കാലവര്‍ഷം കനത്തു രണ്ട് മരണം ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും
നിരവധി വീടുകള്‍ തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു
അടിമാലി: ഹൈറേഞ്ച് മേഖലയില്‍ കാലവര്‍ഷം കനത്തതോടെ വന്‍ നാശനഷ്ടം. വാഴത്തോപ്പ് കൊക്കരക്കുളം ഭാഗത്ത് മണ്ണിടിഞ്ഞ് വീണ് ഞാറ്റുവീട്ടില്‍ ജോസഫ് (വിജയന്‍ -66) മരിച്ചു.
കൂടാതെ മീന്‍ പിടിക്കാനിറങ്ങിയ കര്‍ഷകന്‍ മുങ്ങി മരിച്ചു. പന്നിയാര്‍കുട്ടി കുത്തുകല്ലേല്‍ മാത്യു(60) ആണ് ഇന്നലെ പുലര്‍ച്ചെ പന്നിയാര്‍കുട്ടി പാലത്തിനു സമീപം മുങ്ങി മരിച്ചത്. അടിമാലി കൂമ്പന്‍പാറ കോട്ടയ്ക്കകത്ത് സെബാസ്റ്റിയന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ കെട്ട് ഇടിഞ്ഞതിനെ തുടന്നാണ് അപകടാവസ്ഥയിലായത്.
ദേശീയപാതയില്‍ അടിമാലി ടൗണില്‍ ജയന്‍ ഓട്ടോമൊബൈല്‍സിന്റെ പിന്‍ഭാഗത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് വര്‍ക് ഷോപ്പ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വര്‍ക് ഷോപ്പ് ഉപകരണങ്ങള്‍ അടക്കമുള്ളവ മണ്ണിനടിയിലായി. കല്ലാര്‍ കുരിശുപാറയില്‍ കുളപ്പുകല്ലേല്‍ പത്മനാഭന്റെ വീടിന്റെ മുന്‍ഭാഗത്തെ മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായി. ഇരുമ്പുപാലം, കല്ലാര്‍കുട്ടി മേഖലകളിലും വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കുരിശുപാറ കോട്ടപ്പാറ ഭാഗങ്ങളില്‍ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.മാങ്കുളം മേഖലയില്‍ സിങ്കുകിടി ആദിവാസി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നത് പുനര്‍സ്ഥാപിക്കാനായില്ല. ആറാംമൈല്‍ വില്ലന്താനം അപ്പച്ചന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. അമ്പതാംമൈല്‍ തകരപ്പറമ്പില്‍ കുമാരി ശശി, രാജേശ്വരി ഇല്ലം സന്ധ്യാ രാമന്‍ എന്നിവരുടെ വീടുകളും അപകടാവസ്ഥയിലാണ്. ജോസ് മുടിയത്തുകുഴി, കറുകപ്പിള്ളില്‍ ശശി എന്നിവരുടെ കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്. മേഖലയില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവിന്റെ നേതൃത്വത്തില്‍ കൃഷി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
കീരിത്തോട്ടില്‍ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു. സംസ്ഥാന പാതയില്‍ 5 മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്.
മഴയോടൊപ്പം ശക്തമായ കാറ്റുവീശിയതിനെ തുടര്‍ന്ന് പതിനാറാംകണ്ടം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് ഓട്ടോറിക്ഷയ്ക്ക മുകളില്‍ വീണ് ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.
ഹെല്‍ത്ത് സെന്ററിലേക്ക് രോഗികളുമായി വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്കാണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണത്. വാഹനത്തിലുണ്ടായിരുന്ന രണ്ടു രോഗികളും ഡ്രൈവറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. നേര്യമംഗലം കട്ടപ്പന റോഡില്‍ വെള്ളക്കയം ഭാഗത്ത് നേരിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മഴയില്‍ തോടുകളും പുഴകളും നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പെരിയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് തടിയമ്പാട് ചപ്പാത്ത് കരകവിഞ്ഞ് ഒഴുകി. പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നിരെഴുക്ക് വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."