കാലിക്കറ്റിന് വിജയത്തുടക്കം
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: ഗാലറിയുടെ ആവേശം കരുത്താക്കി കളത്തിലിറങ്ങിയ കാലിക്കറ്റ് ഹീറോസിന് പ്രോ വോളിബോള്‍ ലീഗില്‍ വിജയത്തുടക്കം. കരുത്തുറ്റ പോരാട്ടം പ്രതീക്ഷിച്ച മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് ഹീറോസ് തകര്‍ത്തത്. സ്‌കോര്‍: 15-8, 15-8, 15-13, 15-11, 15-11. ആദ്യ രണ്ടു സെറ്റുകള്‍ നേടിയ ഹീറോസിനെ മൂന്നാം സെറ്റില്‍ ചെന്നൈ പിടിച്ചുനിര്‍ത്തിയെങ്കിലും വിജയം തടയാനായില്ല. നാലാം സെറ്റും അഞ്ചാം സെറ്റും സ്വന്തമാക്കിയ കോഴിക്കോടന്‍ ടീം വിജയം ആധികാരികമാക്കി. സ്‌കോര്‍ സൂചിപ്പിക്കും പോലെ അവസാന മൂന്നു സെറ്റുകളില്‍ ആവേശപ്പോരാണ് കണ്ടത്. കാലിക്കറ്റിന്റെ സി. അജിത്ത് ലാലാണ് കളിയിലെ താരം.
മിന്നുന്ന പ്രകടനത്തോടെയായിരുന്നു കാലിക്കറ്റ് തുടങ്ങിയത്. ആദ്യ സെറ്റില്‍ ലീഡ് നേടി തുടങ്ങിയ ഹീറോസിനെ തുടക്കത്തില്‍ ഒരു തരത്തിലും പ്രതിരോധിക്കാന്‍ ചെന്നൈക്കായില്ല. സ്മാഷുകളിലൂടെയും കരുത്തുറ്റ സെര്‍വുകളിലൂടെയും കളം നിറഞ്ഞ ഹീറോസ് 13-ാം പോയിന്റിലെത്തുമ്പോള്‍ രണ്ടു പോയിന്റ് മാത്രമായിരുന്നു സ്പാര്‍ട്ടന്‍സിന്റെ അക്കൗണ്ടില്‍. പിന്നീട് തുടര്‍ച്ചയായി ആറു പോയിന്റുകള്‍ നേടിയെങ്കിലും 29 മിനുട്ടില്‍ കാലിക്കറ്റ് 15-8ന് ആദ്യ സെറ്റ് സ്വന്തമാക്കി. സമാനമായിരുന്നു രണ്ടാം സെറ്റും. ആദ്യ സെറ്റിന്റെ തനിയാവര്‍ത്തനം പോലെ 15-8ന് രണ്ടാം സെറ്റ് നേടാന്‍ കാലിക്കറ്റിന് ആകെ വേണ്ടി വന്നത് 18 മിനുട്ട് മാത്രം. ചെന്നൈയുടെ തിരിച്ചുവരവിനാണ് മൂന്നാം സെറ്റ് സാക്ഷ്യം വഹിച്ചത്. ആദ്യമായി ലീഡെടുത്ത സ്പാര്‍ട്ടന്‍സ് തുടര്‍ച്ചയായി പോയിന്റുകള്‍ നേടി. 6-7ന് മുന്നില്‍ നില്‍ക്കെ സൂപ്പര്‍ പോയിന്റിന് ശ്രമിച്ചെങ്കിലും സെര്‍വ് ബ്രേക്ക് ചെയ്ത് ഹീറോസ് 8-7ന് മുന്നിലെത്തി. മൂന്നാം സെറ്റില്‍ കാലിക്കറ്റിന്റെ ആദ്യ ലീഡിന് അധികം ആയുസുണ്ടായില്ല. തുടരെ രണ്ടു പോയിന്റുകള്‍ നേടി കളി പിടിച്ച ചെന്നൈ അതിവേഗം മുന്നേറി. 12-14ല്‍ നില്‍ക്കെ ഒരു പോയിന്റ് നഷ്ടമാക്കിയെങ്കിലും 13-15ന് സെറ്റ് വിജയിച്ച് മത്സരത്തിന്റെ ആവേശം കൂട്ടി. അഖിന്റെ പ്രകടനമായിരുന്നു മൂന്നാം സെറ്റില്‍ നിര്‍ണായകമായത്. ഒരു സെറ്റ് നഷ്ടമായതോടെ അപകടം മണത്ത ഹീറോസ് നാലാം സെറ്റില്‍ ജാഗ്രതയോടെ കളിച്ചു. പിഴവുകള്‍ തിരുത്തി ലീഡോടെ തുടങ്ങി. അനായാസം സെറ്റ് നേടുമെന്ന് തോന്നിച്ചെങ്കിലും ചെന്നൈ വിട്ടില്ല. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി മത്സരം കനപ്പിച്ചു. ഗാലറിയുടെ ആവേശം കരുത്താക്കി കളിച്ച ഹീറോസ് അജിത്‌ലാലിന്റെ മികവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ 15-11ന് സെറ്റ് പിടിച്ചു.
ആവേശകരമായിരുന്നു അവസാന സെറ്റ്. കളി തോറ്റെങ്കിലും തളരാതെ കളിച്ച ചെന്നൈ അതിവേഗം പോയിന്റുകള്‍ നേടി സെറ്റ് പിടിക്കുമെന്ന് തോന്നിച്ചു. 5-7ന് മുന്നില്‍ നില്‍ക്കെ ചെന്നൈ സൂപ്പര്‍ പോയിന്റ് വിളിച്ച് നഷ്ടമാക്കിയതോടെ കാലിക്കറ്റ് 7-7ന് ഒപ്പം പിടിച്ചു. അജിത്‌ലാല്‍ സെര്‍വ് നഷ്ടമാക്കിയതോടെ ലീഡ് നേടാനുള്ള ഹീറോസിന്റെ ശ്രമം പാളി. ചെന്നൈ ലീഡ് തിരിച്ചു പിടിച്ചു. പിന്നാലെ ഒപ്പമെത്തിയ കാലിക്കറ്റ് തുടരെ രണ്ടു പോയിന്റുകള്‍ക്കൊപ്പം സൂപ്പര്‍ പോയിന്റും നേടി ലീഡ് നാലു പോയിന്റാക്കി ഉയര്‍ത്തി. സ്പാര്‍ട്ടന്‍സ് ആവത് ശ്രമിച്ചെങ്കിലും 15-11ന് കാലിക്കറ്റ് അഞ്ചാം സെറ്റും അക്കൗണ്ടിലാക്കി വിജയ മധുരം ഇരട്ടിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."