റൈറ്റേഴ്‌സ് ബ്ലോക്ക്
ഷാഹുല്‍ ഹമീദ് കെ.ടി#
നഗരം വര്‍ഗീയലഹളയില്‍. അയാള്‍ ഫ്‌ളാറ്റില്‍, സെല്‍ഫോണിലെ പാശ്ചാത്യസംഗീതത്തില്‍. ജാലകത്തിലൂടെ, കടലിന്റെ വിദൂരദൃശ്യങ്ങളില്‍നിന്ന്, താഴെ ചിതറിയോടുന്ന ആള്‍ക്കൂട്ടങ്ങളിലൂടെയും കരിഞ്ഞ മണവുമായുയരുന്ന പുകപ്പടര്‍പ്പിലൂടെയും അയാളുടെ നോട്ടം അലസമായി നീങ്ങുമ്പോള്‍ പാശ്ചാത്യസംഗീതം നിലയ്ക്കുകയും ആ ശബ്ദം അയാളെ വിനയാന്വിതനാക്കുകയും ചെയ്തു.
''ഹലോ...''
''മേം. ഞാന്‍ നിരഞ്ജന്‍..'' അയാള്‍ പറഞ്ഞു.
''യാ... നീരൂ..! ഇത് പുതിയ നമ്പറാണോ..?''
''അതെ, തിരക്കിലാണോ?''
''എന്ത് തിരക്ക്. നിന്നെ കാണാന്‍ കിട്ടുന്നില്ലല്ലോ! കഴിഞ്ഞ രണ്ടുമാസത്തെ താജിലെ ഡിന്നറിനും ഞാന്‍ പ്രതീക്ഷിച്ചു. എല്ലാ റൈറ്റേഴ്‌സുമുണ്ടായിരുന്നു. പക്ഷേ നീരു മാത്രം! മുഴുവന്‍ സമയവും ഗാനരചനയില്‍ തന്നെയാണോ?''
''പണമുണ്ടാക്കാനുള്ള എളുപ്പവഴിയല്ലേ ഗാനങ്ങള്‍. ഞാന്‍ വിളിച്ചത്..''
''എങ്കിലും നീരൂ, കഴിഞ്ഞ വര്‍ഷം നീയെഴുതിയ കവിത, കനുസന്യാലിനെക്കുറിച്ച്, കസറി കെട്ടോ. പിന്നയൊന്നുമെഴുതിയില്ലേ..?''
''ഇല്ല. അതുപറയാന്‍ കൂടിയാണ് ഞാന്‍..''
താഴെ, നിലവിളിച്ചോടുന്ന സ്ത്രീയെയും കുട്ടികളെയും അക്രമികള്‍ പിന്തുടരുമ്പോള്‍ പൊലിസ് ജീപ്പ് എങ്ങോട്ടോ കുതിച്ചുപായുന്നു. അയാള്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ജാലകവിരി വലിച്ചിട്ടു.
''അതെ ഞാന്‍ വായിച്ചിരുന്നു മേം''
''അതിനുശേഷം രണ്ടുവര്‍ഷമാവുന്നു നീരൂ, ശക്തമായൊരു രചനയുമായി വായനക്കാരോടിടപെട്ടിട്ട്. നീയൊരുദിവസം എന്റെ ഫ്‌ളാറ്റിലേക്കു വാ. അദ്ദേഹമിപ്പോള്‍ കൊല്‍ക്കത്തയിലാ. ഒരു ദിവസം മുഴുവന്‍ സംസാരിച്ചിരുന്നാല്‍ നമ്മുടെ എഴുത്തിനൊരുണര്‍ വുണ്ടാവാതിരിക്കില്ല.''
''മേം ഞാന്‍ വരുന്നുണ്ട്. അതിനുതന്നെയാണ് ഞാന്‍ വിളിച്ചതും. വരുമ്പോള്‍ എനിക്ക് മേമിന്റെ 'സീസര്‍' എന്ന കവിത കൂടി തരണം. പട്ടികള്‍ മുഖ്യവിഷയമാകുന്ന കവിതകള്‍ സമാഹരിച്ചു പുസ്തകമിറക്കുകയാണ്. എഡിറ്റര്‍ ഞാന്‍ തന്നെ. ഒരു പുസ്തകമിറങ്ങിയിട്ട് വര്‍ഷം അഞ്ചായി. വായനക്കാരെന്നെ മറക്കാതിരിക്കാനുള്ള സൂത്രപ്പണി.''
''നീരൂ, ഒരു മിനിറ്റ് ''
ലാന്‍ഡ്‌ഫോണിന്റെ ശബ്ദം തുടരുന്നു. അവര്‍ നടന്നുനീങ്ങുന്ന കാലൊച്ചകളും വാതില്‍ തുറക്കുന്ന ഞരക്കവും അവരുടെ സംസാരവും കേള്‍ക്കാം: ''മിസ്റ്റര്‍ ഗുപ്താ, താങ്കളുടെ രചന വളരെ ദുര്‍ബലമാണ്. മറ്റു കഥകളൊന്നും എനിക്കു വായിക്കാന്‍ സമയം കിട്ടിയില്ല. എല്ലാം കൂട്ടിവച്ച് പ്രസ്സിലേക്കു കൊടുത്തുകഴിഞ്ഞു. അറിയാം, അക്കാദമിയില്‍ എനിക്കു വേണ്ടി താങ്കള്‍ വളരെയധികം സഹായങ്ങള്‍ ചെയ്തുതന്നിട്ടുണ്ട്. അതുകൊണ്ട് താങ്കളുടെ കഥ ഉള്‍പ്പെടുത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കാം... ഇല്ല. കവര്‍ പേജില്‍ എഡിറ്ററായ എന്റെ പേരുമാത്രമേയുള്ളൂ. അകത്തെ പേജില്‍.. ഓ.കെ ബൈ...''
''സോറി നീരൂ. നമ്മളെവിടെയാണ് പറഞ്ഞുനിര്‍ത്തിയത്?''
''സീസര്‍ എന്ന കവിത...'' തെരുവില്‍നിന്നു പട്ടിയുടെ മോങ്ങലും എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവുമുയര്‍ന്നു.
''ഹോ.. അവിടെ ലഹള കത്തിപ്പടരുകയാണോ? ഇവിടെയിന്ന് ശാന്തമാണ് നീരൂ. സീസര്‍ എന്റെ പെറ്റ്‌ഡോഗായിരുന്നു. മൂന്നുവര്‍ഷംമുന്‍പ് ഒരു വിന്ററിനാണ് അവന്റെ മരണം! നീയാ കവിത ഓര്‍ത്തതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. നീരൂ നീയെന്നാണു വരിക. മുന്‍കൂട്ടി വിളിച്ചുപറയണം.''
''ഓക്കെ മേം.. ഞാന്‍ വിളിക്കാം..''
''നീരൂ.. ഒരു പ്രധാന കാര്യംകൂടി. ഞാനും നിന്നെപ്പോലൊരു ഗിമ്മിക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. എഡിറ്ററുടെ റോള്‍ തന്നെ. കുട്ടികള്‍ പ്രമേയമാവുന്ന കഥകളുടെ പുസ്തകം. പ്രമുഖരുടെ കഥകളെല്ലാം പ്രസാധകര്‍ ഒപ്പിച്ചെടുത്തു തന്നു. നീയൊരു കഥ വേഗം തട്ടിക്കൂട്ടുകയാണെങ്കില്‍ നിന്നെക്കൂടി ഞാനതില്‍ തിരുകിക്കയറ്റാം. പക്ഷേ, നീയെനിക്കൊരു ഗിഫ്റ്റ് തരണം. നീ വരുമ്പോള്‍.. നിനക്കറിയാല്ലോ..? ''
''അറിയാം.. എനിക്കറിയാം. ഓക്കെ മേം..''
കോള്‍ ഡിസ്‌കണക്ട് ചെയ്ത്, അയാള്‍ ഫ്രിഡ്ജില്‍നിന്നു തണുത്ത വെള്ളമെടുത്തു കുടിക്കുന്നതിനിടയില്‍ വാതില്‍ക്കലെന്തോ ശബ്ദം കേട്ടു. വാതിലിനടുത്തേക്കു നടന്ന്, തുറന്നപ്പോള്‍ ഒരു കുട്ടി ഉരുകിയ കുപ്പായവും അഴിഞ്ഞുവീണ നിക്കറും കരിഞ്ഞ മുടിയും മുഖത്തെ ചോരപ്പാടുമായി വാതില്‍ക്കല്‍ നില്‍ക്കുന്നു. അയാള്‍ വാതില്‍ ശക്തിയോടെയടച്ച് സെല്‍ഫോണിലെ ബട്ടണുകളമര്‍ത്തി.
''സെക്യൂരിറ്റി ഗാര്‍ഡെന്നും പറഞ്ഞ് തന്നെയെന്തിനാടോ അവിടെ നിര്‍ത്തിയിരിക്കുന്നത്. ഒരു തെണ്ടിച്ചെക്കന്‍ അഞ്ചാംനിലയിലാണ് എത്തിയിരിക്കുന്നത്. പിടിച്ചുകൊണ്ടുപോടോ അതിനെ.''
അയാള്‍ സെല്‍ഫോണ്‍ ബെഡിലേക്കെറിഞ്ഞ് ലാപ്‌ടോപ്പിനു മുന്‍പിലിരുന്നു. കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളാവുന്ന സിനിമകള്‍ക്കായി നെറ്റില്‍ പരതിത്തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."