മമതയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും ഡി.എം.കെയും
ന്യൂഡല്‍ഹി/ചെന്നൈ: സി.ബി.ഐക്കെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണയുമായി മുസ്ലിം ലീഗും ഡി.എം.കെയും രംഗത്തെത്തി.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കുറ്റാന്വേഷണ ഏജന്‍സികളെയും ബി.ജെ.പി തകര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തി അവരെ രാഷ്ട്രീയമായി തളര്‍ത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കാന്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന ധര്‍ണക്ക് മുസ്ലിം ലീഗ് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സി.ബി.ഐക്കെതിരേ ബംഗാള്‍ മുഖ്യമന്ത്രി പ്രതിഷേധിച്ചത് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ സ്വതന്ത്ര സ്ഥാപനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനും ജനാധിപത്യത്തിനും വിരുദ്ധമായിട്ടാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും സ്റ്റാലിന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."