പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂനിറ്റ് പട്ടര്‍നടക്കാവില്‍നിന്ന് മാറ്റുന്നു
തിരുന്നാവായ: പട്ടര്‍നടക്കാവ് ചന്തപ്പറമ്പില്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക് ഷ്രഡ്ഡിങ് യൂനിറ്റ് ജനങ്ങളുടെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ സ്ഥലംമാറ്റി സ്ഥാപിക്കും.
ഭരണകക്ഷികളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് പട്ടര്‍നടക്കാവില്‍ നിന്നും ഷ്രഡ്ഡിങ് യൂനിറ്റ് മാറ്റുന്നത്. പട്ടര്‍നടക്കാവില്‍ അനന്താവൂര്‍ സാംസ്‌കാരിക കൂട്ടായ്മ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫൈസല്‍ എടശ്ശേരിയാണ് യൂനിറ്റിന്റെ പ്രവര്‍ത്തനം പട്ടര്‍നടക്കാവില്‍ നിന്നും മാറ്റുന്ന കാര്യം അറിയിച്ചത്. ജനസാന്ദ്രതയുള്ള പട്ടര്‍നടക്കാവില്‍ സ്ഥാപനം വന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും വിവിധ പഞ്ചായത്തുകളില്‍ നിന്നും യൂനിറ്റിലേക്കു വരുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കുണ്ടാക്കുമെന്നും വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം പ്ലാസ്റ്റിക്ക് കവറുകള്‍ ഉരുക്കുക പോലും ചെയ്യാതെ യന്ത്ര സഹായത്തോടെ അമര്‍ത്തി കട്ടയാക്കി വിടുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നതെന്നും ഇതുമൂലം യാതൊരു മലിനീകരണ, ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നും പ്രസിഡണ്ട് യോഗത്തെഅറിയിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മാറ്റാമെന്നാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഒരിക്കല്‍ കൂടി വിളിച്ചു കൂട്ടാനും ബ്ലോക്ക് പഞ്ചായത്തിന് അപേക്ഷ നല്‍കാനും തീരുമാനിച്ചു. ആസ്‌ക് ചെയര്‍മാന്‍ ടി.കെ അലവിക്കുട്ടി അധ്യക്ഷനായി. കെ.എ. ഹമീദ്, പി.പി.കോയ ഹാജി, കായക്കല്‍ അലി, പഞ്ചായത്തംഗങ്ങളായ പി, നാസര്‍, കെ.എം ഗഫൂര്‍, പ്രഭാകരന്‍, എം. സക്കീര്‍, കോട്ടയില്‍ അലവി, പി. ഇബ്രാഹിം, സി.വി ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."