യു.എസില്‍ അറസ്റ്റിലായ മുഴുവന്‍ വിദ്യാര്‍ഥികളുമായും ഇന്ന് ബന്ധപ്പെടുമെന്ന് ഇന്ത്യ
വാഷിങ്ടണ്‍: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 129 വിദ്യാര്‍ഥികളുമായി വിദേശകാര്യ മന്ത്രാലയം ഇന്ന് ബന്ധപ്പെടുമെന്ന് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിഗ്ല. വിദ്യാര്‍ഥികള്‍ അറസ്റ്റിലായ റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ ഇവരുമായി കൂടിക്കാഴ്ചക്ക് ഇന്ത്യന്‍ എംബസി ശ്രമം ആരംഭിച്ചിരുന്നു.
തടങ്കലിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും കാണും. വ്യത്യസ്ത തടങ്കല്‍ കേന്ദ്രങ്ങളിലുള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടിയിരിക്കുന്നു. തിങ്കളാഴ്ച മുഴുവന്‍ വിദ്യാര്‍ഥികളുമായും ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രിഗ്ല പറഞ്ഞു.
129 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 130 പേരെയാണ് വ്യാജ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയതിന് യു.എസ് അറസ്റ്റ് ചെയ്തത്. തടങ്കലിലുള്ള 30 ഇന്ത്യന്‍ വിദ്യര്‍ഥികളുമായി ഇന്ത്യന്‍ കോണ്‍സുലര്‍ ഓഫിസര്‍മാര്‍ ബന്ധപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നിയമോപദേശങ്ങള്‍ ലഭിക്കാനായി വിദ്യാര്‍ഥികള്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ടെന്ന് ശ്രിഗ്ല പറഞ്ഞു. യു.എസിലെ അഞ്ചോളം കോണ്‍സുലേറ്റില്‍ നിന്നുള്ള നോഡല്‍ ഓഫിസര്‍മാരുമായി അവര്‍ക്ക് ഏത് സാഹചര്യത്തിലും ബന്ധപ്പെടാം. ഉയര്‍ന്ന പരിഗണനയോടെ വിദ്യാര്‍ഥികള്‍ക്ക് സഹായകരമാവുന്ന രീതിയില്‍ വിഷയം കൈകാര്യം ചെയ്യണമെന്ന് വിദേശകാര്യ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതമായി കൂടിയേറിയവരെ കുടുക്കാനായുള്ള പദ്ധതിയിലൂടെയാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഫാമിങ്ടണ്‍ ഹില്‍സിലെ യൂനിവേഴ്‌സിറ്റി തയാറാകുകയായിരുന്നു. സ്റ്റുഡന്റ് വിസക്കായി ഈ യൂനിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്തവരാണ് പിടിയിലായത്. സ്റ്റുഡന്റ് വിസ നിലനിര്‍ത്താനായി വ്യാജ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ബോധപൂര്‍വം ചേരുകയായിരുന്നുവെന്നാണ് യു.എസ് അധികൃതരുടെ വാദം.
എന്നാല്‍ യൂനിവേഴ്‌സിറ്റി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിടിയിലായവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അറ്റ്‌ലാന്റയിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി രവി മണ്ണം അവകാശപ്പെടുന്നത്. ഇന്ത്യന്‍ യുവാക്കളെ സങ്കീര്‍ണമായ നിയമനടപടികള്‍ ഉപയോഗിച്ച് അധികൃതര്‍ കുടുക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ ആശയവിനിമയ സംവിധാനം ഇന്നലെ തുറന്നിരുന്നു. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ക്കായാണ് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം 24 മണിക്കൂര്‍ സേവനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."