ബി.ജെ.പി പയറ്റുന്നത് മമതയെ ഒതുക്കി ബംഗാള്‍ പിടിക്കാനുള്ള തന്ത്രം
ന്യൂഡല്‍ഹി: മമതയെ ഒതുക്കി, തൃണമൂല്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ പയറ്റുന്നു. യു.പിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം ഉണ്ടാക്കിയെടുത്ത സ്വാധീനം തൃണമൂല്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയാല്‍ ബംഗാളിലും ഉണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലാണ് ബംഗാളിനു മുകളില്‍ ബി.ജെ.പി ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനും (80), മഹാരാഷ്ട്രക്കും (48) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബംഗാള്‍. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. മമതയ്ക്ക് പാര്‍ട്ടിയില്‍ തുല്യരില്ലാത്തതിനാല്‍ അവരെ രാഷ്ട്രീയമായി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം എളുപ്പമാണ്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളായ സി.പി.എമ്മും കോണ്‍ഗ്രസും തകര്‍ന്നു കിടക്കുകയാണവിടെ. ബംഗാളിന്റെ ഭരണകേന്ദ്രങ്ങളിലെല്ലാമുള്ളത് ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ മേല്‍ജാതി ഹിന്ദുക്കളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് ഇവര്‍ക്ക് വിയോജിപ്പുകളില്ല. ദേശീയ പൗരത്വ ബില്‍ പോലുള്ളവ കൊണ്ട് അവരെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ 40 ശതമാനമായിരുന്നു തൃണമൂലിന്റെ വോട്ട് ബാങ്ക്. ബി.ജെ.പിയുടേത് 17 ശതമാനവും. ഈ വോട്ടുബാങ്ക് പിടിച്ചെടുക്കാനായാല്‍ ബംഗാള്‍ കീഴടക്കാനാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ബി.ജെ.പിയുടെ കൗശലമറിയുന്ന മമത, ബി.ജെ.പിയ്‌ക്കെതിരേ പ്രതിരോധനിര തീര്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന 23 രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗമാണ് ഇതില്‍ അവസാനത്തേത്. പരമ്പരാഗതമായി ഇടത് ആഭിമുഖ്യമുള്ള സംസ്ഥാനമാണ് ബംഗാള്‍.
2017 ഏപ്രിലില്‍ അമിത്ഷാ തന്റെ ദേശീയ യാത്രക്ക് തുടക്കമിടാന്‍ ബംഗാളിലെ നക്‌സല്‍ബാരി തിരഞ്ഞെടുത്തത് ഇടതുപക്ഷ- തീവ്രഇടതുപക്ഷ ആശയമുള്ള മേഖലകളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ശൃംഖല രൂപപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലുമായി ഇടതുസ്വഭാവത്തിലുള്ള ഭൂസമരങ്ങളിലൂടെയാണ് മമതയും അധികാരത്തിലെത്തിയത്. മമതയെയും ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായി ബി.ജെ.പി കാണുന്നു.
മോദി തരംഗമുണ്ടായ 2014 പൊതു തെരഞ്ഞെടുപ്പില്‍ 42ല്‍ 34 സീറ്റുകളും മമത നേടിയത് സംസ്ഥാനത്ത് തൃണമൂലിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ബി.ജെ.പിക്ക് ലഭിച്ചത് രണ്ടു സീറ്റ്. അതിലൊന്നാകട്ടെ ജയിച്ചത് ഗൂര്‍ഖാ ജനമുക്തിമോര്‍ച്ചയുടെ പിന്തുണയോടെയും.
ബി.ജെ.പിയുടെ ബംഗാളിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനമായിരുന്നു 2014ലെത്. പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഈ 17 ശതമാനം വോട്ട് 10 ശതമാനമായി കുറഞ്ഞു. അന്ന് മുതല്‍ ബംഗാളില്‍ കടന്നു കയറാന്‍ ബി.ജെ.പി കഠിന ശ്രമത്തിലാണ്. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. 2017 ഏപ്രിലില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് 175 രാമനവമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആയുധം പ്രദര്‍ശിപ്പിച്ചുള്ള ആഘോഷങ്ങളായിരുന്നു തുടര്‍ച്ചയായി രണ്ടുവര്‍ഷം സംഘടിപ്പിച്ചത്.
അപകടം മണത്ത തൃണമൂല്‍ സ്വന്തമായി രാമനവമി റാലികള്‍ നടത്തി അതിനെ നേരിട്ടു. തുടര്‍ന്ന് രണ്ടു പാര്‍ട്ടികളും മത്സരിച്ച് ഹനുമാന്‍ ജയന്തിയും സംഘടിപ്പിച്ചു. ബംഗാളിന്റെ ചരിത്രത്തില്‍ നേരത്തെയില്ലാത്തതായിരുന്നു ഇതെല്ലാം. രാമനവമി ആഘോഷങ്ങളുടെ പിന്നാലെ 2017ല്‍ ഹൂഗ്ലി, 2018ല്‍ റാണി ഗഞ്ച്, അസാന്‍സോള്‍, പുരുലിയ എന്നിവിടങ്ങളില്‍ ബി.ജെ.പി വര്‍ഗീയ കലാപമുണ്ടാക്കി അതിലൂടെ സ്വാധീനം വളര്‍ത്താനായിരുന്നു ശ്രമിച്ചിരുന്നത്.
ഇതൊക്കെയാണെങ്കിലും ബംഗാളില്‍ ബി.ജെ.പി കരുതുന്നതുപോലെ എളുപ്പമല്ല കാര്യങ്ങള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞെങ്കിലും മമതാ ബാനര്‍ജിയുടെ ജനപ്രീതിയില്‍ ഇപ്പോഴും കുറവില്ല.
ഏതു സാഹചര്യത്തിലും 30 ശതമാനം വോട്ട് നിലനിര്‍ത്താന്‍ തൃണമൂലിന് കഴിയും. മുസ്‌ലിം പ്രദേശങ്ങള്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പമാണ്. ബി.ജെ.പിയുടെ വോട്ട് അടിത്തറ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. അതിനാല്‍ സി.ബി.ഐ പോലുള്ള സംവിധാനങ്ങളുപയോഗിച്ച് സംസ്ഥാനത്ത് കടന്നു കയറാനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."