ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ അവിടെയുമിവിടെയുമൊക്കെ നടക്കുന്നുണ്ട് എന്നുമാത്രം.
കുട്ടികള്‍ക്കുവേണ്ടിയുള്ള കലാസാഹിത്യങ്ങള്‍ ഉണ്ടാകാത്തതിനു പ്രധാനകാരണം എല്ലാത്തിനെയും രാഷ്ട്രീയമായ ശരിതെറ്റുകളിലൂടെ മാത്രം വിലയിരുത്തുന്ന നമ്മുടെ ആസ്വാദനരീതിയാണ്. നമ്മുടെ ഭാവുകത്വം അങ്ങനെ ചിട്ടപ്പെടുത്തപ്പെട്ടുപോയി. വലിയ പ്രതിഭയും ഭാവനയുമുള്ളവര്‍ക്കേ കുട്ടികള്‍ക്കുവേണ്ടിയുള്ള കലയും സാഹിത്യവും ഉണ്ടാക്കാന്‍ കഴിയൂ. പരിധികളില്ലാത്ത സ്വാതന്ത്ര്യം അതിന് ആവശ്യമാണ്. യുക്തിചിന്തയുടെ ലോകത്ത് കെട്ടപ്പെട്ടുപോയ നമുക്ക് അതു സാധിക്കുന്നില്ല.

 

നാടന്‍ പ്രയോഗങ്ങള്‍, ലളിതമായ ഭാഷ, അതിസാഹിത്യത്തിന്റെ പ്രസരണമില്ലാതെ ഏതു സാധാരണക്കാരനും വായിച്ചുപോകാവുന്ന ആഖ്യാനങ്ങള്‍.. ഇതെല്ലാം താങ്കളുടെ കൃതിയെ ജനപ്രിയമാക്കിയിട്ടുണ്ടെന്നു പറഞ്ഞാല്‍?


സന്തോഷം. നമ്മള്‍ തുടങ്ങിയിടത്തേക്കു തന്നെ വരാം. മലയാളഭാഷ ജീവിക്കുന്ന ഭാഷയായി നിലനില്‍ക്കുന്നത് പറച്ചിലിലുള്ള അതിന്റെ വൈവിധ്യം കൊണ്ടാണ്. ആ പറച്ചിലെല്ലാം സാഹിത്യകൃതികളിലേക്കു കടന്നുവരണമെന്നാണ് എന്റെ ആഗ്രഹം. കേരളം എത്രമാത്രം വ്യത്യസ്തതകളുള്ള ഒരു ഭൂപ്രദേശമാണോ അതിനെക്കാള്‍ വ്യത്യസ്തതയുള്ളതായിരിക്കണം മലയാള സാഹിത്യം. നമ്മുടെ പാഠപുസ്തകങ്ങളില്‍ പൂര്‍ണാര്‍ഥത്തില്‍ അത് ഉണ്ടായില്ല എന്നു ഞാന്‍ സൂചിപ്പിച്ചല്ലോ.
എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാളം ബി.എയും എം.എയും പഠിക്കുന്ന കുട്ടികള്‍ ഒരു പേപ്പറായി സംസ്‌കൃതം പഠിക്കേണ്ടിവരുന്നു. എന്തിനാണത്? മലയാളം പഠിക്കുന്നവര്‍ കേരളത്തിലെ വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ സാഹിത്യമല്ലേ പഠിക്കേണ്ടത്? കേരളത്തില്‍ ആരാണ് സംസ്‌കൃതം സംസാരിക്കുന്നത്? സംസ്‌കൃത സാഹിത്യ വര്‍ണനകള്‍ പഠിക്കേണ്ടവര്‍ സംസ്‌കൃത കോഴ്‌സുകള്‍ പഠിക്കുന്നതല്ലേ നല്ലത്. സംസ്‌കൃത കൃതികളുടെ നല്ല മലയാള വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ പഠിക്കുക എന്നതല്ലേ മലയാളം കോഴ്‌സുകളില്‍ അവലംബിക്കേണ്ട പഠനരീതി?

പുതിയ പുസ്തകങ്ങള്‍?


ഒരു നോവലിന്റെ പണിയിലാണുള്ളത്. അതു പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago