ഏനാമാക്കല്‍ തെക്കേ കോഞ്ചിറ പടവില്‍ കൊയ്ത്ത് മന്ദഗതിയില്‍; കര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: ഏനാമാക്കല്‍ തെക്കേ കോഞ്ചിറ കോള്‍ പടവില്‍ കൊയ്ത്ത് ഇഴഞ്ഞു നീങ്ങുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. നാല് യന്ത്രങ്ങള്‍ മൂന്നു ദിവസം കൊണ്ട് കൊയ്തത് വെറും 25 ഏക്കര്‍ നിലം മാത്രമാണ്. ജനുവരി 31 നാണ് പടവില്‍ കൊയ്ത്ത് ആരംഭിച്ചത്. മൂന്ന് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍നിന്നും ഒരു യന്ത്രം പാലക്കാട്ടുനിന്നുമാണ് പടവിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതും യന്ത്രം തകരാറിലാകുന്നതുമാണ് കൊയ്ത്ത് ഇഴഞ്ഞു നീങ്ങാന്‍ കാരണം.
ഒരു കൊയ്ത്തുയന്ത്രത്തിന് അഞ്ച് തൊഴിലാളികളെങ്കിലും വേണം. യന്ത്രത്തില്‍ കൊയ്തെടുത്ത് നിറച്ചു കൊണ്ടുവരുന്ന നെല്ല് ചാക്കിലാക്കാനും ശേഷം ചാക്കു തുന്നിക്കെട്ടി അട്ടിയിടുന്നതിനും അഞ്ചു പേര് വേണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളില്ലാത്തതിനാല്‍ പടവില്‍ മണിക്കൂറുകളോളം കൊയ്ത്ത് നിര്‍ത്തിവച്ചു. ഇതു മൂലം രണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു യന്ത്രം മണിക്കൂറുകളോളം പടവില്‍ കേടായി കിടന്നു. കരാറുകാരന്റെയും പടവ് കമ്മിറ്റിയുടെയും അനാസ്ഥയാണ് പ്രശ്നത്തിനു കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കരാറുകാരനും പടവു കമ്മിറ്റിക്കാരും ഒത്തുകളിച്ച് ചുരുങ്ങിയ നിരക്കില്‍ ക്വട്ടേഷന്‍ വച്ച് പഴകിയ യന്ത്രങ്ങളാണ് പടവിലേക്കെത്തിച്ചതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
200 ഏക്കറോളമാണ് പടവില്‍ ആകെ കൊയ്യാനുള്ളത്. യന്ത്രമുപയോഗിച്ച് ഒരു മണിക്കൂര്‍ കൊയ്യുന്നതിന് മറ്റു പടവുകളില്‍ 2,500 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഒന്നര മണിക്കൂറിന് 3,000 രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്. കര്‍ഷകരുടെ ആരോപണം ശരിയാണെന്ന നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.
കൊയ്ത്തിന് കൂലിക്കു പകരം വൈക്കോലാണ് കര്‍ഷകരില്‍നിന്നു വാങ്ങുന്നത്. വൈക്കോല്‍ നീളത്തില്‍ ലഭിക്കുന്നതിനായി കരാറുകാരന് താഴ്ത്തികൊയ്യുന്നതിനാല് ധാരാളം നെല്ല് നഷ്ടപ്പെടുമെന്നും കര്‍ഷകര്‍ ആരോപിച്ചു. കൊയ്ത്ത് ഇഴഞ്ഞു നീങ്ങുന്നതിടെ മഴ പെയ്യുമെന്ന ആശങ്കയും കര്‍ഷകനെ വലയ്ക്കുന്നുണ്ട്. മഴ പെയ്താല്‍ നെല്ല് മുഴുവന്‍ നശിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കരാറുകാരനും പടവ് കമ്മിറ്റിക്കാരും അനാസ്ഥ വെടിഞ്ഞ് തകരാറിലായ യന്ത്രത്തിന്റെ കേടുപാടുകള്‍ ഉടന്‍ തീര്‍ക്കണമെന്നും ആവശ്യത്തിന് തൊഴിലാളികളെ പടവിലേക്കെത്തിച്ച് കൊയ്ത്ത് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."